ADVERTISEMENT

വ്യോമസേനയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) ചേർന്ന് പോർവിമാനത്തിൽനിന്ന് ദീർഘദൂര ശേഷിയുള്ള, 1 ടൺ ഭാരമുള്ള ബോംബ് (എൽആർബി) വിജയകരമായി പരീക്ഷിച്ചു.  വെള്ളിയാഴ്ച ഒഡീഷയിലെ ബാലസോറിലെ ആകാശത്തുനിന്നാണ് തദ്ദേശീയമായി വികസിപ്പിച്ച നിയന്ത്രിത ലോങ് റേഞ്ച് ബോംബ് വിജയകരമായി പരീക്ഷിച്ചതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. അതിർത്തി പ്രദേശങ്ങളിൽ നിരവധി ഭീകര ക്യാംപുകൾ അനുവദിച്ചിട്ടുള്ള പാക്കിസ്ഥാനുള്ള മുന്നറിയിപ്പാണ് ഈ പരീക്ഷണം.

 

പോർവിമാനത്തിൽ നിന്നുള്ള പരീക്ഷണത്തിൽ എൽആർ ബോംബ് നിശ്ചിത പരിധിക്കുള്ളിൽ ലാൻഡ് അധിഷ്ഠിത ലക്ഷ്യത്തിലേക്ക് കൃത്യതയോടെ പതിച്ചെന്നാണ് റിപ്പോർട്ട്. എല്ലാ ദൗത്യ ലക്ഷ്യങ്ങളും വിജയകരമായി പൂർത്തീകരിച്ചുവെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ഒഡീഷയിലെ ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വിന്യസിച്ചിട്ടുള്ള ഇലക്‌ട്രോ ഒപ്റ്റിക്കൽ ട്രാക്കിങ് സിസ്റ്റം, ടെലിമെട്രി, റഡാർ എന്നിവയുൾപ്പെടെ നിരവധി റേഞ്ച് സെൻസറുകൾ ബോംബിന്റെ പറക്കലും പ്രകടനവും നിരീക്ഷിച്ചതായി വൃത്തങ്ങൾ അറിയിച്ചു. 

 

100 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യത്തലേക്കാണ് ബോംബ് കൃത്യമായി വീണത്. ലേസർ നിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ് ബോംബിനെ നിയന്ത്രിച്ച് കൃത്യമായി ലക്ഷ്യത്തിലേക്ക് വീഴ്ത്തിയത്. 100 കിലോമീറ്റർ ദൂരപരിധിയുള്ള എൽആർ ബോംബ് 10 കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന യുദ്ധവിമാനത്തിൽ നിന്നാണ് തൊടുത്തുവിട്ടത്.

 

മറ്റ് ഡിആർഡിഒ ലബോറട്ടറികളുമായി ഏകോപിപ്പിച്ച് ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമാറാത്ത് (ആർസിഐ) ആണ് എൽആർ ബോംബ് രൂപകൽപന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. വിജയകരമായ പരീക്ഷണത്തിന്റെ ഭാഗമായ ഡിആർഡിഒ, ഐഎഎഫ്, മറ്റ് ടീമുകൾ എന്നിവയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിക്കുകയും ഇത് ഇന്ത്യൻ സായുധ സേനയുടെ ശക്തി വർധിപ്പിക്കുമെന്ന് തെളിയിക്കുകയും ചെയ്തതായി പറയുകയും ചെയ്തു.

 

ലോംഗ് റേഞ്ച് ബോംബിന്റെ വിജയകരമായ പരീക്ഷണം തദ്ദേശീയമായി ഇത്തരത്തിലുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഡിആർഡിഒ ചെയർമാൻ ജി. സതീഷ് റെഡ്ഡി ടീമുകൾക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു. പശ്ചിമബംഗാളിലെ കലൈക്കുണ്ട വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്നാണ് പരീക്ഷണം നടന്നത്.

 

കാർഗിൽ യുദ്ധം മുതൽ 2019 ലെ ബാലാകോട്ടിലെ ഓപ്പറേഷൻ ബന്ദർ വരെ, ഇന്ത്യ നേരത്തെ ഇസ്രയേൽ നിർമിത ലേസർ ഗൈഡഡ് ബോംബുകൾ ഉപയോഗിച്ചിട്ടുണ്ട്. എൽആർ ബോംബിന്റെ വിജയകരമായ പരീക്ഷണം ഇന്ത്യയ്ക്ക് സ്വന്തമായി തന്നെ ഈ ശേഷി നേടാൻ സഹായിച്ചിരിക്കുന്നു. 100 കിലോമീറ്റർ അകലെയുള്ള ശത്രു ലക്ഷ്യങ്ങളെ ഉയർന്ന കൃത്യതയോടെ ആക്രമിക്കാനും പ്രാപ്തമാക്കുന്നതാണ് ഇത്.

 

English Summary: India’s 1st long-range 1 ton guided bomb test-fired, hits target 100 km away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com