കൊല്ലപ്പെട്ടെന്ന് ‘കരുതുന്ന’ അൽ ഖായിദ നേതാവ് ജീവിച്ചിരിപ്പുണ്ട്? പുതിയ വിഡിയോ പുറത്ത്
Mail This Article
കഴിഞ്ഞ നവംബറിൽ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന അൽ ഖായിദ നേതാവ് അയ്‌മാൻ അൽ സവാഹിരിയുടെ ഒരു മണിക്കൂർ വിഡിയോ പുറത്തുവിട്ടു. സെപ്റ്റംബർ 11 ഭീകരാക്രണത്തിന്റെ വാർഷികദിനത്തിലാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. വിഡിയോയിൽ അടുത്തിടെ സംഭവിച്ച ചില കാര്യങ്ങൾ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ജിഹാദി ഗ്രൂപ്പുകളുടെ ഓൺലൈൻ പ്രവർത്തനം നിരീക്ഷിക്കുന്ന യുഎസ് ആസ്ഥാനമായുള്ള സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പാണ് അൽ ഖായിദ പുറത്തുവിട്ട ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയെക്കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. റഷ്യൻ സൈനിക താവളത്തിലെ റെയ്ഡ് തുടങ്ങി ചില വിഷയങ്ങൾ സവാഹിരി സംസാരിച്ചതായി സൈറ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ, അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതിനെക്കുറിച്ച് സവാഹിരി പരാമർശിച്ചിട്ടില്ലെന്ന് സൈറ്റ് ഡയറക്ടർ റീത്ത കാറ്റ്സ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നവംബറിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും സവാഹിരിയെ വിഡിയോയിൽ കാണിച്ചത് വീണ്ടും ചർച്ചയായിട്ടുണ്ട്. 9/11 ഭീകരാക്രമണത്തിന്റെ 19 -ാം വാർഷികത്തിലും അദ്ദേഹം ഒരു വിഡിയോ സന്ദേശത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഈജിപ്‌ത് വംശജനായ അൽ ഖായിദ നേതാവാണ് അയ്‌മാൻ അൽ സവാഹിരി. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ സംരക്ഷണയിൽ കറാച്ചിയിൽ ഒളിവിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലപ്പെട്ടതായും വാർത്തവന്നത്. 2001ൽ അഫ്‌ഗാനിസ്ഥാനിൽനിന്നു യുഎസ് സേന അൽ ഖായിദയെ തുരത്തിയതു മുതൽ സവാഹിരിയെ പാക്കിസ്ഥാൻ സംരക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.
പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് അൽ ഖായിദ മേധാവിയായിരുന്ന ഒസാമ ബിൻ ലാദൻ 2011 മേയ് രണ്ടിനു യുഎസ് കമാൻഡോകളുടെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിൻ ലാദനു ശേഷം അൽ ഖായിദയെ നയിച്ചതു സവാഹിരിയാണ്. ഒട്ടേറെ ഡ്രോൺ ആക്രമണങ്ങളാണു യുഎസ് സേന സവാഹിരിയെ ലക്ഷ്യമിട്ടു പാക്ക്–അഫ്ഗാൻ അതിർത്തിയിൽ നടത്തിയത്. 2020 നവംബറിലാണ് അവസാന ആക്രമണം. ഈ ആക്രണത്തിൽ സഹാവിഹി കൊല്ലപ്പെട്ടു എന്നായിരുന്നു റിപ്പോർട്ട്.
സവാഹിരി ജീവിച്ചിരിപ്പുണ്ടെന്നും അഫ്ഗാനിസ്ഥാനിലെ താലിബാൻ സുരക്ഷിതമായ വീട്ടിൽ ഒളിച്ചിരിക്കുകയാണെന്നും അടുത്തിടെ മാധ്യമങ്ങൾ ആരോപിച്ചിരുന്നു. ഇതിനിടെയാണ് വിഡിയോയും പുറത്തുവന്നിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ സിറിയയിലെ അൽ-ഖായിദയുമായി ബന്ധമുള്ള ഗ്രൂപ്പ് ഹുറാസ് അൽ-ദീൻ നടത്തിയ ‘ജറുസലേം ജുഡൈസേഷൻ’, റഷ്യൻ സൈനിക താവളത്തിനു നേരെയുള്ള ആക്രമണം എന്നിവയെക്കുറിച്ച് സവാഹിരി സംസാരിച്ചു. ഇതെല്ലാം അദ്ദേഹം മരിച്ചുവെന്ന റിപ്പോർട്ട് വന്നതിന് ശേഷം സംഭവിച്ചതാണ്.
English Summary: Al-Qaeda Leader Could Be Alive as He Appears in Footage Released on 9/11 Anniversary - Reports