ADVERTISEMENT

രണ്ടാം ലോകയുദ്ധത്തിൽ നാത്സിപ്പടയ്ക്കുമേ‍ൽ നേടിയ വിജയത്തിന്റെ വാർഷികം വൻ മിലിട്ടറി പരേഡിന്റെയും ആഘോഷത്തിന്റെയും അകമ്പടിയോടെ ആചരിക്കാനിരുന്ന റഷ്യയ്ക്ക് കടലിൽ പ്രഹരം നൽകി യുക്രെയ്ൻ. നാവിക ചെറുത്തുനിൽപിന്റെ പേരിൽ ലോകമെങ്ങും പ്രശസ്തമായ സ്നേക്ക് ഐലൻഡിനു സമീപം 3 റഷ്യൻ പടബോട്ടുകൾ ഡ്രോണുപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ നാവിക സേനയുടെ സതേൺ കമാൻഡ് അവകാശപ്പെട്ടു.

ഏകദേശം 56 റഷ്യക്കാർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നു. ഇതോടൊപ്പം രണ്ട് സർഫസ് ടു എയർ മിസൈൽ സംവിധാനങ്ങളും തകർക്കപ്പെട്ടു. തുർക്കിയിൽ നിർമിച്ച ബയ്റക്താർ ടിബി2 ഡ്രോണുകളാണ് ആക്രമണത്തിനായി യുക്രെയ്ൻ ഉപയോഗിച്ചത്.

 

കരിങ്കടലിൽ യുക്രെയ്ന്റെ അധീനതയിലുള്ള ദ്വീപായിരുന്നു സ്മിനി ദ്വീപ് എന്നും അറിയപ്പെടുന്ന സ്നേക് ഐലൻഡ്. വെറും 0.17 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഈ ദ്വീപിൽ ഒരു ഗ്രാമം മാത്രമാണുള്ളത്. എങ്കിലും ചരിത്രപരമായ ഒട്ടേറെ സംഭവങ്ങൾക്ക് ഈ ദ്വീപ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1788ൽ ഫിഡോനിസി യുദ്ധം നടന്നത് ഇവിടെയാണ്. രണ്ടാം ലോകയുദ്ധസമയത്ത് ഈ ദ്വീപ് റുമേനിയയുടെ നിയന്ത്രണത്തിലാകുകയും ഇവിടെ ഒരു റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുകയും ചെയ്തു.

 

നിലവിൽ യുക്രെയ്ന്റെ കരിങ്കടലിലെ സാന്നിധ്യവും അതിർത്തിയും അടയാളപ്പെടുത്തുന്ന ദ്വീപാണ് സ്നേക് ഐലൻഡ്. ഇതു കൈവിടുന്നത് യുക്രെയ്ന് കരിങ്കടലിൽ പ്രത്യേകിച്ച് യാതൊരു സാന്നിധ്യവും ഇല്ലാത്ത അവസ്ഥയിലേക്ക് നയിക്കും.

റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങി ആദ്യദിനമായ ഫെബ്രുവരി 24ന് കരിങ്കടലിലെ റഷ്യൻ കൊടിക്കപ്പലായ മോസ്ക്വയും മറ്റൊരു കപ്പലും സ്നേക് ഐലൻഡിലെത്തുകയും അവിടെയുണ്ടായിരുന്ന യുക്രെയ്നിയൻ നാവിക സേനാംഗങ്ങളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ റഷ്യൻ സൈനികരോട് പോയി പണിനോക്കാനാണ് യുക്രെയ്നിയൻ സൈനികർ ആവശ്യപ്പെട്ടത്. ഈ മറുപടി ലോകമെങ്ങും തരംഗമാകുകയും സ്നേക് ഐലൻഡിലെ സൈനികർ പിന്നീട് യുക്രെയ്ന്റെ ദേശീയ നായകരായി മാറുകയും ചെയ്തു. ഇവർ മരിച്ചെന്ന് ആദ്യം അഭ്യൂഹമുണ്ടായിരുന്നെങ്കിലും പിന്നീട് ജീവനോടെയുണ്ടെന്നു തെളിഞ്ഞു. യുക്രെയ്ൻ ഇവരുടെ പേരിൽ സ്റ്റാംപ് ഇറക്കുകയും ചെയ്തു.

 

പിന്നീട് യുക്രെയ്ൻ നാവിക സേന സ്നേക് ഐലൻഡിനു സമപത്തു വച്ച് തങ്ങളുടെ നെപ്ട്യൂൺ മിസൈലുകൾ ഉപയോഗിച്ച് മോസ്ക്വ കപ്പലിനെ മുക്കിക്കളഞ്ഞിരുന്നു. റഷ്യൻ നേവിക്കും അവരുടെ കരിങ്കടൽ ഫ്ലീറ്റിനും കടുത്ത പ്രഹരവും നാണക്കേടുമാണ് ഈ സംഭവമുണ്ടാക്കിയത്. ഇതിനു ശേഷം അഡ്മിറൽ മകാരോവ് എന്ന റഷ്യൻ ഫ്രിഗേറ്റ് കപ്പലിനെയും സ്നേക് ഐലൻഡിനടുത്തുവച്ച് യുക്രെയ്ന്റെ നെപ്ട്യൂൺ മിസൈൽ മുക്കിയിരുന്നു. ഇതോടെ റഷ്യയ്ക്കെതിരായ നാവിക പ്രതിരോധത്തിന്റെ ഏറ്റവും വലിയ ഹബ്ബുകളിലൊന്നായി സ്നേക് ഐലൻഡ് മാറി. പുതുതായി 3 കപ്പലുകൾ കൂടി മുക്കിയതോടെ ഈ സ്ഥാനം ഒന്നുകൂടി ഉറച്ചു.

 

English Summary: Ukrainian drone destroys two more Russian Raptor patrol boats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com