എഐ ഫെയ്സ് - ഫ്രെയ്മിങ്ങുമായി എച്പി 965 4കെ സ്ട്രീമിങ് വെബ്ക്യാം
Mail This Article
സ്ട്രീമിങ് വിഡിയോയുടെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന നിര്‍ബന്ധബുദ്ധിയുള്ള ആളാണോ? എന്നാല്‍ എച്പി 965 സ്ട്രീമിങ് വെബ്ക്യാമിനെക്കുറിച്ച് അറിയണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഈ വെബ്ക്യാം മുഖം തിരിച്ചറിയല്‍ നടത്തുന്നത്. ഇതുവഴി ഫ്രെയ്മില്‍ മുഖത്തിന്റെ പ്രാധാന്യം എപ്പോഴും നിലനിര്‍ത്തുന്നു. എച്പി 965 4കെ വെബ്ക്യാമിന് ഓട്ടോഫോക്കസും, എഫ്2.0 ലെന്‍സും ഉണ്ട്. ഇത് എച്ഡിആര്‍ വിഡിയോയും സപ്പോര്‍ട്ടു ചെയ്യുന്നു.
ഡ്രാഗണ്‍ഫ്‌ളൈ ഫോളിയോ ജി3, എച്പി 34 ഓള്‍-ഇന്‍-വണ്‍ ഡെസ്‌ക്‌ടോപ് പിസി തുടങ്ങിയവയ്‌ക്കൊപ്പമാണ് പുതിയ വെബ്ക്യാമും അവതരിപ്പിച്ചത്. ഇരട്ട മൈക്രോഫോണുകള്‍ അടക്കം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന എച്പി 965 4കെ സ്ട്രീമിങ് വെബ്ക്യാം ആയിരിക്കാം ഇന്ന് വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്കൊപ്പം പ്രവര്‍ത്തിപ്പിക്കാവുന്ന ഏറ്റവും മികച്ച സ്ട്രീമിങ് സംവിധാനങ്ങളിലൊന്ന്. ഇതിന് 18 എംഎം ലെന്‍ന്‍സ് ആണുള്ളത്. വെളിച്ചക്കുറവുള്ളപ്പോഴും താരതമ്യേന മികവുറ്റ പ്രകടനം പ്രതീക്ഷിക്കാം. താനിരിക്കുന്ന മുറിക്ക് അനുയോജ്യമായ രീതിയില്‍ വെബ്ക്യാമിന്റെ ഫീല്‍ഡ-ഓഫ്-വ്യൂ 78 ഡിഗ്രി, 90 ഡിഗ്രി, 100 ഡിഗ്രി എന്നിങ്ങനെ ക്രമീകരിക്കാം. ക്യാമറയെ 360 ഡിഗ്രി തിരിക്കുകയും ചെയ്യാം. കൂടാതെ, 90 ഡിഗ്രി താഴേക്ക് പിടിപ്പിക്കുകയും ചെയ്യാം.
∙ സ്വകാര്യതയ്ക്കും പ്രാധാന്യം
ആവശ്യമില്ലാത്ത സമയത്ത് ക്യാമറാക്കണ്ണ് അടച്ചുവയ്ക്കാനായി കാന്തികമായി അടയ്ക്കാവുന്ന കവറും ഒപ്പം ലഭിക്കുന്നു. ക്യാമറ യാദൃശ്ചികമായി ഓണായി പോയാല്‍ പോലും സ്വകാര്യത ലഭിക്കാന്‍ ഇത് ഉപകാരപ്പെടുമെന്നു കരുതുന്നു. ക്യാമറയെ നിയന്ത്രിക്കാനായി എച്പി അക്‌സസറി സെന്റര്‍ ആപ്പും ഇറക്കിയിട്ടുണ്ട്. ഇത് മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്നു തന്നെ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് വഴി വിഡിയോ ഫീഡ് കസ്റ്റമൈസ് ചെയ്യാം. എഐ ഫീച്ചറുകള്‍ വേണ്ടെന്നോ വേണമെന്നോ വയ്ക്കാനും, കീസ്‌റ്റോണ്‍ കറക്ഷന്‍ ക്രമീകരിക്കാനും, ഫീല്‍ഡ്-ഓഫ്-വ്യൂ തിരഞ്ഞെടുക്കാനും ഒക്കെ ആപ്പ് പ്രയോജനപ്രദമാണ്.
ഇത് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഹാര്‍ഡ്‌വെയര്‍ ഉണ്ടോ എന്നു പരിശോധിച്ച ശേഷം മാത്രം വാങ്ങുക. എച്പി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന കംപ്യൂട്ടര്‍ ശ്രേണിക്കൊപ്പം ഇത് പ്രവര്‍ത്തിപ്പിക്കാം. വില 199 ഡോളറാണ്.
English Summary: HP 965 4K Streaming Webcam