ADVERTISEMENT

ബാലാക്കോട്ടിൽ ജയ്ഷെ ഭീകരരുടെ ക്യാംപ് തകർക്കാൻ ഇന്ത്യയെ സഹായിച്ച ‘സ്പൈസ്’ ബോംബുകളുടെ പുതിയ പതിപ്പ് ഉടൻ തന്നെ വ്യോമസേനക്ക് ലഭിക്കും. സെപ്റ്റംബർ മാസത്തിൽ തന്നെ ഇസ്രയേൽ നിര്‍മിത ബോംബുകള്‍ വ്യോമസേനയുടെ താളവങ്ങളിലെത്തും. ഇതോടെ അതിർത്തി കടന്നെത്തുന്ന ഭീകരരെയും ഭീകര ക്യാംപുകളെയും നേരിടാൻ സേനക്ക് പുതിയ ആയുധം ലഭിക്കും. 

 

കെട്ടിടങ്ങൾ പൂർണമായും നശിപ്പിക്കാൻ ശേഷിയുള്ള മാര്‍ക്ക് 84 പോർമുനകളും ബോംബുകളുമാണ് സെപ്റ്റംബർ മധ്യത്തോടെ ഇസ്രയേലിൽ നിന്നെത്തുന്നത്. ബോംബ് ശേഖരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 300 കോടി രൂപ ചെലവിട്ട് ഇസ്രയേലിൽനിന്നു നൂറിലധികം സ്പൈസ് ബോംബുകൾ‌ (SPICE Bomb) വാങ്ങാൻ വ്യോമസേന നേരത്തെ തന്നെ കരാറൊപ്പിട്ടിരുന്നു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഈ സമയത്ത് ഇസ്രയേലിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് ചർച്ച നടക്കും.

 

സിആർപിഎഫ് സൈനികർക്കു നേരെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായാണു ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയത്. അന്നു ജയ്ഷെ മുഹമ്മദിന്റെ ഭീകരക്യാംപുകളിൽ കനത്ത നാശം വിതയ്ക്കാൻ ഉപയോഗിച്ച ആയുധങ്ങളിൽ മുഖ്യമായിരുന്നു സ്പൈസ് ബോംബുകൾ. മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ചാണ് ഈ ലേസർ ഗൈഡഡ് ബോംബുകൾ വർഷിച്ചത്. ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണിത്. ഇതിനാലാണ് കൂടുതൽ സ്പൈസ് ബോംബുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.

 

ഇന്ത്യ നാലു വർഷം മുൻപുതന്നെ സ്പൈസ് സ്വന്തമാക്കിയിരുന്നു. ‘ഫയർ ആൻഡ് ഫോർഗെറ്റ്’ എന്നാണു സ്പൈസിന്റെ വിശേഷണം. സ്മാർട്ട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈസ്’. സാറ്റലൈറ്റ് ഗൈഡൻസിന്റെ സഹായത്താൽ ലക്ഷ്യസ്ഥാനത്തെ കൃത്യമായി ‘ലോക്ക്’ ചെയ്താണു ബോംബ് വന്നുവീഴുക. 60 കിലോമീറ്ററാണു ദൂരപരിധി. കാര്യമായ പരിപാലന ചെലവു വരില്ലെന്നതു പ്രത്യേകതയാണ്. ബോംബിന്റെ പ്രവർത്തനക്ഷമത അഞ്ചു വർഷത്തിലൊരിക്കൽ പരിശോധിച്ചാൽ മതി.

 

ഒരൊറ്റ കേന്ദ്രത്തെ ലക്ഷ്യമാക്കി തുരുതുരാ ബോംബുകൾ വർഷിക്കുകയായിരുന്നു പഴയരീതി. ഏതെങ്കിലും ഒരെണ്ണം ലക്ഷ്യസ്ഥാനം കാണും. പ്രതിരോധ വകുപ്പിന് ഏറെ നഷ്ടമുണ്ടാക്കുന്ന ഈ രീതിക്കു പരിഹാരമായാണു സ്പൈസ് കിറ്റിന് ഇസ്രയേൽ കമ്പനി റഫായേൽ രൂപം നൽകിയത്. വന്നുവീഴുന്നയിടത്തെ ഓക്സിജൻ വലിച്ചെടുക്കുന്ന സ്പൈസ് ആക്രമണത്തിൽ ശത്രുക്കൾ ശ്വാസം വിലങ്ങിയാണു കൊല്ലപ്പെടുക. അന്തരീക്ഷം മേഘാവൃതമായാലും മഞ്ഞുമൂടിയാലും ഇരുട്ടായാലും കാലാവസ്ഥ മാറിയാലും കൃത്യമായി ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കാൻ സ്പൈസ് ബോംബിനു സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com