പാക്ക് ചാരസംഘടനയ്ക്ക് പുതിയ തലവൻ. ലക്ഷ്യം ബലോചിസ്ഥാൻ അടിച്ചമർത്തൽ?
Mail This Article
പാക്കിസ്ഥാൻ സൈന്യത്തിൽ കഴിഞ്ഞ ദിവസം നടന്ന വൻ അഴിച്ചുപണിയുടെ ഫലമായി പാക്ക് ചാരസംഘടന ഐഎസ്‌ഐയ്ക്ക് പുതിയ മേധാവി. ലഫ്റ്റനന്റ് ജനറൽ ഫയീസ് ഹമീദായിരുന്നു നിലവിൽ ഐഎസ്‌ഐയുടെ തലവൻ. എന്നാൽ ഈ സ്ഥാനത്തേക്ക് ലഫ്.ജനറൽ നദീം അൻജും നിയമിതനായി. അഫ്ഗാനിലെ താലിബാൻ മുന്നേറ്റത്തിനു പിന്നിലുള്ള പ്രധാന തലച്ചോറുകളിലൊന്ന് എന്നു വിശ്വസിക്കപ്പെടുന്ന ഫയീസ് ഹമീദിന്റെ പൊടുന്നനെയുള്ള മാറ്റം രാജ്യാന്തര പ്രതിരോധ വിദഗ്ധരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഫയീസ് ഹമീദിനെ പെഷാവർ കോർ എന്നുള്ള പാക്ക് സൈനിക റജിമെന്റിനെ പുതിയ കമാൻഡറായി ഇപ്പോൾ നിയമിച്ചിട്ടുണ്ട്. നിലവിൽ എക്സ്റ്റൻഷനിലുള്ള ജനറൽ ഖമർ ജാവേദ് ബാജ്വ അടുത്ത വർഷം സ്ഥാനമൊഴിയുമ്പോൾ പാക്ക് സൈന്യത്തിന്റെ മേധാവിയായി ഫയീസ് നിയമിതനാകുമെന്ന് വലിയ അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ഇതും പെഷാവർ കോർ കമാൻഡർ എന്ന നിലയിൽ അഫ്ഗാനുമായും ചൈനയുമായും സഹകരിക്കാനുള്ള അവസരവും കണക്കാക്കിയാണ് ഫയീസിന്റെ പുതിയ സ്ഥാനമാറ്റമെന്നും കരുതപ്പെടുന്നു.
പാക്ക് പ്രധാനമന്ത്രിയാണ് ഐഎസ്ഐ മേധാവിയെ നിയമിക്കുന്നത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ തലവേദനകളിലൊന്നായ ബലോചിസ്ഥാനിലെ വിമത പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണോ പൊടുന്നനെ നദീം അൻജുമിനെ ഐഎസ്‌ഐയുടെ മേധാവി സ്ഥാനത്തേക്കു നിയമിച്ചതെന്ന സംശയം കനപ്പെടുന്നുണ്ട്. മുൻപ് ബലോചിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഫ്രണ്ടിയർ കോറിന്റെ ഇൻസ്‌പെക്ടർ ജനറലായിരുന്നു അൻജും. അക്കാലത്ത് ബലോച് സ്വാതന്ത്ര്യ സേനാനികൾക്കു മേൽ സൈനികബലം ഉപയോഗിച്ച് അടിച്ചമർത്തൽ നടത്തുന്നതിനു കുപ്രസിദ്ധനുമായിരുന്നു.
കറാച്ചി കോറിന്റെ കമാൻഡർ എന്നുള്ള രീതിയിലും പ്രവർത്തിച്ചിട്ടുള്ള നദീം 2019ലാണ് ലഫ്റ്റനന്റ് ജനറൽ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. പാക്കിസ്ഥാന്റെ പ്രതിരോധ, വിദേശകാര്യ നയങ്ങളെ വരെ ശക്തമായി സ്വാധീനിക്കുന്ന പോസ്റ്റാണ് ഐഎസ്ഐ മേധാവിയുടേത്. പഴയകാല ചരിത്രം പരിശോധിക്കുമ്പോൾ ബലോചിസ്ഥാനിൽ ശുഭകരമല്ലാത്ത ഇടപെടലുകൾക്ക് അൻജും മുതിർന്നേക്കാമെന്ന് വിദഗ്ധർ കണക്കുകൂട്ടുന്നു.
സ്വർണം മുതൽ ചെമ്പു വരെയുള്ള ലോഹങ്ങൾ, പെട്രോളിയം, കൽക്കരി, പ്രകൃതിവാതകം എന്നിവയാൽ സമ്പന്നമാണ് ഇറാനുമായി അതിർത്തി പങ്കിടുന്ന തെക്ക്പടിഞ്ഞാറൻ പാക്ക് പ്രവിശ്യയായ ബലോചിസ്ഥാൻ. വലുപ്പം കൊണ്ട് ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും (പാക്കിസ്ഥാന്റെ മൊത്തം വിസ്തീർണത്തിന്റെ 44 ശതമാനം) ജനസംഖ്യയും ജനസാന്ദ്രതയും ഇവിടെ കുറവാണ്. പാക്കിസ്ഥാന്റെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് വികസനം വളരെക്കുറവായതിനാൽ അസമത്വവികാരം ഇവിടെ ശക്തമാണ്. ബലോചിസ്ഥാനിലെ സ്വാതന്ത്യപ്രക്ഷോഭങ്ങൾ 1948 മുതൽ തന്നെ തുടങ്ങിയതാണ്. പാക്കിസ്ഥാൻ സൈന്യവും ബലോച് ദേശീയ സംഘടനകളും തമ്മിൽ തുടരുന്ന പോരാട്ടങ്ങളിൽ 1973 മുതൽ ഇതുവരെയുള്ള കാലയളവിൽ ഏഴായിരത്തോളം ബലോച് വിഭാഗക്കാരും അയ്യായിരത്തോളം സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
English Summary: Pakistan Intelligence Agency ISI Gets New Chief In Surprise Shake-Up