എൻജിന് തീപിടിച്ചു! ചിനൂക്ക് ഹെലികോപ്ടറുകളെല്ലാം നിലത്തിറക്കി യുഎസ് സേന, ഇന്ത്യയ്ക്കും ഭീഷണി?
Mail This Article
എൻജിൻ തീപിടിത്തത്തിന്റെ അപകടസാധ്യത കണക്കിലെടുത്ത് യുഎസ് ആർമി ചിനൂക്ക് ഹെലികോപ്റ്ററുകളെല്ലാം നിലത്തിറക്കിയെന്ന് റിപ്പോർട്ട്. കാര്യമായ കരുതലോടെയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിനൂക്ക് ഹെലികോപ്റ്റർ എൻജിനിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായതായി യുഎസ് സൈന്യത്തിന് അറിയാമായിരുന്നെന്നും സംഭവത്തിൽ പരുക്കുകളോ മറ്റു നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും യുഎസ് സൈനിക ഉദ്യോഗസ്ഥർ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
അടുത്തിടെയാണ് ചിനൂക്ക് എൻജിനിൽ തീപിടിത്തമുണ്ടായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസ് അധികൃതർ നൂറുകണക്കിന് ഹെലികോപ്റ്ററുകൾ നിലത്തിറക്കിയിട്ടുണ്ട്. ഇതിൽ 70 ലധികം ഹെലികോപ്റ്ററുകൾ പരിശോധിച്ചു. ചില യൂണിറ്റുകളിൽ പ്രശ്നം കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ഹെവി-ലിഫ്റ്റ് ചിനൂക്ക് ഹെലികോപ്റ്ററുകളുടെ എൻജിൻ പ്രശ്നം ബോയിങ്ങിന് പുതിയ ഓർഡർ ലഭിക്കുന്നതിന് വലിയ തലവേദനയാകും. യുഎസ് സേനയ്ക്ക് ഇത്തരത്തിലുള്ള 400 ഓളം ഹെലികോപ്റ്ററുകൾ ഉണ്ടെന്നാണ് കണക്ക്.
ഇന്ത്യയ്ക്ക് ഏകദേശം 15 സിഎച്ച്-47 ചിനൂക്ക് ഹെലികോപ്റ്ററുകൾ ഉണ്ട്. ലഡാക്ക്, സിയാച്ചിൻ പ്രദേശങ്ങളിൽ പോലും എയർലിഫ്റ്റ് ഓപ്പറേഷനുകൾ ഉൾപ്പെടെയുള്ള പ്രധാന സൈനിക ആവശ്യങ്ങള്‍ക്ക് ചിനൂക്ക് ഉപയോഗിക്കുന്നുണ്ട്. ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് 2019 ഫെബ്രുവരിയിലാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 2020-ൽ ബോയിങ് 15 ചിനൂക്ക് ഹെലികോപ്റ്ററുകൾ കൂടി ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകി.
ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്ക്. 1962 ലാണ് ഈ കരുത്തൻ ആദ്യമായി പറക്കുന്നത്. തുടർന്ന് യുഎസ് സേനയുടെ ഭാഗമായി. അഫ്ഗാൻ, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളിൽ യുഎസ് സേന ചിനൂക് ഉപയോഗപ്പെടുത്തി. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. എതിരാളികളെ അപേക്ഷിച്ച് കൂടിയ വേഗമാണ് ചിനൂക്കിന്റെ പ്രത്യേകത.
നിലവിൽ യുഎസ്, ഓസ്ട്രേലിയ, അർജന്റീന, ഇറാൻ, ഇറ്റലി, ജപ്പാൻ, ഒമാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകൾക്ക് ഈ ഹെലികോപ്റ്ററുണ്ട്. വിവിധ മോഡലുകളിലായി ഇതുവരെ ഏകദേശം 1500ൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിർമിച്ചിട്ടുണ്ട്.
ചിനൂക് ചിഎച്ച്–എഫ് ഹെലികോപ്റ്ററിന്റെ നവീന പതിപ്പാണ് ഇന്ത്യ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 302 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 741 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനാവും. 6,100 മീറ്റർ ഉയരത്തിൽ വരെ പറക്കാനും സാധിക്കും. 3 പേരാണ് ചിനൂകിലെ ക്രൂ. അവരെ കൂടാതെ 33 മുതൽ 35 വരെ സൈനികരെയും വഹിക്കാനാവും. 10,886 കിലോഗ്രാം ഭാരം വഹിക്കാനും ഈ കരുത്തനാകും. 3,529 കിലോവാട്ട് വീതമുള്ള രണ്ട് ടർബോ ഷാഫ്റ്റ് എൻജിനാണ് ഹെലികോപ്റ്ററിന് കരുത്തു പകരുന്നത്.
English Summary: US Army Grounds Entire Chinook Chopper Fleet Over Engine Fires