ADVERTISEMENT

അയൽപക്കങ്ങളിൽ ആശങ്ക വർധിപ്പിച്ച് അണ്വായുധങ്ങൾ ശേഖരിക്കുന്നതിൽ പാകിസ്ഥാനും ചൈനയും ഇന്ത്യയേക്കാൾ മുന്നിലാണെന്ന് റിപ്പോർട്ട്. എന്നാൽ, അണ്വായുധങ്ങളെ പ്രതിരോധിക്കുന്നതിൽ ഇന്ത്യ ശക്തമാണെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാനും ചൈനയും അതിവേഗം അണ്വായുധ ശേഖരം വികസിപ്പിക്കുന്നുവെന്നാണ് സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) പുതിയ റിപ്പോർട്ട്. ഇന്ത്യയേക്കാൾ കൂടുതൽ അണ്വായുധങ്ങൾ പാകിസ്ഥാന്റെ പക്കലുണ്ടെന്നാണു റിപ്പോർട്ടിലുള്ളത്. എന്നാൽ ഇതൊന്നും ഇന്ത്യയുടെ വീര്യത്തെ ഇളക്കാൻ‌ പോന്നതല്ലെന്നാണു നിഗമനം. എണ്ണത്തിലല്ല, കരുത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അണ്വായുധങ്ങൾ പ്രയോഗിക്കാനുള്ള ഏറ്റവും മികച്ച മിസൈലുകളാണ് ഇന്ത്യയുടെ കൈവശമുള്ളത്.

 

ചൈന, പാകിസ്ഥാൻ, ഇന്ത്യ രാജ്യങ്ങളിൽ ഈ വർഷം ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം യഥാക്രമം 350, 165, 156 അണ്വായുധങ്ങളാണുള്ളത്. മൂന്ന് രാജ്യങ്ങളും അണ്വായുധ ശേഖരണം വിപുലീകരിക്കുന്നതായാണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പറയുന്നത്.

 

ആഗോളതലത്തിൽ മൊത്തം 13,080 അണ്വായുധങ്ങളുണ്ട്. ഇതിൽ 90 ശതമാനവും റഷ്യയുടെയും യുഎസിന്റെയും കൈവശമാണ്. 2020 ജനുവരിയിലെ കണക്കുകൾ പ്രകാരം ചൈന, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ യഥാക്രമം 320, 160, 150 അണ്വാധങ്ങളാണ് ഉണ്ടായിരുന്നതെന്നും എസ്ഐപിആർഐയുടെ പഠനം പറയുന്നു. ലോകത്ത് യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്ഥാൻ, ഇസ്രയേൽ, ഉത്തര കൊറിയ എന്നീ ഒൻപത് രാജ്യങ്ങളിലാണ് അണ്വായുധങ്ങളുള്ളത്.

 

ചൈന കാര്യമായി തന്നെ അണ്വായുധം ശേഖരിക്കുകയും ആയുധങ്ങൾ നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇന്ത്യയും പാകിസ്ഥാനും അണ്വായുധ ശേഖരണം വിപുലീകരിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

 

അണ്വായുധങ്ങൾക്കായുള്ള വിവിധ രാജ്യങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ സംഭരണത്തെക്കുറിച്ചും എസ്ഐപിആർഐയുടെ പഠനത്തിൽ പറയുന്നുണ്ട്. അണ്വായുധങ്ങളുടെ പ്രധാന അസംസ്കൃതവസ്തു ഫിസൈൽ മെറ്റീരിയലാണ്, ഒന്നുകിൽ സമ്പുഷ്ടീകരിച്ച യുറേനിയം (എച്ച്ഇയു) അല്ലെങ്കിൽ വേർതിരിച്ച പ്ലൂട്ടോണിയം. ഇന്ത്യയും ഇസ്രയേലും പ്രധാനമായും പ്ലൂട്ടോണിയം ഉൽ‌പാദിപ്പിച്ചാണ് അണ്വായുധങ്ങൾ നിർമിക്കുന്നത്. എന്നാൽ പാകിസ്ഥാൻ പ്രധാനമായും എച്ച്ഇയു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാനുള്ള ശേഷിയും വർധിപ്പിക്കുന്നുണ്ടെന്ന് എസ്ഐപിആർഐ കണ്ടെത്തി. ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നിവരുടെ അണ്വായുധങ്ങളിൽ എച്ച്ഇയു, പ്ലൂട്ടോണിയം ഉപയോഗിക്കുന്നുണ്ട്.

 

ഇന്ത്യയിലെയും പാകിസ്ഥാനിലെയും സർക്കാരുകൾ അവരുടെ ചില മിസൈൽ പരീക്ഷണങ്ങളെക്കുറിച്ച് പ്രസ്താവനകൾ നടത്തുന്നുണ്ടെങ്കിലും അണ്വായുധ ശേഖരങ്ങളുടെ നിലയെക്കുറിച്ചോ വലുപ്പത്തെക്കുറിച്ചോ ഒരു വിവരവും നൽകുന്നില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

 

2016 നും 2020 നുമിടയിൽ സൗദി അറേബ്യ, ഇന്ത്യ, ഈജിപ്ത്, ഓസ്‌ട്രേലിയ, ചൈന എന്നിവയാണ് ലോകത്തിലെ ഏറ്റവും വലിയ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്. ഈ കാലയളവിൽ പ്രധാന ആയുധങ്ങളുടെ ആഗോള ഇറക്കുമതിയിൽ സൗദി അറേബ്യയ്ക്ക് 11 ശതമാനവും ഇന്ത്യയ്ക്ക് 9.5 ശതമാനവും ഓഹരിയാണുള്ളത്.

 

English Summary: India, Pakistan, China appear to be expanding nuclear arsenals: Swedish think tank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com