നിക്കോണ്‍ സെഡ്30: വ്ലോഗര്‍മാരും കണ്ടെന്റ് ക്രിയേറ്റര്‍മാരും കാത്തിരുന്ന വില കുറഞ്ഞ ക്യാമറ!
Mail This Article
ഒരു പുതിയ ക്യാമറയും ലെന്‍സും അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ക്യാമറാ നിര്‍മാതാവായ നിക്കോണ്‍. സെഡ്30 എന്ന പേരില്‍ ഏറ്റവും വില കുറഞ്ഞ മിറര്‍ലെസ് എപിഎസ്‌സി ക്യാമറയാണ് നിക്കോണ്‍ അവതരിപ്പിച്ചത്. സെന്‍സറില്‍ കാര്യമായ പുതുമ അവകാശപ്പെടാനായേക്കില്ല എന്നാണ് സൂചന. ഡിഎസ്എല്‍ആര്‍ ആയ ഡി500, ആദ്യ എപിഎസ്-സി മിറര്‍ലെസ് ക്യാമറയായ സെഡ്50, സെഡ്എഫ്‌സി തുടങ്ങിയ ക്യാമറകളില്‍ കണ്ടതിനോടു സമാനമായ സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് മനസിലാകുന്നത്. റെസലൂഷന്‍ 20.9 എംപിയാണ്. ഇവിഎഫ് ഇല്ലാത്ത ഈ ക്യാമറ വ്ലോഗര്‍മാരെയും കണ്ടെന്റ് ക്രിയേറ്റര്‍മാരെയും ചെറുപ്പക്കാരെയും മനസില്‍കണ്ട് ഇറക്കിയിരിക്കുന്നതാണ്. സെക്കന്‍ഡില്‍ 11 ഫ്രെയിമാണ് സ്റ്റില്‍ ഷൂട്ടിങ് സ്പീഡ്. പരമാവധി ഷട്ടര്‍ സപീഡ് 1/4000 ആണ്.
∙ വ്ലോഗിങ് താത്പര്യക്കാര്‍ക്ക് പരിഗണിക്കാവുന്ന ക്യാമറ
ഇക്കാലത്ത് പലര്‍ക്കും ഏറ്റവും താത്പര്യമുള്ള വ്ലോഗിങ് ക്യാമറകളിലൊന്ന് സോണി സെഡ്‌വി-ഇ10 മോഡലാണ്. ഇതിനൊപ്പം ഇറക്കിയിരിക്കുന്ന തരത്തിലുള്ള വ്ലോഗിങ് കിറ്റും നിക്കോണ്‍ സെഡ്30ക്ക് ഒപ്പം ഇറക്കിയിട്ടുണ്ട്. ക്യാമറയില്‍ ഒരു സ്‌റ്റീറിയോ മൈക്രോഫോണ്‍ പിടിപ്പിച്ചിട്ടുണ്ട്. തരക്കേടില്ലാത്ത പ്രകടനമാണ് ഇതിന്റേത്. എന്നാല്‍ എക്‌സ്റ്റേണല്‍ മൈക്രോഫോണ്‍ കൂടുതല്‍ മികച്ച ശബ്ദം തരും. എന്നാല്‍, എക്‌സ്റ്റേണല്‍ ഹെഡ്‌ഫോണ്‍ സോക്കറ്റ് ഇല്ലാത്തത് ഇതിന്റെ ഒരു കുറവാണ്. ക്യാമറ വിഡിയോയും സ്റ്റില്ലും പകര്‍ത്താന്‍ ഉപയോഗിക്കാം. അതേസമയം, ഇന്‍ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നുള്ളതും ക്യാമറയുടെ കുറവുകളിലൊന്നാണ്.
∙ വിഡിയോ 4കെ/30പി
നിക്കോണ്‍ സെഡ്30യുടെ വിഡിയോ റെസലൂഷന്‍ 4കെ/30പി വരെയാണ്. മികച്ച വിഡിയോ പകര്‍ത്താന്‍ ഇത് ഉപകരിക്കും. ലോഗ് പ്രൊഫൈലുകള്‍ ഇല്ല. എന്നാല്‍, ഫ്‌ളാറ്റ് പ്രൊഫൈല്‍ തരക്കേടില്ലാത്ത ഓപ്ഷനാണ് എന്നു പറയുന്നു. അതേസമയം, വ്ലോഗിങ്ങിനും മറ്റും ഈ ക്യാമറയ്‌ക്കൊപ്പം ഉപയോഗിക്കാവുന്ന വേണ്ടത്ര മികച്ച ലെന്‍സകള്‍ ഉണ്ടോ എന്ന കാര്യത്തിലും സംശയം ഉന്നയിക്കപ്പെടുന്നു. ഭാവിയില്‍ മികച്ച ലെന്‍സുകള്‍ കമ്പനി ഇറക്കിയേക്കും. നിക്കോണ്‍ ഇതുവരെ ഇറക്കിയിരിക്കുന്ന ഏറ്റവും ചെറിയ എപിഎസ്-സി ക്യാമറയാണിത്. മികച്ച നിര്‍മിതിയാണ് ഇതിന്റേത്. സാധാരണ സ്മാര്‍ട് ഫോണ്‍ ക്യാമറകളില്‍ കാണുന്നതിന്റെ 14 ഇരട്ടി വലുപ്പമുള്ളതാണ് ഇതിന്റെ സെന്‍സറെന്ന് നിക്കോണ്‍ പറയുന്നു. മികച്ച ഓട്ടോഫോക്കസ് സംവിധാനവും ഉണ്ട്.
∙ കണ്ടെന്റ് ക്രിയേറ്റര്‍മാരെ ഉദ്ദേശിച്ചുള്ള ആദ്യ ക്യാമറ
ഓടിച്ചാടി നടന്ന് കണ്ടെന്റ് സൃഷ്ടിക്കാന്‍ ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചിറക്കിയിരിക്കുന്ന ആദ്യ നിക്കോണ്‍ ക്യാമറ ആണിത്. ന്യൂനതകള്‍ ഉണ്ടെങ്കിലും കമ്പനി ഭാവിയില്‍ ഇറക്കിയേക്കാവുന്ന കൂടുതല്‍ മികച്ച ക്യാമറകള്‍ക്ക് ഒരു ആമുഖമായേക്കാം ഇത്. ഇഎന്‍-ഇഎല്‍25 ബാറ്ററിയാണ് ഒപ്പം ലഭിക്കുന്നത്. ഏകദേശം 330 ഫോട്ടോകളാണ്. ഒരു മണിക്കൂറിലേറെ വിഡിയോയും പകര്‍ത്താന്‍ സാധിച്ചേക്കും. എന്നാല്‍, യുഎസ്ബി-സി ചാര്‍ജിങ് ഉള്ളതിനാല്‍ പെട്ടെന്ന് ചാര്‍ജ് ചെയ്‌തെടുക്കാം. പിഡി പവര്‍സോഴ്‌സ് ഫങ്ഷനും ഉണ്ട്. എക്‌സ്റ്റേണല്‍ ബാറ്ററിയും ഇതില്‍ ഉപയോഗിക്കാം.
∙ വില
ഇന്ത്യയിലെ വില ഇപ്പോൾ ലഭ്യമല്ല. ബോഡിക്കു മാത്രമായി 709.95 ഡോളറാണ് വില. ഡിഎക്‌സ് 16-50 കിറ്റ് ലെന്‍സ് ഒപ്പം വാങ്ങിയാല്‍ വില 849.95 ഡോളറാകും. ക്യാമറയുടെ വ്ലോഗിങ് ശേഷി പരിപൂര്‍ണമായി പ്രയോജനപ്പെടുത്തണമെങ്കില്‍ വാങ്ങാവുന്ന ക്രിയേറ്റേഴ്‌സ് അക്‌സസറി കിറ്റിന് 149.95 ഡോളറാണ് വിലയിട്ടിരിക്കുന്നത്. സ്‌മോള്‍റിഗ് ട്രൈപ്പോഡ് ഗ്രിപ്, നിക്കോണ്‍ എംഎല്‍-എല്‍7 ബ്ലൂടൂത്ത് റിമോട്ട് കണ്ട്രോള്‍, റോഡ് വിഡിയോ മൈക്രോ മൈക്രോഫോണ്‍ എന്നിവയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്യാമറയുടെ മൈക്രോഫോണിന് ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിന്റെ സമയത്ത് കാറ്റിന്റെ ശബ്ദം കുറയ്ക്കാനുള്ള വിന്‍ഡ് മഫും ഇറക്കിയിട്ടുണ്ട്. ഇതിന് 9.95 ഡോളറാണ് വില.
∙ നിക്കോര്‍ സെഡ് 400എംഎം എഫ്4.5 വിആര്‍ എസ് ലെന്‍സ്
ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്കായി താരതമ്യേന വലുപ്പവും വിലയും കുറഞ്ഞ നിക്കോര്‍ സെഡ് 400എംഎം എഫ്4.5 വിആര്‍ എസ് എന്ന ഒരു ലെന്‍സും നിക്കോണ്‍ അവതരിപ്പിച്ചു. നാനോ ക്രിസ്റ്റല്‍ കോട്ടിങ്, ഫ്‌ളൂറൈറ്റ് കോട്ടിങ് തുടങ്ങിയവ ഈ ലെന്‍സില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഏകദേശം 5.5 സ്‌റ്റോപ്‌സ് വൈബ്രേഷന്‍ റിഡക്ഷനാണ് ലെന്‍സില്‍ ലഭിക്കുക. (അതേസമയം, നിക്കോണ്‍ സെഡ്9 ക്യാമറയുടെ സിങ്‌ക്രോ വിആര്‍ സിസ്റ്റത്തിനൊപ്പം ഉപയോഗിച്ചാല്‍ 6 സ്‌റ്റോപ് വരെ കിട്ടുമെന്നും കമ്പനി പറയുന്നു.) മിനിമം ഫോക്കസിങ് ഡിസ്റ്റന്‍സ് 2.5 മീറ്ററാണ്. ഫില്‍റ്റര്‍ത്രെഡ് 95 എംഎം ആണ്. നീളം 9.3 ഇഞ്ച് ആണ്. ഭാരം 1245 ഗ്രാം ആണ്. ഉടന്‍ വിപണിയിലെത്തുന്ന ലെന്‍സിന് 3,295 ഡോളറാണ് വിലയിട്ടിരിക്കുന്നത്.
∙ ക്യാപ്ചര്‍ വണ്‍ മൊബൈല്‍ ഐപാഡില്‍
ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ ആയ ക്യാപ്ചര്‍ വണിന്റെ മൊബൈല്‍ പതിപ്പ് ആപ്പിളിന്റ ഐപാഡുകള്‍ക്കായി ഇറക്കി. റോ ഫോട്ടോ കണ്‍വേര്‍ട്ടറും എഡിറ്ററും ആണിത്. ഉപയോഗിക്കാന്‍ മാസവരി നല്‍കണം. പ്രതിമാസം 5 ഡോളര്‍.
∙ അഡോബി പ്രീമിയര്‍ പ്രോയ്ക്ക് വെര്‍ട്ടിക്കല്‍ വിഡിയോ ഫീച്ചറും
സോഷ്യല്‍ മീഡിയ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കായി നിലമൊരുക്കുകയാണ് ക്യാമറാ - സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കള്‍. സുപ്രസിദ്ധ വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയറായ അഡോബി പ്രീമിയറിന്റെ പുതിയ പതിപ്പില്‍ വെര്‍ട്ടിക്കല്‍ വിഡിയോ ഫീച്ചറുകളും ഉള്‍പ്പെടുത്തി. ജിപിയു ആക്‌സിലറേറ്റഡ് എഫക്ട്‌സ് തുടങ്ങിയവയും പ്രീമിയറില്‍ എത്തുന്നു.
∙ പുതിയ ഇസിഎം-ബി10 ഡിജിറ്റല്‍ മൈക്രോഫോണ്‍ അവതരിപ്പിച്ച് സോണി
ക്യാമറാ സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കായി ഇസിഎം-ബി10 എന്ന പേരിൽ പുതിയൊരു ഡിജിറ്റല്‍ ഷോട്ഗണ്‍ മൈക്രോഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി. മൈക്രോഫോണിന് മൂന്ന് പിക്-അപ് പാറ്റേണുകളാണ് ഉള്ളത്. ഓംനിഡിറക്ഷണല്‍, കാര്‍ഡിയോയിഡ്, ഹൈപ്പര്‍കാര്‍ഡിയോയിഡ് എന്നിവയാണിത്. തങ്ങളുടെ ചില ക്യാമറാ മോഡലുകളിലുള്ള മള്‍ട്ടി ഇന്റര്‍ഫെയ്‌സ് ഷൂ ഉപയോഗിച്ചാല്‍ കൂടുതല്‍ കേബിളുകളും ബാറ്ററിയും ഇല്ലാതെയും ഇത് പ്രവര്‍ത്തിപ്പിക്കാം. കേവലം 74 ഗ്രാമാണ് ഭാരം. ഇതിന് 250 ഡോളറാണ് വില. പുതിയ ഓണ്‍ ക്യാമറാ മൈക്രോഫോണ്‍ അവതരിപ്പിക്കുന്ന വിഡിയോ കാണാം. https://youtu.be/zammEgTsBdI
∙ നിക് കളക്ഷന്‍ 5 അവതരിപ്പിച്ചു
അഡോബി ലൈറ്റ്‌റൂം ക്ലാസിക്, ഫോട്ടോഷോപ്, ഡിഎക്‌സ്ഒ ഫോട്ടോലാബ്‌സ് തുടങ്ങിയ ഫോട്ടോ എഡിറ്റിങ് സ്യൂട്ടുകള്‍ക്കൊപ്പം ഉപയോഗിക്കാവുന്ന പ്ലഗ്-ഇന്‍ ആയ നിക് കളക്ഷന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. നിക് കളക്ഷന്‍ 5 എന്നാണ് പേര്. വില 149 ഡോളര്‍.
English Summary: Nikon's mirrorless Z30 is an affordable, lightweight vlogging camera