ആരാണ് റഷ്യ ഇറക്കിയ ചെചന്‍ പോരാളികള്‍? എന്തിനാണ് അവരെ യുക്രെയ്‌നിലേക്ക് അയയ്ക്കുന്നത്?
Mail This Article
യുക്രെയ്‌നിലെത്തിയ ചെചെന്‍ സൈനികരുടെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി റഷ്യന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. യുക്രെയ്‌നെതിരായ മാനസിക യുദ്ധത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരാണ് റഷ്യ അണിനിരത്തുന്ന ചെചന്‍ പോരാളികള്‍? എന്തിനാണ് റഷ്യ അവരെ യുക്രെയ്‌നിലേക്ക് അയയ്ക്കുന്നത്?
പതിനായിരത്തിലേറെ ചെചന്‍ സൈനികര്‍ യുക്രെയ്‌നില്‍ ഉണ്ടെന്ന് ചെചെന്‍ പ്രധാനമന്ത്രി റംസാന്‍ കാദ്യറോവ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ അനുകൂല ടെലഗ്രാം ഗ്രൂപ്പുകളില്‍ പതിനായിരത്തിനും എഴുപതിനായിരത്തിനും ഇടക്ക് ചെചെന്‍ സൈനികര്‍ യുക്രെയ്‌നില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. ഉത്തര കൊകാസസ് മലനിരകളില്‍ നിന്നുള്ള ആയിരക്കണക്കിന് വര്‍ഷത്തെ തനത് പാരമ്പര്യമുള്ള ഗോത്രങ്ങളില്‍ ഒന്നാണ് ചെചെന്‍സ്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളപ്പോഴും ചെച്‌നിയയുടെ കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകള്‍ രക്തരൂക്ഷിതമായ യുദ്ധത്തിന്റേതാണ്.
ചെച്‌നിയക്കാര്‍ 1917ല്‍ റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൈകാതെ ഈ പ്രദേശങ്ങള്‍ കീഴടക്കിയ സോവിയറ്റ് യൂണിയന്‍ ചെചെനോ ഇന്‍ഗുഷ് ഓട്ടോണമസ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്ക് (ചെചെനോ ഇന്‍ഗുഷ് ASSR) എന്ന പേരിലാക്കി തങ്ങളുടെ ഭാഗമാക്കുകയും ചെയ്തു. സോവിയറ്റ് അധിനിവേശത്തിനെതിരെ പരസ്യമായും രഹസ്യമായും പിന്നീട് ചെച്‌നിയക്കാര്‍ രംഗത്തെത്തുകയും ചെയ്തു.
ചെച്‌നിയക്കാരുടെ എതിര്‍പ്പ് വര്‍ധിച്ചതോടെ എല്ലാ ചെച്‌നിയക്കാരേയും സൈബീരിയയിലേക്ക് നാടുകടത്തുകയാണ് ജോസഫ് സ്റ്റാലിന്‍ ചെയ്തത്. സ്റ്റാലിന്‍ നാടുകടത്തിയ ചെച്‌നിയക്കാരില്‍ പകുതിയോളം പേര്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് പിന്നീട് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്. പിന്നീട് നികിത ക്രൂഷ്‌ചേവിന്റെ കാലത്താണ് ചെച്‌നിയക്കാര്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചെത്താന്‍ അനുമതി ലഭിച്ചത്. സ്റ്റാലിന്റെ കാലത്ത് ചെച്‌നിയക്കാരെ സൈബീരിയയിലേക്ക് നാടുകടത്തിയത് വംശീയ കൂട്ടക്കൊലയായി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ചെചെനോ ഇന്‍ഗുഷ് ASSRനെ റിപ്പബ്ലിക് ഓഫ് ഇന്‍ഗുഷെറ്റിയ, ചെചെന്‍ റിപ്പബ്ലിക്ക് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഇതില്‍ 1994-96 കാലഘട്ടത്തില്‍ നടന്ന റഷ്യയുമായുള്ള യുദ്ധ ശേഷം ചെചെന്‍ റിപ്പബ്ലിക്ക് ചെചെന്‍ റിപ്പബ്ലിക്ക് ഓഫ് ഇച്ച്‌കെരിയ എന്ന പേരില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒന്നാം ചെചെന്‍ യുദ്ധം എന്നറിയപ്പെടുന്ന ഈ യുദ്ധത്തില്‍ ഏതാണ്ട് 30,000 നും ഒരു ലക്ഷത്തിനും ഇടയ്ക്ക് ചെച്‌നിയക്കാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം 1999ല്‍ വീണ്ടും റഷ്യ ചെച്‌നിയെ ആക്രമിച്ചു. ഒരു ഭാഗത്ത് റഷ്യന്‍ സൈന്യവും റഷ്യന്‍ അനുകൂല ചെച്‌നിയക്കാരും മറുഭാഗത്ത് റഷ്യന്‍ വിമതരായ ചെച്‌നിയക്കാരുമാണ് ഏറ്റുമുട്ടിയത്. ഒൻപത് മാസവും അഞ്ച് ദിവസവും നീണ്ട യുദ്ധത്തിനൊടുവില്‍ റഷ്യ വിജയിക്കുകയും ചെച്‌നിയയില്‍ റഷ്യന്‍ അനുകൂല സര്‍ക്കാര്‍ സ്ഥാപിക്കുകയുമായിരുന്നു. രണ്ടാം ചെചെന്‍ യുദ്ധത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 14,000 ചെച്‌നിയക്കാരും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം അരലക്ഷം വരെ ചെച്‌നിയക്കാരും കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്.
നിലവില്‍ ചെചെന്‍ റിപ്പബ്ലിക്ക് തലവനായ റംസാന്‍ കാദ്യറോവ് അറിയപ്പെടുന്ന പുടിന്‍ അനുകൂലിയാണ്. റഷ്യയെ വലിയ തോതില്‍ എതിര്‍ത്ത ചെച്‌നിയയുടെ സൈന്യം തന്നെ യുക്രെയ്‌നിലേക്ക് എത്തുന്നത് പുടിന്റെ മനഃശാസ്ത്ര യുദ്ധതന്ത്രങ്ങളിലൊന്നായി കണക്കാക്കുന്നു. അതേസമയം, റഷ്യ പ്രതീക്ഷിച്ച വേഗത്തില്‍ യുക്രെയ്‌നിലെ യുദ്ധം മുന്നേറുന്നില്ലെന്നും പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
English Summary: Who Are The Chechen Fighters And Why Russia Sent Them To Fight In Ukraine