ADVERTISEMENT

ബ്രിട്ടിഷ് സൈന്യത്തിനകത്ത് പുതിയ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചിരിക്കുകയാണ് അവരുടെ തന്നെ അയാക്‌സ് ലൈറ്റ് വൈറ്റ് ടാങ്കുകള്‍. ഈ യുദ്ധ ടാങ്കുകള്‍ ഉപയോഗിച്ചവരില്‍ കുറഞ്ഞത് 310 ബ്രിട്ടിഷ് സൈനികര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം ടാങ്ക് തന്നെ ശത്രുവായതോടെ ഉയര്‍ന്ന ശബ്ദം മൂലമുള്ള കേള്‍വി തകരാറുകള്‍, കുലുക്കത്തെ തുടര്‍ന്ന് ഇടുപ്പിനും നട്ടെല്ലിനും വന്ന തകരാറുകള്‍ എന്നിവയാണ് ബ്രിട്ടിഷ് സൈനികര്‍ക്ക് അനുഭവിക്കേണ്ടി വന്നത്. 

 

അയാക്‌സിന്റെ ലൈറ്റ് വൈറ്റ് ടാങ്കുകള്‍ സൈനികര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം തന്നെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 നവംബറില്‍ പരീക്ഷണ ഓട്ടങ്ങള്‍ക്കിടെ തന്നെ അയാക്‌സ് ലൈറ്റ് ടാങ്കുകള്‍ കുഴപ്പക്കാരാണെന്ന ആശങ്ക ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൈനികാവശ്യത്തിന് ഉപയോഗിക്കാനാവില്ലെന്ന് കണ്ടതോടെ അയാക്‌സ് ലൈറ്റ് ടാങ്കുകളെ തിരിച്ചുവിളിച്ചിരിക്കുകയാണ്. 

 

അയാക്‌സ് ലൈറ്റ് ടാങ്കുകളെ ഉപയോഗിക്കാനുള്ള തീരുമാനത്തെ ദുരന്തമെന്നാണ് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ ജെറമി ക്വിന്‍ വിശേഷിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് അയാക്‌സ് ലൈറ്റ് ടാങ്കുകള്‍ക്ക് പകരക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ ടാങ്കുകളുമായി യുദ്ധത്തിന് പോകുന്ന ബ്രിട്ടിഷ് സൈനികരുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിശയം തോന്നുന്നുവെന്നാണ് കോമണ്‍സ് ഡിഫെന്‍സ് കമ്മറ്റി അംഗവും എംപിയുമായ മാര്‍ക്ക് ഫ്രാന്‍കോയിസ് പറഞ്ഞത്. 

 

മണിക്കൂറില്‍ 32 കിലോമീറ്ററിനും വേഗത്തില്‍ അയാക്‌സ് ലൈറ്റ് ടാങ്കുകള്‍ ഓടിച്ച സൈനികർക്കാണ് ദൂഷ്യഫലങ്ങൾ ഏറെയും അനുഭവിക്കേണ്ടിവന്നത്. ടാങ്കിന്റെ പരമാവധി വേഗം മണിക്കൂറില്‍ 64 കിലോമീറ്ററാണ്. അയാക്‌സിന് ഏതാണ്ട് 4.9 ബില്യണ്‍ ഡോളറാണ് (ഏതാണ്ട് 36,000 കോടി രൂപ) ബ്രിട്ടന്‍ നല്‍കിയിട്ടുള്ളത്. സ്‌കോട്ട് എസ്‌വി എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന ജനറല്‍ ഡൈനാമിക്‌സ് അയാക്‌സുമായി ബ്രിട്ടന്‍ 2014ല്‍ ആരംഭിച്ച സഹകരണം 2024വരെയാണ് തുടരുന്നത്. 

 

2020 നവംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലത്ത് ഈ ടാങ്കുകളുടെ ഉപയോഗം ബ്രിട്ടിഷ് സൈന്യം നിര്‍ത്തിവെച്ചിരുന്നതായി ദ ടെലഗ്രാഫ് ജൂലൈയില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ ടാങ്ക് ഉപയോഗിച്ച സൈനികര്‍ക്ക് സന്ധിവീക്കവും ചെവിയില്‍ തുടര്‍ച്ചയായി മൂളലും അനുഭവപ്പെട്ടുവെന്നും ശബ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹെഡ് സെറ്റുകള്‍ ഉപയോഗിക്കേണ്ടി വന്നുവെന്നും ദ ടെലഗ്രാഫ് റിപ്പോര്‍ട്ടിണ്ടായിരുന്നു.

 

English Summary: Over 300 UK Soldiers Seek Medical Aid After Trials of New Tank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com