വിമാനവാഹിനിക്കപ്പൽ മുങ്ങിയാലും ഭയക്കേണ്ട, ഉയർത്താൻ പുതിയ കാന്തം സജ്ജമാണ്
Mail This Article
വിമാനവാഹിനി കപ്പലിനെ വരെ ഉയര്‍ത്താന്‍ ശേഷിയുള്ള അതിശക്തമായ കാന്തം കണ്ടെത്തിയിരിക്കുകയാണ് ഫ്രാന്‍സ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടര്‍ (ITER) പദ്ധതിയിലെ ഗവേഷക കൂട്ടായ്മ. ന്യൂക്ലിയര്‍ ഫിഷന്‍ വഴി പരിധികളില്ലാത്ത ഊര്‍ജം ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ രാജ്യാന്തര കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്.
സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ഊര്‍ജ ഉത്പാദനം നടക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയര്‍ ഫിഷന്‍. രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ഹീലിയം ആറ്റം നിര്‍മിക്കപ്പെടുകയും കൂട്ടത്തില്‍ വലിയ തോതില്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുകയുമാണ് ഫിഷനില്‍ സംഭവിക്കുന്നത്. നിലവിലെ സാങ്കേതികവിദ്യകള്‍ ഫിഷന്‍ വഴിയുണ്ടാവുന്ന ഉയര്‍ന്ന ഊഷ്മാവിനേയും മര്‍ദത്തേയും നിയന്ത്രിക്കുന്നതിന് ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം വേണ്ടിവരുമെന്നതാണ് വെല്ലുവിളി. അതിശക്തമായ കാന്തങ്ങള്‍ ഉപയോഗിച്ച് ഈ വെല്ലുവിളി മറികടക്കാനാണ് ശാസ്ത്രലോകത്തിന്റെ ശ്രമം.
എല്ലാ ഭാഗങ്ങളും കൂട്ടി യോജിപ്പിച്ചു കഴിഞ്ഞാല്‍ ഏതാണ്ട് 60 അടി ഉയരവും 14 അടി വ്യാസവും ഉള്ള കൂറ്റന്‍ കാന്തമാണ് ഐടിഇആർ നിര്‍മിക്കുന്നത്. അമേരിക്കയിലെ ജനറല്‍ അറ്റോമിക്‌സ് നിര്‍മിച്ച സെന്‍ട്രല്‍ സോളിനോയ്ഡ് എന്ന് വിളിക്കുന്ന ഈ കാന്തത്തിന്റെ പ്രധാന ഭാഗം സാന്റിയാഗോയില്‍ നിന്നും ഫ്രാന്‍സിലേക്കെത്തിച്ചു കഴിഞ്ഞു. പൂര്‍ണ രൂപത്തിലേക്കെത്തുമ്പോള്‍ 1,13,400 കിലോഗ്രാം ഭാരമുണ്ടാകും ഈ പടുകൂറ്റന്‍ കാന്തത്തിനെന്ന് ഐടിഇആർ വക്താവ് ലെബാന്‍ കോബ്ലെന്‍സ് പറഞ്ഞു.
ഇതിനകം തന്നെ 75 ശതമാനം പൂര്‍ത്തിയായ ഈ പദ്ധതി 2026 ആകുമ്പോഴേക്കും യാഥാര്‍ഥ്യമാക്കാനാണ് ഐടിഇആർ ശ്രമം. 2035 ആകുമ്പോഴേക്കും ഫ്യൂഷന്‍ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടതിന്റെ പത്തിരട്ടി ഊര്‍ജം നിര്‍മിക്കാനും ലക്ഷ്യമുണ്ട്. ആഗോള തലത്തില്‍ ഐടിഇആർ മാത്രമല്ല ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ ശ്രമിക്കുന്നത്. എംഐടി ആൻഡ് കോമണ്‍വെല്‍ത്ത് ഫ്യൂഷന്‍ സിസ്റ്റംസ് തങ്ങളുടെ ഫ്യൂഷന്‍ പവര്‍ പ്ലാന്റ് 2030 തുടക്കത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളും ഐടിഇആർ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഈ പദ്ധതി ലക്ഷ്യം കണ്ടാല്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം ന്യൂക്ലിയര്‍ ഫിഷന്‍ വഴി ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായി ലഭിക്കും. അതുകൊണ്ടുതന്നെ കാര്‍ബണ്‍ പുറംതള്ളല്‍ നിയന്ത്രിക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് ഈ പദ്ധതിയുടെ വിജയം വലിയ തോതില്‍ സ്വാധീനിക്കുമെന്നും കരുതപ്പെടുന്നു.
English Summary: New Magnet Is Powerful Enough to Lift an Aircraft Carrier