ADVERTISEMENT

ലോകമെമ്പാടുമുള്ള മനുഷ്യരാശിയുടെ ജീവിതം കീഴ്‌മേൽ മറിച്ച ഒന്നാം ലോകയുദ്ധത്തിന് കാഹളമൂതി ആദ്യ വെടികൾ വച്ച പടക്കപ്പൽ വീണ്ടും നീറ്റിലിറങ്ങി. പഴയകാല ഓസ്‌ട്രോ ഹംഗറി പടക്കപ്പലായ എസ്എംഎസ് ബോദ്രോഗ്രാണ് ആറ് വർഷത്തോളം നീണ്ട നവീകരണത്തിന് ശേഷം വീണ്ടും നീറ്റിൽ ഇറങ്ങിയത്. സാവ എന്ന പേരിൽ നാവിക മ്യൂസിയം എന്ന രീതിയിലും ബോദ്രോഗ് പ്രവർത്തിക്കും.

 

സമ്പന്നമായ ഒരു യുദ്ധഭൂതകാലമുള്ള കപ്പൽ ആണ് ബോദ്രോഗ്. 1914ൽ ഓസ്‌ട്രോ ഹംഗറി സാമ്രാജ്യത്തിന്റെ കിരീട അവകാശിയായ ആർച്ച് ഡ്യൂക് ഫ്രാൻസിസ് ഫെർഡിനൻഡും ഭാര്യ സോഫിയും ബോസ്‌നിയയിൽ വെടിയേറ്റ് മരിച്ചതാണ് ഒന്നാം ലോകയുദ്ധതിനുള്ള പ്രത്യക്ഷ കാരണമായി മാറിയത്. എന്നാൽ ബാൽക്കൻ മേഖലയിലെ സംഘർഷവും റഷ്യ, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ വൻ ശക്തികളുടെ ഇടപെടലും താല്പര്യങ്ങളും കൂടി ആയതോടെ യുദ്ധം കൊടുമ്പിരി കൊണ്ടു. മുൻപുള്ള യുദ്ധങ്ങളിൽ ഇല്ലാത്ത വിധമുള്ള സാങ്കേതിക സംവിധാനങ്ങളും അതീവ നശീകരണ ശേഷിയുള്ള ആയുധങ്ങളും ട്രഞ്ച് യുദ്ധരീതികളും കൂടി ആയതോടെ വൻ ജീവനാശവും മറ്റു നാശ നഷ്ടങ്ങളും ഉടലെടുത്തു. 2 കോടി  പേര് മരിച്ചെന്നും 2.1 കോടി പേർക്ക് ഗുരുതരമായി പരുക്കുകൾ ഏറ്റെന്നുമാണ് കണക്ക്. 

 

ഓസ്‌ട്രോ ഹംഗറി സാമ്രാജ്യം സെർബിയയെ ആക്രമിച്ചതോടെയാണു ഒന്നാം ലോകയുദ്ധത്തിനു തുടക്കമിട്ടത്. 1914 ജൂലൈ 28ന് സാവ, ഡാന്യൂബ് എന്നീ നദികളുടെ സംഗമസ്ഥാനത്ത് നിന്നു ബെൽഗ്രേഡിലെ സെർബിയൻ സൈനികകേന്ദ്രങ്ങൾക്കു നേരെ  ആദ്യ വെടികൾ ഉതിർത്ത പടക്കപ്പൽ ബോർഡോഗായിരുന്നു. ഇതിനൊപ്പം എസ്എംഎസ് ലെയ്ത്ത എന്ന കപ്പൽ അകമ്പടിയായുണ്ടായിരുന്നു. ഇതിപ്പോൾ ഹംഗറിയിലെ ബുഡാപ്പെസ്റ്റിലാണു സൂക്ഷിച്ചിരിക്കുന്നത്.

 

പിന്നീട് രണ്ടാം ലോകയുദ്ധത്തിലും സാവ എന്ന പേരിൽ ബോർഡോഗ് കപ്പൽ സൈനികദൗത്യങ്ങൾക്കിറങ്ങി. അതിനു ശേഷം യൂഗോസ്ലാവിയൻ നാവികസേനയുടെ ഭാഗമായി 1962 വരെ ഇതു തുടർന്നു. ഇതിനു ശേഷം നേവിയിൽ നിന്നു ഡീകമ്മിഷൻ ചെയ്യപ്പെട്ട സാവ, ഗ്രാവൽ കയറ്റാനുള്ള കപ്പലായി മാറുകയും ഒരു സ്വകാര്യ കമ്പനി ഇതിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ചെയ്തു. കാലപ്പഴക്കത്തിൽ ഇതിന്റെ ശേഷി കുറഞ്ഞതിനെ തുടർന്നു ബെൽഗ്രേഡിനു സമീപം ഇത് ഉപേക്ഷിക്കപ്പെട്ടു. 189 അടി നീളമുള്ള കപ്പൽ 1903ൽ ബുഡാപെസ്റ്റിലാണു നിർമിച്ചിരുന്നത്. 

 

2006 ആയതോടെ ഈ കപ്പൽ ഒരു ലോകയുദ്ധ സ്മാരകമാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ഇതെത്തുടർന്നാണു സെർബിയൻ പ്രതിരോധ മന്ത്രാലയം ഇതിനു സ്മാരക പദവി കൊടുക്കുകയും അറ്റകുറ്റപ്പണികൾ നടത്താൻ പദ്ധതി രൂപീകരിക്കുകയും ചെയ്തത്. 15 വർഷങ്ങളുടെ പണികൾക്കു ശേഷം ഇപ്പോൾ സാവ പഴയകാലപ്രതാപത്തിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. ഇതൊരു നാവിക മ്യൂസിയമായി ഇനി വർത്തിക്കും... ചരിത്രത്തെ തന്നെ മാറ്റിമറിച്ച ലോകയുദ്ധകാലങ്ങളുടെ ഓർമകളും പേറി.

 

English Summary: Serbia restores warship that fired first shots of World War I

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com