ADVERTISEMENT

ചാര വിമാനങ്ങളെ ക്വാണ്ടം റഡാര്‍ ഉപയോഗിച്ച് പിടികൂടാനുള്ള അത്യാധുനിക സാങ്കേതികവിദ്യയുമായി ചൈനീസ് പ്രതിരോധ ശാസ്ത്രജ്ഞര്‍. ഉറപ്പിച്ചതോ കറങ്ങിക്കൊണ്ടിരിക്കുന്നതോ ആയ ഡിഷുകള്‍ വഴിയാണ് ഭൂരിഭാഗം റഡാറുകളും പ്രവര്‍ത്തിക്കുന്നതെങ്കില്‍ തോക്കുപോലുള്ള ഉപകരണമാണ് ക്വാണ്ടം റഡാറില്‍ ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും പ്രകാശ വേഗത്തില്‍ പുറത്തേക്ക് കുതിക്കുന്ന മൈക്രോവേവിന്റെ ചെറു ചുഴലിയാണ് ക്വാണ്ടം റഡാര്‍ പുറത്തേക്ക് വിടുക. 

 

മറ്റേത് റഡാറുകളേക്കാളും സങ്കീര്‍ണമാണ് പുതിയ ക്വാണ്ടം റഡാര്‍ സാങ്കേതികവിദ്യ. അതുകൊണ്ടുതന്നെ ഇവ നിര്‍മിച്ചെടുക്കുകയും എളുപ്പമല്ലെന്ന് സിന്‍ഗുവ സര്‍വകലാശയിലെ എയറോസ്‌പേസ് എൻജിനീയറിങ് സ്‌കൂള്‍ പ്രൊഫസര്‍ സാങ് ചാവോ പറയുന്നു. ചൈനയിലെ ജേണല്‍ ഓഫ് റഡാറില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പ്രൊഫ. സാങ് ചാവോ ഇക്കാര്യം സൂചിപ്പിക്കുന്നത്. 

 

വിചിത്രമായ പല സവിശേഷതകളും ഈ മനുഷ്യ നിര്‍മിത വൈദ്യുത കാന്തിക ചുഴലികള്‍ക്കുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരം തരംഗങ്ങളുടെ ശേഷിയില്‍ സമയ- ദൂര വ്യതിയാനത്തിനനുസരിച്ച് കാര്യമായ കുറവുണ്ടാവുന്നില്ലന്നതാണ് ഇതില്‍ പ്രധാനം. ഐന്‍സ്റ്റീന്റെ സിദ്ധാന്ത പ്രകാരം ഇത് സാധ്യമായ കാര്യമല്ല. എന്നാല്‍ ക്വാണ്ടം ഫിസിക്‌സ് നിയമങ്ങളുപയോഗിച്ചാണ് ഗവേഷകര്‍ ഈ സവിശേഷത വിശദീകരിക്കുന്നത്. മോശം കാലാവസ്ഥയിലും ദീര്‍ഘ ദൂരത്തുമുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ അതുകൊണ്ടു തന്നെ ക്വാണ്ടം റഡാറുകള്‍ക്ക് സാധിക്കും. 

 

വൈദ്യുത കാന്തിക തരംഗങ്ങളെ പ്രതിഫലിപ്പിക്കുമെന്നതിനാല്‍ ഭൂരിഭാഗം വിമാനങ്ങളും റഡാറുകളില്‍ ദൃശ്യമാകും. എന്നാല്‍ റഡാര്‍ തരംഗങ്ങളെ ഡിസൈനിലെ സവിശേഷതകളും മറ്റും ഉപയോഗിച്ചാണ് ചാരവിമാനങ്ങള്‍ കബളിപ്പിക്കുന്നത്. ഒരു വിഭാഗം വൈദ്യുത കാന്തിക തരംഗങ്ങളെ ഉള്‍ക്കൊള്ളുകയും മറ്റൊരു വിഭാഗത്തെ പുറന്തള്ളുകയും ചെയ്തും ചാരവിമാനങ്ങള്‍ റഡാറുകളെ കബളിപ്പിക്കാറുണ്ട്. എഫ് 35 പോലുള്ള പോര്‍വിമാനങ്ങള്‍ ചെറിയൊരു ബേസ്‌ബോള്‍ പോലെയാണ് പല റഡാറുകളിലും ദൃശ്യമാവുക. 

 

അടുത്തിടെ റഡാര്‍ സാങ്കേതികവിദ്യകളില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ട്. ചാര വിമാനങ്ങളെ പോലും കണ്ടെത്താനാവുമെന്ന് പല റഡാറുകളുടെ നിര്‍മാതാക്കളും അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. ഏതാണ്ട് ഒരു പതിറ്റാണ്ട് മുൻപാണ് ആദ്യമായി ക്വാണ്ടം റഡാര്‍ ആശയം അവതരിപ്പിക്കപ്പെട്ടത്. 2016ല്‍ തന്നെ ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ തങ്ങള്‍ ക്വാണ്ടം റഡാര്‍ പരീക്ഷണം ആരംഭിച്ചുവെന്ന് അവകാശപ്പെട്ടിരുന്നു. വൈകാതെ പല രാജ്യങ്ങളും ക്വാണ്ടം റഡാര്‍ നിര്‍മിക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും ആരും വിജയിച്ചിട്ടില്ല. 

 

ക്വാണ്ടം റഡാര്‍ എന്ന ആശയത്തെ അവതരിപ്പിച്ച ഭൗതികശാസ്ത്രജ്ഞരില്‍ ഒരാളായ എംഐടി പ്രൊഫസര്‍ ജെഫ്രി ഷാപിറോ തന്നെ ചൈനയുടെ ഈ അവകാശ വാദത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. 'ഈയൊരു സംവിധാനം അടുത്ത കാലത്ത് പ്രാവര്‍ത്തികമാകുമെന്ന് വിശ്വസിക്കാതിരിക്കാന്‍ മാത്രം നിരവധി കാരണങ്ങള്‍ എനിക്കു മുന്നിലുണ്ട്' എന്നായിരുന്നു സയന്‍സ് മാഗസിന് കഴിഞ്ഞ വര്‍ഷം നല്‍കിയ അഭിമുഖത്തില്‍ ജെഫ്രി ഷാപിറോ പറഞ്ഞത്. സാധാരണ ക്വാണ്ടം റഡാറില്‍ ഉപയോഗിക്കുന്ന തരംഗങ്ങള്‍ മേഘങ്ങളിലൂടെയും മഞ്ഞിലൂടെയും സഞ്ചരിക്കുമ്പോള്‍ ചിതറിത്തെറിക്കുകയും ശേഷി കുറയുകയും ചെയ്യുന്നതാണ് പ്രധാന വെല്ലുവിളി. 

 

ഈ പരിമിതിയെ മറികടക്കുന്ന ഫലമായിരുന്നു സിന്‍ഹുവ ക്യാംപസ് ലബോറട്ടറിയില്‍ സാങും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ക്വാണ്ടം റഡാര്‍ പരീക്ഷണം നല്‍കിയതെന്നാണ് ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇത് ചാര വിമാനങ്ങളെ കണ്ടെത്താനുള്ള റഡാറിന്റെ ശേഷി 10 ശതമാനത്തില്‍ നിന്നും 95 ശതമാനമാക്കി കുത്തനെ ഉയര്‍ത്തിയെന്നും എസ്‌സിഎംപി പറയുന്നു. 

 

വ്യത്യസ്ത സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ക്വാണ്ടം റഡാറുകള്‍ ചൈന നിര്‍മിച്ചിട്ടുണ്ടെന്ന് ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ് കോര്‍പറേഷന്‍(CETC) പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നുണ്ട്. ചെങ്കുഡു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രധാന ചൈനീസ് പ്രതിരോധ കരാര്‍ സ്ഥാപനമാണിത്. എന്നാല്‍ ഈ റഡാറുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയല്ലെന്നും മറ്റു റഡാറുകള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തുന്നതാണെന്നും സിഇടിസി ഗവേഷകര്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ മൈക്രോവേവ് തരംഗദൈര്‍ഘ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാണ്ടം റഡാറുകളുടെ കാര്യക്ഷമത ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രായോഗിക തലത്തിലെ ബുദ്ധിമുട്ടുകളാണ് സൈനിക ഗവേഷകര്‍ മുന്നോട്ടുവെക്കുന്നത്. വളരെ താഴ്ന്ന താപനിലയില്‍ മാത്രമാണ് മൈക്രോവേവ് തരംഗദൈര്‍ഘ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാണ്ടം റഡാറുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നതാണ് പ്രധാന വെല്ലുവിളി. 

 

ക്വാണ്ടം റഡാറുകള്‍ അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ചൈനീസ് അവകാശവാദങ്ങള്‍ അടിവരയിടുന്നത്. ക്വാണ്ടം റഡാറുകളെ മറികടക്കുന്ന മിസൈലുകളും ചാരവിമാനങ്ങളും നിര്‍മിക്കാനുള്ള ഗവേഷണം ഇതിനകം തന്നെ പല ചൈനീസ് പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളും തുടങ്ങിയിട്ടുണ്ടെന്നത് ഇതിന്റെ പ്രാധാന്യം തെളിയിക്കുന്നുണ്ട്. സിഇടിസി പഠനം തന്നെയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്.

 

English Summary: Chinese team says quantum physics project moves radar closer to detecting stealth aircraft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com