ADVERTISEMENT

ക്യാനനും സോണിക്കും അതിശക്തമായ വെല്ലുവിളി ഉയര്‍ത്തി നിക്കോണ്‍ സെഡ്8 ക്യാമറ അവതരിപ്പിച്ചു. കമ്പനിയുടെ ഇപ്പോഴത്തെ ഏറ്റവും മികച്ച ക്യാമറയായ സെഡ്9ന്റെ ഫീച്ചറുകള്‍ മുഴുവന്‍ കുറച്ചുകൂടി ഒതുക്കവും ഭാരക്കുറവുമുള്ള ഒരു ബോഡിയിലേക്ക് ഒതുക്കിയിരിക്കുകയാണ് സെഡ്8ല്‍. ഇതിനാല്‍ തന്നെ സെഡ്8ന് ബേബി സെഡ്9 എന്ന വിവരണമാണ് വീണിരിക്കുന്നത്. പക്ഷേ, ബേബി എന്നൊക്കെ വിളിക്കുന്നത് സെഡ്8ന് സഹിക്കാനാകുമോ എന്നറിയില്ല. കാരണം ബോഡിക്കു മാത്രം 910 ഗ്രാം ഭാരമുള്ള 144 x 119 x 83 എംഎം വലുപ്പമുള്ള കൂറ്റന്‍ ബോഡി തന്നെയാണ് പുതിയ ക്യാമറയ്ക്കും ഉള്ളത്. ഇതിനൊപ്പം ലെന്‍സുകളും അനുബന്ധ ഉപകരണങ്ങളും ചേരുമ്പോള്‍ ഭാരവും വലുപ്പവുമുള്ള ക്യാമറയായി തീരുന്നു.

 

∙ പ്രധാന ഫീച്ചറുകള്‍

 

– 45.7 എംപി സ്റ്റാക്ഡ് സീമോസ് സെന്‍സര്‍

– മെക്കാനിക്കല്‍ ഷട്ടര്‍ ഇല്ല

– സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ ജെയ്‌പെഗും സെക്കന്‍ഡില്‍ 20 ഫ്രെയിം വരെ റോ ഫയലുകളും ഷൂട്ടുചെയ്യാം 

– പ്രീ ബേസ്റ്റ് ഓപഷനോടു കൂടി, 11 എംപി ജെയ്‌പെഗ് ഫയല്‍ മതിയെങ്കില്‍ സെക്കന്‍ഡില്‍ 120 ഫ്രെയിം ഷൂട്ടു ചെയ്യാം

– ലെന്‍സിന്റെയും ബോഡിയുടെയും ഇമേജ് സ്റ്റബിലൈസേഷന്‍ ഒരുമിച്ചു കൊണ്ടുവരാം

– 8K/60പി വിഡിയോ എന്‍-റോ, 4.1കെ പ്രോറെസ് റോ

– പ്രോറെസ് 422എച്ക്യൂ

– എന്‍-ലോഗ്

– 3.68എം ഡോട്ട് ഇവിഎഫ്, കാര്യമായ ഇഴച്ചിലില്ലാത്ത സെന്‍സര്‍ ഫീഡ്

– 2.1എം ഡോട്ട് സ്‌ക്രീന്‍, ഇരട്ട ഹിഞ്ജ് അടക്കം

- ഒരു സിഎഫ്എക്‌സ്പ്രസ് കാര്‍ഡും, ഒരു യുഎച്എസ് II എസ്ഡി കാര്‍ഡ് സ്ലോട്ടും

- ഇരട്ട യുഎസ്ബി-സി പോര്‍ട്ട്

 

∙ സെഡ്9 തന്നെ

 

നിക്കോണ്‍ ഉപയോക്താക്കള്‍ക്ക് ചിരപരിചിതമായ ബട്ടണുകളും മെനുവുമെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള സെഡ്8 താരതമ്യേന ചെറിയ സെഡ്9 തന്നെയാണ്. ഒരേ സെന്‍സര്‍ തന്നെയാണ് ഇരു ക്യാമറകളുടെയും കേന്ദ്രമെന്നതിനാല്‍ സമാനമായ പ്രകടനം ലഭിക്കും. അതേസമയം, താരതമ്യേന ചെറിയ ബാറ്ററിയാണ് ബേബി ക്യാമറയ്ക്ക്. ഇതിനൊപ്പം ഉപയോഗിക്കാവുന്ന ബാറ്ററി ഗ്രിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇഎന്‍-ഇഎല്‍15സി ബാറ്ററിയാണ് ക്യാമറയില്‍ ഉപയോഗിക്കുക. ഗ്രിപ്പില്‍ ഇത്തരം രണ്ടു ബാറ്ററികള്‍ പ്രവേശിപ്പിക്കാം. അതോടെ പ്രവര്‍ത്തന സമയം ഇരട്ടിയാക്കാനായേക്കും. അപ്പോള്‍ വലുപ്പവും വര്‍ധിക്കും.

 

∙ വിഡിയോ റെക്കോഡിങ്

 

സെഡ്9 ക്യാമറയില്‍ 125 മിനിറ്റ് തുടര്‍ച്ചയായി വിഡിയോ റെക്കോഡ് ചെയ്യാമെങ്കില്‍ സെഡ്8ല്‍ 90 മിനിറ്റേ സാധ്യമാകൂ. ക്യാമറ ചൂടാകുന്നതാകും കാരണമെന്നാണ് അനുമാനം.

 

∙ വില

 

സോണി എ1, ക്യാനന്‍ ഇഒഎസ് ആര്‍5 എന്നീ ക്യാമറകള്‍ക്കായിരിക്കും സെഡ്8 കടുത്ത വെല്ലുവിളി ഉയര്‍ത്തുക. ആര്‍5ന് 3899 ഡോളറാണ് വിലയെങ്കില്‍ നിക്കോണ്‍ സെഡ്8ന് 4000 ഡോളറാണ് വില. സോണി എ1ന് 50 എംപി സെന്‍സറാണ് ഉള്ളത്. റെസലൂഷനില്‍ കാര്യമായ വ്യത്യാസമില്ലെങ്കിലും സോണി എ1ന് 6500 ഡോളര്‍ വില നല്‍കണം. 

 

∙ നിക്കോണ്‍ പ്രേമികള്‍ കാത്തിരുന്ന ഡി850

 

എക്കാലത്തെയും മികച്ച ഡിഎസ്എല്‍ആറുകളുടെ പട്ടികയിലാണ് നിക്കോണ്‍ ഡി850യുടെ പേര്. മിക്ക നിക്കോണ്‍ ഡിഎസ്എല്‍ആര്‍ ഉപയോക്താക്കളും മിറര്‍ലെസ് ശ്രേണിയിലേക്കു മാറിയെങ്കിലും ഡി850 ഉപയോക്താക്കളില്‍ പലരും അതിന് ഇതുവരെ തയാറായിരുന്നില്ല. അവര്‍ക്കും ഇപ്പോള്‍ പരിഗണിക്കാവുന്ന ഒരു ബോഡിയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

 

∙ നിക്കോണില്‍ നിന്ന് ഇനി എന്ത്?

 

പ്രീമിയം ഫുള്‍ഫ്രെയിം ശ്രേണിയില്‍ നിക്കോണില്‍ നിന്ന് ഇനി പ്രതീക്ഷിക്കുന്നത് കൂടുതല്‍ റെസലൂഷനുള്ള ക്യാമറയാണ്. സോണി എ7ആര്‍5നെ പോലെ ഒരു 61 എംപി സെന്‍സര്‍ ആയിരിക്കാം ഉണ്ടായിരിക്കുക എന്നാണ് ശ്രുതി. എ7ആര്‍5ന് 3,899.99 ഡോളറാണ് വില. കൂടിയ റെസലൂഷനുള്ള ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്ന നിക്കോണ്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറാണെങ്കില്‍ അടുത്ത ക്യാമറയ്ക്കു വേണ്ടി കാത്തിരിക്കുന്നത് നന്നായിരിക്കും. അതേസമയം, ആ ക്യാമറയ്ക്ക് വിഡിയോ ഷൂട്ടിങ്ങില്‍ ചില കുറവുകളും ഉണ്ടായേക്കും. സെഡ്9, സെഡ്8 ക്യാമറകളിലെ ഒട്ടു മിക്ക ഫീച്ചറുകളും ഉള്‍പ്പെടുത്തി കുറച്ചുകൂടി വില കുറഞ്ഞ ഒരു മോഡലും പ്രതീക്ഷിക്കുന്നു.

 

∙ ക്യാനന്‍ ആര്‍5 400എംപി ഫോട്ടോ എടുക്കും

 

മിറര്‍ലെസ് ക്യാമറാ മേഖലയെ കുലുക്കി ഉണര്‍ത്തിയ ക്യാനന്‍ ആര്‍5 പുറത്തിറക്കിയത് 2020 ജൂലൈ 30 നാണ്. ഇതിലുള്ളത് ഒരു 45എംപി സെന്‍സറാണ്. ആര്‍5ന്റെ പുതിയ ഫേംവെയര്‍ വേര്‍ഷനായ 1.8.1 ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഇപ്പോള്‍ 400 എംപി വരെയുള്ള കൂറ്റന്‍ ഫയലുകള്‍ ഷൂട്ടു ചെയ്യാനാകും! ഐബിസ് ഹൈ റസലൂഷന്‍ ഷോട്ട് എന്നാണ് ക്യാനന്‍ ഇതിനെ വിളിക്കുന്നത്. ഇന്‍ബോഡി ഇമെജ് സ്റ്റബിലൈസേഷന്‍ സിസ്റ്റം പ്രയോജനപ്പെടുത്തി 45 എംപി റെസലൂഷനുള്ള സെന്‍സര്‍ ആംപ്ലിഫൈ ചെയ്താണ് 400 എംപി ഫയല്‍ സൃഷ്ടിക്കുന്നത്. ഈ സാധ്യത മറ്റു പല ക്യാമറാ നിര്‍മാണ കമ്പനികളും മുൻപ് അവതരിപ്പിച്ചിരുന്നു. പക്ഷേ, ആദ്യമായാണ് ക്യാനന്‍ ഇത് പ്രയോജനപ്പെടുത്തുന്നത്.

 

ഇതിന്റെ ഗുണം പൂര്‍ണമായി ലഭിക്കണമെങ്കില്‍ ക്യാനന്റെ എല്‍സീരീസ് ലെന്‍സുകള്‍ തന്നെ ഉപയോഗിക്കണം. ചലനമില്ലാത്ത വസ്തുക്കളുടെ ഫോട്ടോ കെട്ടിടങ്ങള്‍ക്കകത്ത് മികച്ച ലെന്‍സുകള്‍ ഉപയോഗിച്ച് എടുത്താല്‍ മികച്ച ഫലം ലഭിക്കും. അതേസമയം, കെട്ടിടങ്ങള്‍ക്കു പുറത്ത് അനങ്ങുന്ന വസ്തുക്കളോ ചെടികളോ ഉള്‍പ്പെടുത്തിയുള്ള ഫോട്ടോകള്‍ മികച്ച റിസള്‍ട്ട് തരില്ല. ഫ്രെയിമിലുള്ള വസ്തുക്കള്‍ പരിപൂര്‍ണമായി നിശ്ചലമായിരുന്നാല്‍ മാത്രമാണ് മികച്ച ഗുണം കിട്ടുക.

 

∙ സെന്‍സര്‍ ഷിഫ്റ്റ് മോഡ്

 

സെന്‍സര്‍ ഒരു പിക്‌സല്‍ വച്ച് മാറ്റി ഒന്നിനുപുറകെ ഒന്നായി ഒരുപറ്റം ചിത്രങ്ങള്‍ എടുത്താണ് 400 എംപി ചിത്രം സൃഷ്ടിക്കുന്നത്. ഇതിനാല്‍ തന്നെ എവിടെയെങ്കിലും ചെറിയ ചലനം ഉണ്ടായാല്‍ ഫോട്ടോ മികച്ചതാകില്ല.

 

∙ മോഡ് മികച്ചത്, പക്ഷേ പരിമിതികള്‍ ഉണ്ട്

 

ക്യാനന്റെ 400 എംപി മോഡ് ചില സന്ദര്‍ഭങ്ങളില്‍ പ്രയോജനപ്പെടുത്താം. മോശം ലെന്‍സ് ഉപയോഗിച്ചാല്‍ മികച്ച റിസള്‍ട്ട് ലഭിക്കണമെന്നില്ല. അതേസമയം, എല്ലാം ഒത്തുവന്നാല്‍ ക്യാനന്‍ ആര്‍5ല്‍ നിന്നു ലഭിക്കുന്ന ഫയലുകള്‍ക്ക് മീഡിയം ഫോര്‍മാറ്റ് ക്യാമറകളായ ഹാസല്‍ബ്ലാഡ് എക്‌സ്2ഡി 100സി, ഫൂജിഫിലിം ജിഎഫ്എക്‌സ് 100എസ് തുടങ്ങിയ ക്യാമറകളോട് കിടപിടിക്കത്തക്ക മികവ് പ്രദര്‍ശിപ്പിക്കുന്നു. 

 

∙ ക്യാമറ ഉറപ്പിച്ചു നിർത്തണം

 

ക്യാമറ കൈയ്യില്‍ പിടിച്ച് ഷൂട്ടു ചെയ്താല്‍ നല്ല റിസള്‍ട്ട് കിട്ടാനുള്ള സാധ്യത തീരെ കുറവാണ്. ആര്‍5, ട്രൈപ്പോഡിലോ, ഏതെങ്കിലും പ്രതലത്തിലോ ഉറപ്പിച്ചു നിർത്തി വേണം ഷൂട്ടു ചെയ്യാന്‍. അതുപോലെ ഷൂട്ടു ചെയ്യുന്ന വസ്തു പൂര്‍ണമായും നിശ്ചലമായിരിക്കണം. ക്യാനന്റെ വില കൂടിയ എല്‍ സീരീസ് ലെന്‍സുകള്‍ ഉപയോഗിക്കണം.

 

∙ പരിമിതികളെ മറികടക്കാനായാല്‍ ഗംഭീര റിസള്‍ട്ട്

 

അതേസമയം, പാനസോണിക് ജിഎച്6, ഒഎം സിസ്റ്റം ഒഎം-1 തുടങ്ങിയ ക്യാമറകളില്‍ പിക്‌സല്‍ ഷിഫ്റ്റ് സാങ്കേതികവിദ്യയക്ക് അല്‍പം കൂടി പൂര്‍ണത കൈവന്നിട്ടുണ്ട്. എന്തായാലും, ആര്‍5 നിലവില്‍ ഈ പരിമിതികളോടെ മാത്രമെ പ്രവര്‍ത്തിക്കൂ. മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ ഇല്ലാത്തപ്പോള്‍ അപാര റിസള്‍ട്ട് തന്നെയാണ് ലഭിക്കുന്നത്. കൂടാതെ, മറ്റൊരു ക്യാമറാ നിര്‍മാതാവും സെന്‍സര്‍ റെസലൂഷന്റെ പത്തിരട്ടിയോളം വലിയ ഫയല്‍ നല്‍കുന്നുമില്ല. ഒഎം സിസ്റ്റം ഒഎം-1, സോണി എ7ആര്‍ 5 തുടങ്ങിയ ബോഡികള്‍ നാലുമടങ്ങ് റെസലൂഷന്‍ നല്‍കുന്നു. ഒരു നിക്കോണ്‍ ക്യാമറയ്ക്കും ഇതെഴുതുന്ന സമയത്ത് ഇത്തരം ഹൈ-റെസലൂഷന്‍ മോഡ് ഇല്ല. സ്റ്റില്‍ ലൈഫ്, ആര്‍ക്കൈവല്‍ ഫൊട്ടോഗ്രഫി, ആര്‍ക്കിടെക്ചര്‍, അനക്കമില്ലാത്ത പ്രകൃതി ദൃശ്യങ്ങള്‍ തുടങ്ങിയവ പകര്‍ത്തി ഇനി ആര്‍5 നിങ്ങളെ അദ്ഭുതപ്പെടുത്തും.

 

English Summary: Nikon Z8 mirrorless camera launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com