6.6 കോടി ജനങ്ങൾക്കു മുകളിൽ ചൈനയുടെ ‘വാട്ടർ ബോംബ്’, ഇന്ത്യയ്ക്ക് വൻ ഭീഷണി!
Mail This Article
തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിന് പലതരത്തിലുള്ള മാര്‍ഗങ്ങളും ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈന സ്വീകരിക്കാറുണ്ട്. സാങ്കേതികവിദ്യയുടെ മോഷണം മുതല്‍ സാമ്പത്തിക പ്രതിസന്ധിയുള്ള രാജ്യങ്ങളെ കടക്കെണിയിലാക്കി വരുതിയിലാക്കുക വരെ തന്ത്രപരമായ മേല്‍ക്കോയ്മക്കുള്ള ചൈനീസ് മാര്‍ഗങ്ങളാണ്. അതിര്‍ത്തികളിലെ നദികളില്‍ നിയന്ത്രണം സ്ഥാപിക്കുകയെന്നത് ഇന്ത്യയ്ക്കെതിരെ ചൈന പ്രയോഗിക്കുന്ന പ്രധാന ആയുധമാണെന്ന ആശങ്കയും വ്യാപകമാണ്. ബ്രഹ്മപുത്രയില്‍ വെറും 24 കിലോമീറ്റര്‍ പരിധിയില്‍ ഉയര്‍ന്ന ചൈനയുടെ മൂന്ന് കൂറ്റന്‍ ഡാമുകളാണ് ഈ ആശങ്കക്കുള്ള അടിസ്ഥാനം.
കമ്മീഷന് ചെയ്തുകഴിഞ്ഞ സാങ്മോ ഡാമാണ് ഇതില്‍ ആദ്യത്തേത്. നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ കാത്തിരിക്കുന്നതാണ് രണ്ടാമത്തെ ഡാമായ ഗ്യാറ്റ്സ. 2017 മുതല്‍ നിര്‍മാണം ആരംഭിച്ച, ഇപ്പോഴും തുടരുന്ന ദാഗു ഡാമാണ് കൂട്ടത്തില്‍ ഏറ്റവും വലുത്. മൂന്ന് ഡാമുകള്‍ക്കും കൂടി ഏതാണ്ട് 100 കോടി ക്യുബിക്ക് മീറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ പ്രദേശത്ത് ആകെയുള്ളത് 150 കുടുംബങ്ങള്‍ താമസിക്കുന്ന ഒരു ഗ്രാമമാണെന്നത് ചൈനയുടെ ലക്ഷ്യങ്ങള്‍ പ്രാദേശികമല്ലെന്ന വ്യക്തമായ സൂചനയും നല്‍കുന്നുണ്ട്. ഏത് നിമിഷവും ഈ ജലസമ്പത്ത് നിയന്ത്രിക്കാനാവുമെന്നും ഭാവിയില്‍ ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ സമയങ്ങളില്‍ ഇതൊരു തുറുപ്പുചീട്ടായി ചൈനക്ക് പ്രയോഗിക്കാന്‍ സാധിക്കുമെന്നും കരുതപ്പെടുന്നു.
വൈദ്യുതി നിര്‍മാണത്തേക്കാള്‍ ബ്രഹ്മപുത്ര നദിയുടെ ജലസമ്പത്ത് വഴിതിരിക്കലാണ് ചൈനീസ് പദ്ധതിയെന്ന ആശങ്കയും വ്യാപകമാണ്. ഇന്ത്യയ്ക്ക് മാത്രമല്ല ബംഗ്ലാദേശിനും ഈ ചൈനീസ് പ്രവര്‍ത്തിയില്‍ നെഞ്ചിടിപ്പ് കൂടുന്നുണ്ട്. ഇന്ത്യയില്‍ ആകെ ലഭ്യമായ ജല സമ്പത്തിന്റെ 30 ശതമാനം ബ്രഹ്മപുത്രയുടെ സംഭാവനയാണെന്ന് മനസ്സിലാകുമ്പോഴാണ് ഇതിന്റെ പ്രാധാന്യം തിരിച്ചറിയുക. അസമിലെ മാത്രം 22 ജില്ലകള്‍ വെള്ളത്തിനായി ആശ്രയിക്കുന്നത് ബ്രഹ്മപുത്രയെയും പോഷക നദികളേയുമാണ്. മേഖലയിലെ ജലഗതാഗതവും ചരക്കു നീക്കവും ആശ്രയിച്ചിരിക്കുന്നതും ബ്രഹ്മപുത്രയെ തന്നെ. 2013-14 കാലത്ത് നടത്തിയ ഒരു സര്‍വേ പ്രകാരം ബ്രഹ്മപുത്രയിലൂടെ ജലഗതാഗതം നടത്തിയവരുടെ എണ്ണം പ്രതിവര്‍ഷം 70.39 ലക്ഷത്തിലേറെ വരും. അസമില്‍ മാത്രം അയ്യായിരത്തോളം പേര്‍ക്കാണ് ജലഗതാഗതം വഴി നേരിട്ട് ജോലി ലഭിക്കുന്നത്.
വെള്ളത്തിന് മാത്രമല്ല ബ്രഹ്മപുത്ര നദിയിലൂടെ ഒഴുകി വരുന്ന വളക്കൂറുള്ള എക്കല്‍ മണ്ണിന് കൂടിയാണ് ചൈന അണകെട്ടിയിരിക്കുന്നത്. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അടക്കമുള്ള പ്രദേശങ്ങളിലെ കൃഷി അവതാളത്തിലാവും. മേഖലയിലെ മണ്ണിന്റെ പ്രകൃത്യായുള്ള പോഷകവിതരണം താറുമാറാവുന്നതോടെ കാര്‍ഷികമേഖലക്ക് വലിയ തിരിച്ചടിയേല്‍ക്കേണ്ടി വരും. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 6.6 കോടി മനുഷ്യരാണ് ബ്രഹ്മപുത്രയുമായി ബന്ധപ്പെട്ട് ജീവിതങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. കാസിരംഗ ദേശീയ പാര്‍ക്ക് ഉള്‍പ്പടെ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമായ നിരവധി പ്രദേശങ്ങളുടെ ജീവജലം ബ്രഹ്മപുത്രയാണ്.
ചൈനയുടെ തെക്ക്, കിഴക്ക് പ്രദേശങ്ങള്‍ വരള്‍ച്ച അനുഭവിക്കുന്നുണ്ട്. 2021 ഫെബ്രുവരി നാലിന് ചൈനീസ് ജലമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയാണ് ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് തരിശുകിടക്കുന്നത്. ഇത് മൂന്നു ലക്ഷം ചൈനക്കാരെ ബാധിക്കുന്ന വിഷയമാണ്. മഴയുടെ കുറവ് മൂലം യാങ്സീ നദിയില്‍ 50-80 ശതമാനം വെള്ളത്തിന്റെ അളവ് കുറഞ്ഞതും ചൈനക്ക് തലവേദനയാണ്. ഇത് ഇരുപത് ലക്ഷം ചൈനക്കാരെയാണ് ബാധിക്കുക. ബ്രഹ്മപുത്രയില്‍ നിന്നും തുരങ്കങ്ങളിലൂടെ വെള്ളമെത്തിച്ച് ഈ ജലദൗര്‍ലഭ്യം പരിഹരിക്കാനാകുമെന്നും ചൈന കരുതുന്നു. ബ്രഹ്മപുത്രയുടെ യഥാര്‍ഥ പാതയില്‍ നിന്നും 1100 കിലോമീറ്റര്‍ അകലെ ഒരു ഡാം നിര്‍മിച്ച് വെള്ളം എത്തിക്കാനാണ് ചൈനീസ് പദ്ധതി. ഒരു നദിയുടെ തുടക്കത്തില്‍ നിന്നു തന്നെ വഴി തിരിച്ചുവിടുന്നത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നുറപ്പ്.
ഇന്ത്യയും ചൈനയും തമ്മില്‍ തത്വത്തില്‍ ബ്രഹ്മപുത്രാ നദിയിലെ വെള്ളം പങ്കുവെക്കുന്നത് സംബന്ധിച്ച് 2013ല്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാനുമായുള്ള സിന്ധു നദീ ജല കരാര്‍ പോലെ ശക്തവും കര്‍ക്കശവുമല്ല ചൈനയുമായുള്ള കരാര്‍. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശിനേയും വലിയ തോതില്‍ ബ്രഹ്മപുത്രയിലെ ചൈനീസ് ഡാമുകള്‍ ബാധിക്കും. ജലദൗര്‍ലഭ്യം മാത്രമല്ല അതിവേഗത്തിലുള്ള വെള്ളപ്പൊക്കത്തിനും ഡാമുകള്‍ കാരണമാകും. കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ വെള്ളപ്പൊക്കം ബംഗ്ലാദേശിന്റെ നാലിലൊന്ന് പ്രദേശത്തേയും മുക്കികളഞ്ഞിരുന്നു. ഏതാണ്ട് പത്ത് ലക്ഷത്തോളം പേര് ഭവനരഹിതരാവുകയും 1500 ചതുരശ്ര കിലോമീറ്റര്‍ കൃഷിഭൂമിയില്‍ നാശം സംഭവിക്കുകയും ചെയ്തു.
ബ്രഹ്മപുത്ര നദിയുടെ നിറം മാറ്റത്തെക്കുറിച്ച് അസമില്‍ നിന്നുള്ള രാജ്യസഭാ എംപിയായ റിപുണ്‍ ബോറ സഭയില്‍ ഉന്നയിച്ചിരുന്നു. പരിശോധനയില്‍ ഇരുമ്പിന്റെ അളവ് 40 പാര്‍ട്സ് പെര് മില്യണ്‍ (പിപിഎം) ആണെന്നാണ് കണ്ടെത്തിയത്. അനുവദനീയമായ അളവ് 0.2 പിപിഎം മാത്രമാണ്. ചൈന നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്നുള്ള മലിനീകരണമാണ് ഇതിനു പിന്നിലെന്നായിരുന്നു എംപിയുടെ ആരോപണം. ഇത് കുടിവെള്ളത്തിന് പോലും ബ്രഹ്മപുത്രയെ ആശ്രയിക്കുന്ന ജനങ്ങളെ വലിയ തോതില്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഹിമാലയ മേഖലയില്‍ ചൈന നടത്തുന്ന വിപുലമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാജ്യാന്തര തലത്തില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മില്‍ ബ്രഹ്മപുത്രയിലെ ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് കൂടുതല്‍ കര്‍ശനമായ കരാര്‍ വേണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പങ്കുവെക്കുന്ന ജലത്തിന്റെ അളവ് മാത്രമല്ല ഗുണനിലവാരത്തില്‍ കൂടി രാജ്യങ്ങള്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്നും നിര്‍ദേശങ്ങളുണ്ട്. ആവശ്യമെങ്കില്‍ രാാജ്യാന്തര സമൂഹത്തിന്റെ ഇടപെടല്‍ കൂടി ഇക്കാര്യത്തില്‍ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
English Summary: Brahmaputra Dam: China's new weapon against India