ഐഫോണ്‍ ഉടമകള്‍ക്ക് ആപ്പിളിന്റെ മാക്രോ ഫൊട്ടോഗ്രഫി മത്സരം
Mail This Article
ഐഫോണ്‍ ഉടമകള്‍ക്കായി പുതിയ മാക്രോ ഫൊട്ടോഗ്രഫി മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിള്‍. ജനുവരി 25ന് തുടങ്ങിയ മത്സരത്തലേക്ക് ഫെബ്രുവരി 16 വരെ ഫോട്ടോകള്‍ അയയ്ക്കാമെന്ന് ആപ്പിള്‍ പറയുന്നു. മാക്രോ മോഡ് ഉള്ള രണ്ട് ഐഫോണ്‍ മോഡലുകൾ കൈവശമുള്ളവർക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാനാകുക. മറ്റ് ഫോണുകളില്‍ എടുക്കുന്ന ഫോട്ടോകള്‍ സ്വീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ഐഫോണ്‍ 13 പ്രോ, 13 പ്രോ മാക്‌സ് മോഡലുകളില്‍ അവതരിപ്പിച്ച പുതുമകളില്‍ ഒന്ന് മാക്രോ മോഡ് ആണ്. ഇതുപയോഗിച്ച് 2 സെന്റീമീറ്റര്‍ അകലെയുള്ള ചെറിയവസ്തുക്കളുടെയും ജീവികളുടെയും എല്ലാം ഫോട്ടോ പകര്‍ത്താം. തങ്ങളുടെ അള്‍ട്രാ വൈഡ് ആംഗിൾ ക്യാമറയിലാണ് മാക്രോ ഫോട്ടോകള്‍ എടുക്കാനാകുന്നതെന്ന് ആപ്പിള്‍ പറയുന്നു. പുതിയ ലെന്‍സ് ഡിസൈനും അത്യാധൂനിക സോഫ്റ്റ്‌വെയറുമാണ് ഇത്രയടുത്ത് ഫോട്ടോ എടുക്കാന്‍ സഹായിക്കുന്നതെന്ന് കമ്പനി പറയുന്നു.
ഷോട്ട് ഓണ്‍ ഐഫോണ്‍ വെല്ലുവിളിയില്‍ പങ്കെടുക്കണമെങ്കില്‍ ആപ്പിളിന്റെ ഏറ്റവും ആധുനികമായ ഫോണുകള്‍ ഉണ്ടായിരിക്കണം. ഐഫോണ്‍ 13 പ്രോ, 13 പ്രോ മാക്‌സ് മോഡലുകള്‍ കൈവശമുള്ളവര്‍ അതുപയോഗിച്ച് എടുക്കുന്ന മാക്രോ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലെയും ട്വിറ്ററിലെയും ഹാഷ്ടാഗുകളില്‍ (#ShotoniPhone and #iPhonemacrochallenge) പോസ്റ്റു ചെയ്യുകയാണ് വേണ്ടത്. വിദഗ്ധ വിധികര്‍ത്താക്കളാണ് പത്തു വിജയികളെ തിരഞ്ഞെടുക്കുക. വിജയികളുട ചിത്രങ്ങള്‍ ആപ്പിള്‍.കോമിലെ ആപ്പിള്‍ ന്യൂസ്‌റൂം, ആപ്പിള്‍ ഇന്‍സ്റ്റഗ്രാം (@apple), തുടങ്ങി പല ഔദ്യോഗിക ആപ്പിള്‍ അക്കൗണ്ടുകളിലും പ്രസിദ്ധീകരിക്കും. ഇവ ആപ്പിളിന്റെ ഡിജിറ്റല്‍ പ്രചാരണങ്ങള്‍ക്കു വേണ്ടിയും ആപ്പിള്‍ സ്റ്റോര്‍ ലൊക്കേഷനുകളിലും ബില്‍ബോര്‍ഡുകളിലും ഫോട്ടോ എക്‌സിബിഷനുകളിലും പ്രദര്‍ശിപ്പിച്ചേക്കാം.
സര്‍വസാധാരണ വസ്തുക്കളുടെ പോലും ചിത്രങ്ങള്‍ എടുക്കാമെന്ന് ആപ്പിള്‍ പറയുന്നു. ചീപ്പ്, ഭക്ഷണപദാര്‍ഥങ്ങള്‍, ഐസ്, മഞ്ഞ്, തൂവലുകള്‍, പൂക്കള്‍, ചെറു ജീവികള്‍, ഓമന മൃഗങ്ങള്‍ തുടങ്ങിയവയുടെ ഫോട്ടോകള്‍ എടുക്കാം. സാധാരണ സാധനങ്ങളെ അസാധാരണമികവോടെ കാണിക്കുക എന്നതിലാണ് മാക്രോ ഫൊട്ടോഗ്രഫിയുടെ മികവെന്ന് കമ്പനി വ്യക്തമാക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഇനി പറയുന്ന നാലു കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ആപ്പിള്‍ പറയുന്നു:
∙ ഫോട്ടോ എടുക്കുന്ന വസ്തുവിന്റെ അല്ലെങ്കില്‍ ജീവിയുടെ വളരെ അടുത്തെത്തി മാത്രം ഷൂട്ടു ചെയ്യുക. നിങ്ങള്‍ക്ക് 2 സെന്റീമീറ്റര്‍ അടുത്തുവരെ എത്താം.
∙ ഫ്രെയിമിന്റെ ഒത്ത നടുക്കു തന്നെ ഫോട്ടോ എടുക്കുന്ന വസ്തുവിനെ വയ്ക്കുന്നത് നല്ലാതായിരിക്കുമെന്നും അവിടെയാണ് ഏറ്റവും ഷാര്‍പ്പ് ആയുള്ള ഫോക്കസ് ലഭിക്കുക എന്നും കമ്പനി പറയുന്നു.
∙ കൃത്യം ഫോക്കസ് വേണ്ട സ്ഥലത്ത് ടാപ്പു ചെയ്ത് ഫോക്കസ് ഉറപ്പിക്കുക.
∙ കൂടാതെ .5x, 1x മാഗ്നിഫിക്കേഷന്‍ ഉപയോഗിച്ച് ചിത്രമെടുത്താല്‍ കൂടുതല്‍ കേന്ദ്രീകരിച്ച ഫോട്ടോ ലഭിക്കും. ഫോണിന്റെ ഏതു ക്യാമറയിലാണ് ചിത്രമെടുക്കേണ്ടതെന്ന് ഫോണ്‍ ഓട്ടോമാറ്റിക്കായി തീരുമാനിച്ചോളുമെന്നും ആപ്പിള്‍ പറയുന്നു.
∙ ജഡ്ജിമാര്‍
നാഷണല്‍ ജിയോഗ്രാഫിക് എക്‌സ്‌പ്ലോററും അവാര്‍ഡ് ജേതാവുമായ ആനന്ദ് വര്‍മ്മ, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി ഹൗസ് ഓഫ് പിക്‌സല്‍സ് സഹസ്ഥാപകന്‍ അപേക്ഷാ മേക്കര്‍, സുപ്രശസ്ത കനേഡിയന്‍ ഫൊട്ടോഗ്രാഫര്‍ പീറ്റര്‍ മക്കിനന്‍ തുടങ്ങിയവരായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
∙ 4കെ വിഡിയോ സെക്കന്‍ഡില്‍ 937 ഫ്രെയിം ഷൂട്ടു ചെയ്യാന്‍ ഫാന്റം എസ്991
ഹൈസ്പീഡ് ക്യാമറകള്‍ ഇറക്കുന്ന വിഷന്‍ റിസര്‍ച്ച് കമ്പനി തങ്ങളുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു. ഫാന്റം എസ്991 എന്നു പേരിട്ടിരിക്കുന്ന മോഡലിന് 4096 x 2304 വിഡിയോ സെക്കന്‍ഡില്‍ 937 ഫ്രെയിം വച്ചു ഷൂട്ടു ചെയ്യാനാകും. ഇത്രയും സ്പീഡില്‍ 8-ബിറ്റ് വിഡിയോ ഷൂട്ടു ചെയ്യാനാണ് സാധിക്കുക. അതേസമയം, 12-ബിറ്റ് വിഡിയോ വേണമെങ്കില്‍ സെക്കന്‍ഡില്‍ 625 ഫ്രെയിം വച്ചാണ് ഷൂട്ടു ചെയ്യുക. റെസലൂഷന്‍ കുറയും തോറും ഷൂട്ടിങ് സ്പീഡ് വര്‍ധിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭിക്കും: https://bit.ly/3IESrZc
∙ സമുദ്രാന്തര്‍ഭാഗത്തെ ഫോട്ടോ മത്സര വിജയികളുടെ അത്യുജ്വല ചിത്രങ്ങള്‍ കാണാം
സമുദ്രാന്തര്‍ഭാഗത്തെടുത്ത മികച്ച ചിത്രങ്ങള്‍ കണ്ടെത്താൻ നടത്തിയ 10-ാം വാര്‍ഷിക ഓഷന്‍ ആര്‍ട്ട് അണ്‍ഡര്‍വാട്ടര്‍ ഫൊട്ടോഗ്രഫി കോണ്‍ടെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു. ഇതിലേക്ക് 81 രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഫോട്ടോകളാണ് എത്തിയത്. മൊത്തം 35,000 ഡോളറിലേറെ സമ്മാനമായി നല്‍കി. ചിത്രങ്ങള്‍ കാണാം: https://bit.ly/3G3BXIH
∙ ജപ്പാനില്‍ 2021ല്‍ ഏറ്റവും അധികം ക്യാമറ വിറ്റ കമ്പനി ക്യാനന്‍
വിശകലന കമ്പനിയായ ബിസിഎന്‍ റീട്ടെയിലിന്റെ കണക്കു പ്രകാരം ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം ക്യാമറകള്‍ വിറ്റ കമ്പനി ക്യാനന്‍ ആണ്. ഭൂരിഭാഗം ക്യാമറാ നിര്‍മാണ കമ്പനികളുടെയും കേന്ദ്രം ജപ്പാനാണ്. ജപ്പാനില്‍ വിറ്റ ക്യാമറകളുടെ 34.1 ശതമാനം ക്യാനനിന്റേതാണ് എന്നാണ് കണക്ക്. എന്നാല്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ക്യാനനിന്റെ ഓഹരി കുറഞ്ഞിരിക്കുന്നതും കാണാം. സോണിയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 23.1 മാര്‍ക്കറ്റ് ഷെയര്‍ ലഭിച്ചു. മൂന്നാം സ്ഥാനത്ത് ഫൂജിഫിലിം ആണ്. അവര്‍ 11.4 ശതമാനം ക്യാമറകള്‍ വിറ്റു.
∙ ക്യാനന്‍ ദക്ഷിണ ചൈനയിലെ ഫാക്ടറി പൂട്ടുന്നു
ലോകത്തെ ഏറ്റവും വലിയ ക്യാമറാ നിര്‍മാതാവായ ക്യാനന്‍ ദക്ഷിണ ചൈനയിലുള്ള സുഹായിലുള്ള (Zhuhai) ക്യാമറാ നിര്‍മാണ ഫാക്ടറി പൂട്ടാന്‍ ഓരുങ്ങുകയാണെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. കമ്പനിയുടെ പല കോംപാക്ട് ക്യാമറകളും ഇവിടെയാണ് നിര്‍മിച്ചുവന്നത്. കോംപാക്ട് ക്യാമറകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതിനാലാണ് ഫാക്ടറി അടയ്ക്കുന്നതെന്നാണ് പറയുന്നത്.
∙ ടെലികണ്‍വര്‍ട്ടര്‍ ഉള്ള 400എംഎം സെഡ് ലെന്‍സ് അവതരിപ്പിച്ച് നിക്കോണ്‍
തങ്ങളുടെ മിറര്‍ലെസ് ക്യാമറകള്‍ക്കൊപ്പം ഉപയോഗിക്കാനുള്ള പുതിയ സെഡ് 400എംഎം എഫ് 2.8 പ്രൈം ലെന്‍സ് നിക്കോണ്‍ അവതരിപ്പിച്ചു. വൈബ്രേഷന്‍ റിഡക്ഷനുള്ള ലെന്‍സില്‍ ടെലികണ്‍വര്‍ട്ടറും ഉണ്ട്. ടെലി കണ്‍വര്‍ട്ടര്‍ പ്രയോജനപ്പെടുത്തിയാല്‍ ഇത് 560 എംഎം എഫ്4 ലെന്‍സായി മാറും. ഫെബ്രുവരി അവസാനം മുതല്‍ ലഭ്യമാകുമെന്നു പറയുന്ന ഈ ലെന്‍സിന് 13,999.95 ഡോളറാണ് വിലയിട്ടിരിക്കുന്നത്.
English Summary: Share your best iPhone macro photos for Apple’s Shot on iPhone Challenge