യുദ്ധവിമാനത്തിന്റെ മേല്‍ക്കൂര തുറന്ന് പറക്കുന്ന റഷ്യന്‍ പൈലറ്റുമാർ, അന്തം വിട്ട് അമേരിക്കന്‍ മാധ്യമങ്ങള്‍
Mail This Article
റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഒരു വിഡിയോയിലെ ദൃശ്യങ്ങള്‍ കണ്ടാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ മൂക്കത്തുവിരല്‍ വെക്കുന്നത്. റഷ്യയിലെ വിഖ്യാതമായ ചെക്കാലോവ് സ്‌റ്റേറ്റ് ഫ്‌ളൈറ്റ് ടെസ്റ്റ് സെന്ററിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ സുഖോയ് എസ്‌യു 57 പോര്‍വിമാനം മേല്‍ക്കൂര തുറന്നിട്ട് പൈലറ്റ് പറത്തുന്ന ദൃശ്യങ്ങളാണ് പലരേയും ഞെട്ടിക്കുന്നത്.
നേരത്തെ PAK FA എന്നും ടി 50 എന്നും അറിയപ്പെട്ടിരുന്ന അഞ്ചാം തലമുറയില്‍ പെട്ട പോര്‍വിമാനമാണ് സുഖോയ് എസ്‌യു 57. അത്യാധുനിക റഷ്യന്‍ നിര്‍മിത ആയുധങ്ങളും സാങ്കേതികവിദ്യയും എസ്‌യു 57ന് സ്വന്തമാണ്. ഈ പോര്‍വിമാനത്തിന്റെ വന്‍ തോതിലുള്ള നിര്‍മാണം 2019 മുതല്‍ ആരംഭിച്ചിട്ടുണ്ട്. 2028ന് മുൻപ് റഷ്യന്‍ വ്യോമസേനക്ക് 76 എസ്‌യു 57 പോര്‍വിമാനങ്ങള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
സുരക്ഷാ മേല്‍ക്കൂര തുറന്നുവെച്ച് പോര്‍വിമാനം പറത്തിയാല്‍ തണുത്തുറഞ്ഞ് പൈലറ്റിന് ജീവഹാനി വരെ സംഭവിക്കാനിടയുണ്ടെന്നതാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. അതേസമയം, മേല്‍ക്കൂര തുറന്നു പോയാലും പോര്‍വിമാനം പ്രശ്‌നങ്ങളില്ലാതെ പറക്കുമെന്ന് ഉറപ്പുവരുത്തുന്നതിനാകാം പരിശീലനത്തിനിടെ ഈ സാഹസത്തിന് മുതിര്‍ന്നതെന്നാണ് പ്രതിരോധ വിദഗ്ധനായ കെയ്ല്‍ മിസോകാമി അഭിപ്രായപ്പെടുന്നത്. അതേസമയം അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ജാക്കറ്റും ഹെല്‍മറ്റും അടങ്ങുന്ന ഫ്‌ളൈറ്റ് സ്യൂട്ടാകും പൈലറ്റുമാര്‍ ഉപയോഗിക്കുന്നതെന്നും മിസോകാമി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ നിലവില്‍ ഔദ്യോഗികമായി സുരക്ഷാ കവചം തുറന്നുവെച്ചുകൊണ്ടുള്ള പരിശീലനപ്പറക്കലുകള്‍ നടത്താറില്ല. എന്നാല്‍ ബ്രിട്ടന്‍ അടക്കമുള്ള പല രാജ്യങ്ങളിലും ഈ രീതി നേരത്തെയുണ്ടായിരുന്നു. 1988ല്‍ ബ്രിട്ടിഷ് പ്രതിരോധ കമ്പനിയായ ബിഎഇ സിസ്റ്റംസിന്റെ ടെസ്റ്റ് പൈലറ്റ് കെയ്ത്ത് ഹാര്‍ട്ട്‌ലി ടൊര്‍ണാഡോ സ്‌ട്രൈക്ക് ജെറ്റ് 500 നോട്ടിക്കല്‍ മൈലില്‍ സുരക്ഷാ കവചം തുറന്നുവെച്ചുകൊണ്ട് പറത്തിയിരുന്നു. ടൊര്‍ണാഡോ സര്‍വീസ് ആരംഭിച്ച് ആറ് വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഈ പരിശീലനപ്പറക്കല്‍.
റഷ്യന്‍ സൈന്യം പുറത്തുവിട്ട വിഡിയോയില്‍ കാണപ്പെടുന്ന സുരക്ഷാ കവചമില്ലാതെ പറക്കുന്നത് ദൃശ്യങ്ങള്‍ എപ്പോഴാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. പോര്‍വിമാനങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ മേല്‍ക്കൂര തുറന്നുവെച്ച് പറക്കേണ്ടി വരുന്നത് അസംഭവ്യമായ ഒന്നല്ല. കഴിഞ്ഞ വര്‍ഷം ഇസ്രയേലിന്റെ എഫ് 15 പോര്‍വിമാനം പറത്തുന്നതിനിടെ 30,000 അടി ഉയരത്തില്‍ വെച്ച് സുരക്ഷാ കവചം പറന്നു പോയിരുന്നു. തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയാണ് അപകടം ഒഴിവാക്കിയത്.
English Sumamry: Video of Su-57 Cruising Without Shield to Protect Pilot ‘From Freezing’ Shocks US Media