ഇന്ത്യ–നേപ്പാൾ അതിര്‍ത്തിയിൽ ചൈനയുടെ മിസൈൽ, സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്
Mail This Article
ഇന്ത്യയ്ക്കെതിരായ ചൈനീസ് സേനയുടെ നീക്കം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈന മിസൈലുകളും പോര്‍വിമാനങ്ങളും ഗണ്യമായി വിന്യസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ ചൈനീസ് സേന മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ടെന്നാണ്.
കരയിൽ നിന്ന് വായുവിലേക്ക് തൊടുക്കാൻ ശേഷിയുള്ള മിസൈലാണ് ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം വിന്യസിച്ചിരിക്കുന്നത്. ഇക്കാര്യം സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ-നേപ്പാൾ-ചൈന ട്രിജംഗ്ഷൻ പ്രദേശത്ത് സൈനിക ശക്തി ശക്തിപ്പെടുത്തുന്നതിനായി, ചൈനീസ് സേന കരയിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈൽ സൈറ്റ് നിർമിക്കുകയാണെന്ന് ഓപ്പൺ സോഴ്‌സ് സാറ്റലൈറ്റ് ചിത്രം പറയുന്നു. ജൂണിൽ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇരുരാജ്യങ്ങളുടെ സൈനികർ തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് ചൈനയും ഇന്ത്യയും അതിർത്തിപ്രദേശങ്ങളിൽ സൈനിക, ആയുധ വിന്യാസം ശക്തമാക്കിയത്.
ഏറ്റവും പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് അനലിസ്റ്റാണ്. ടിബറ്റിലെ മൻസരോവർ തടാകത്തിന്റെ തീരത്ത് ചൈന കരയിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈൽ സംവിധാനം നിർമിക്കുകയാണെന്ന് ഇമേജറിയിൽ കാണിക്കുന്നു.
വടക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസിന് സമീപം ചൈന തങ്ങളുടെ പിഎൽഎ സൈനികരെ അണിനിരത്തിയതായി ഈ മാസം ആദ്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലിപുലെഖ് പാസ്, വടക്കൻ സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ എൽഎസിക്ക് സമീപം ചൈനീസ് സൈനികരുടെ എണ്ണം വർധിച്ചുവെന്നാണ് ഒരു ഉന്നത സൈനിക മേധാവി ദേശീയ മാധ്യമത്തോട് പറഞ്ഞത്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കലാപാനി-ലിപുലെഖ് മേഖലയുടെ 100 കിലോമീറ്റർ പരിധിയിലാണ് ചൈനയുടെ കരയിൽൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈൽ സംവിധാനം വിന്യസിച്ചിരിക്കുന്നത്.
English Summary: China Building Surface-to-Air Missile Site Near India-Nepal Border, Satellite Image Shows