അണ്വായുധവാഹക ശേഷിയുള്ള പൃഥ്വി–2 ന്റെ രാത്രി പരീക്ഷണം വിജയിച്ചു
Mail This Article
ഇന്ത്യ തദ്ദേശീയമായി നിർമിച്ച അണ്വായുധവാഹക ശേഷിയുള്ള ഭൂതല മിസൈൽ പൃഥ്വി–2 ന്റെ രാത്രി പരീക്ഷണം വിജയകരം. ഒഡീഷയിലെ ബാലസ്വേർ തീരത്ത് നിന്നാണ് പൃഥ്വി പരീക്ഷിച്ചത്. ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈൽ ലോഞ്ചറിൽ നിന്നാണ് 350 കിലോമീറ്റർ ദൂരപരിധിയിൽ പ്രഹരശേഷിയുള്ള മിസൈൽ പരീക്ഷിച്ചത്. രാത്രി പരീക്ഷണം വിജയകരമായിരുന്നുവെന്നും ഡിആർഡിഒ അധികൃതർ അറിയിച്ചു.
രാത്രി 7.30 നാണ് പരീക്ഷണം നടന്നത്. പരീക്ഷണം വിലയിരുത്താനും നിയന്ത്രിക്കാനും റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിങ് സംവിധാനങ്ങൾ, ടെലിമെട്രി സ്റ്റേഷനുകൾ എന്നിവ ഒഡീഷ തീരത്ത് സജ്ജീകരിച്ചിരുന്നു. പരീക്ഷണം നിരീക്ഷിക്കാൻ ബംഗാൾ ഉൾക്കടലിലെ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.
500 കിലോഗ്രാം മുതൽ 1000 കിലോഗ്രാം വരെ ഭാരമുള്ള പോർമുനകൾ വഹിക്കാനാകുന്നാണ് പൃഥ്വി–2 മിസൈലുകൾ. 2003ൽ സായുധസേനയ്ക്കു കൈമാറിയ പൃഥി–2, ഡിആർഡിഒയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യത്തെ മിസൈലാണ്. 2016 നവംബറിലും പൃഥ്വി രണ്ട് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.