പാക്കിസ്ഥാനെയും ചൈനയെയും വിറപ്പിച്ച ഇന്ത്യൻ വ്യോമസേന; ത്രസിപ്പിച്ച പോരാട്ടങ്ങളുടെ ചരിത്രം
Mail This Article
നഭഹ സ്പർശം ദീപ്തം! ‘ആകാശത്തെ തൊടുന്ന മഹാകീർത്തി’ എന്നർഥം വരുന്ന ഈ സംസ്കൃത വാക്യമാണ് ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യം. ഇതിന്റെ അർഥം എല്ലാരീതിയിലും പാലിച്ചാണ് വ്യോമസേന ഇക്കാലമത്രയും ഇന്ത്യയുടെ ആകാശം കാത്തുസൂക്ഷിച്ചത്.... പെരുമയുടെ എല്ലാ മാനങ്ങളും കീഴടക്കിക്കൊണ്ട്.
ഇന്ത്യൻ വ്യോമസേന 1932ൽ രൂപീകൃതമായിട്ട് ഈ ഒക്ടോബർ എട്ടിന് 90 വർഷം തികയുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിനു നേരിടേണ്ടി വന്ന എല്ലാ പ്രധാന യുദ്ധങ്ങളിലും വ്യോമസേന നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ന് യുഎസിനും റഷ്യയ്ക്കും ശേഷം ലോകത്തെ മൂന്നാമത്തെ വ്യോമശക്തിയായി ഇന്ത്യൻ എയർഫോഴ്സ് മാറിയിട്ടുണ്ട്. വിശാലമായ നമ്മുടെ ആകാശങ്ങളെ തങ്ങളുടെ ചിറകുകളാൽ സംരക്ഷിച്ചുകൊണ്ട്.
ബ്രിട്ടനിൽ നിന്ന് ഇന്ത്യ സ്വതന്ത്രയായ ശേഷം നടന്ന വിഭജനം സേനകളെയും ബാധിച്ചു. അന്നത്തെ റോയൽ ഇന്ത്യൻ എയർഫോഴ്സിന്റെ പത്തിൽ 3 സ്ക്വാഡ്രനുകൾ പാക്കിസ്ഥാനു നൽകി. സ്വാതന്ത്ര്യത്തെ തുടർന്ന് അധികം വൈകാതെ തന്നെ ആദ്യ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം ആരംഭിച്ചു. ഒന്നാം കശ്മീർ യുദ്ധമെന്നാണ് ഇതറിയപ്പെട്ടത്. ഇന്ത്യയിൽ ചേരാതെ നിന്ന കശ്മീരിലേക്ക് പാക്ക് അധിനിവേശമുണ്ടാകുകയും തുടർന്ന് കശ്മീർ രാജാവ് ഇന്ത്യയിൽ ലയിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കശ്മീർ സംരക്ഷിക്കാനായി ഇന്ത്യൻ സേനകൾ യുദ്ധമുഖത്തുറങ്ങി. ഇതോടെയാണ് ആദ്യ കശ്മീർ യുദ്ധം ഉണ്ടാകുന്നത്.
പാക്കിസ്ഥാന്റെ പിന്തുണയുള്ള ആയുധസംഘങ്ങൾ കശ്മീർ തലസ്ഥാനമായ ശ്രീനഗറിലേക്കു മാർച്ച് ചെയ്തു തുടങ്ങി. രക്തരൂക്ഷിതമായിരുന്നു അവരുടെ മുന്നേറ്റം.വഴിനീളെ കൊലപാതകങ്ങളും നശീകരണവും നടന്നു. ഇന്ത്യൻ സേന ഉടനടി കശ്മീരിലേക്കെത്തേണ്ടത് അത്യന്താപേക്ഷിതമായി മാറി. ഇവിടെയായിരുന്നു എയർഫോഴ്സ് കരുത്ത് കാട്ടിയത്. ഇന്ത്യയിൽ ലയിക്കാൻ കശ്മീർ രാജാവ് സമ്മതിച്ചതിനു തൊട്ടുപിന്നാലെ ആദ്യ സേനാദൗത്യസംഘത്തെ എയർഫോഴ്സ് ഡകോട്ട വിമാനങ്ങൾ ശ്രീനഗറിലെത്തിച്ചു. പിൽക്കാലത്ത് ഫീൽഡ് മാർഷൽ സ്ഥാനം നേടിയ സാം മനേക് ഷാ ആയിരുന്നു ആ സേനാദൗത്യത്തെ നയിച്ചത്. അന്ന് കേണലായിരുന്നു അദ്ദേഹം.
ശ്രീനഗർ വിമാനത്താവളം പാക്ക് ആക്രമണകാരികളുടെ കൈവശമായോയെന്നു പോലും ഉറപ്പില്ലാതെയായിരുന്നു ആ സാഹസിക ദൗത്യം. താമസിയാതെ സിഖ് റെജിമെന്റിനെ എയർഫോഴ്സ് വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും ശ്രീനഗർ വിമാനത്താവളത്തിലെത്തിച്ചു. ഇവർ വിമാനത്താവളത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. പിന്നീട് ഉറിയിലും മറ്റും കരസേനാംഗങ്ങൾക്ക് ഉറച്ച പിന്തുണ എയർഫോഴ്സ് നൽകി. ഭക്ഷണവും ആയുധങ്ങളും എയർഡ്രോപ് ചെയ്തു. പൂഞ്ചിൽ ശത്രുക്കൾ സ്ഥാപിച്ച ഫീൽഡ് ഗണ്ണുകൾ വ്യോമസേന തകർത്തു. പാക്ക് മുന്നേറ്റം തടയാനായി സാഹസികമായ ദൗത്യത്തിൽ ഡൊമെൽ, കിഷൻഗംഗ നദികൾക്കു കുറുകയെുള്ള പാലങ്ങൾ തകർത്തു.1948 ഡിസംബർ 31ന് യുഎൻ മധ്യസ്ഥതയെത്തുടർന്ന് ആദ്യ കശ്മീർ യുദ്ധം അവസാനിച്ചു.
1961ൽ പോർച്ചുഗലിൽ നിന്നു ഗോവ തിരികെപ്പിടിക്കാൻ ഓപ്പറേഷൻ വിജയ് എന്ന ദൗത്യം ഇന്ത്യ തുടങ്ങി. കര,വ്യോമ, നാവിക സേനകൾ ഈ ദൗത്യത്തിലുണ്ടായിരുന്നു. ഗോവയിലേക്കു ട്രൂപ്പുകളെ എത്തിക്കുന്നതിലും പോർച്ചുഗലിന്റെ അധീനതയിലുള്ള എയർ സ്ട്രിപ്പുകൾ നശിപ്പിക്കാനുമൊക്കെ എയർഫോഴ്സ് നിർണായകമായ പങ്കുവഹിച്ചു.
1962ൽ ചൈനയുമായി നടന്ന യുദ്ധത്തിൽ ഗതാഗതത്തിനാണ് എയർഫോഴ്സ് വിമാനങ്ങൾ പ്രധാനമായും ഇന്ത്യൻ സേന ഉപയോഗിച്ചത്. 1965ൽ പാക്കിസ്ഥാനുമായി നടന്ന രണ്ടാം യുദ്ധത്തിൽ എയർഫോഴ്സ് സജീവമായി പങ്കെടുത്തു. ഇന്ത്യൻ വ്യോമസേനയും പാക്ക് വ്യോമസേനയും പരസ്പരം തീവ്രമായി ഏറ്റുമുട്ടിയതിന്റെ ചരിത്രം 1965 യുദ്ധത്തിനുണ്ട്. അന്ന് പാക്ക് വ്യോമസേന 2364 സോർട്ടികൾ പറന്നപ്പോൾ ഇന്ത്യൻ വ്യോമസേന 3937 സോർട്ടികൾ നടത്തി.1965 സെപ്റ്റംബർ ഒന്നിനാണ് വ്യോമസേന യുദ്ധമുഖത്തേക്കിറങ്ങുന്നത്. 12 വാംപയർ, 14 മിസ്റ്റെർ യുദ്ധവിമാനങ്ങൾ ജമ്മുവിലെ പത്താൻകോട്ടു നിന്നു പറന്നു പൊങ്ങി. ആദ്യദിനത്തിൽ തന്നെ 10 പാക്കിസ്ഥാനി ടാങ്കുകൾ, 2 വിമാനവേധ തോക്കുകൾ, 40 വാഹനങ്ങൾ എന്നിവ എയർഫോഴ്സ് തകർത്തു.
∙ 1971 യുദ്ധം– ലോംഗെവാലയിലെ രക്ഷാചിറകുകൾ
എയർഫോഴ്സ് അതിന്റെ ശക്തി പുറത്തെടുത്ത ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളിലൊന്നാണ് 1971ലെ ലോംഗേവാല പോരാട്ടം.
1971 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്ന് നടന്ന വർഷമാണ്. അന്നു ബംഗ്ലദേശില്ല.കിഴക്കൻ പാക്കിസ്ഥാനും പടിഞ്ഞാറൻ പാക്കിസ്ഥാനും. ഒരു രാജ്യമായി നിൽക്കുകയാണെങ്കിലും പടിഞ്ഞാറ് എല്ലാക്കാര്യങ്ങളിലും കിഴക്കിനു മുകളിൽ വ്യക്തമായ ആധിപത്യം പുലർത്തി.രാഷ്ട്രീയപരമായും സാമ്പത്തികപരമായും തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന വികാരം കിഴക്കൻ പാക്കിസ്ഥാനിലെ ജനങ്ങളിൽ ശക്തമായി.ഉർദുവാണ് പടിഞ്ഞാറിന്റെ ഭാഷ,ബംഗാളി കിഴക്കിന്റെയും. ഈ ഭാഷാപരമായ വ്യത്യാസവും സാംസ്കാരികമായ ചേർച്ചയില്ലായ്മയും മറ്റൊരു പ്രശ്നമായിരുന്നു.
1970ൽ പാക്കിസ്ഥാനിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നായിരുന്നു.ബംഗ്ലദേശ് വിമോചന നായകനായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടിയംഗങ്ങളായിരുന്നു ഇവരെല്ലാം .എന്നാൽ ദേശീയ അസംബ്ലിയിൽ കിഴക്കിൽ നിന്നുള്ള പാർട്ടി മേധാവിത്വം നേടുന്നത് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ സുൾഫിക്കർ അലി ഭൂട്ടോയടക്കമുള്ള നേതാക്കൾക്കു ദഹിച്ചില്ല.പ്രതിസന്ധി തുടർന്നു, ഇതിനാൽ അസംബ്ലി രൂപീകരിക്കുന്നത് നീളാനും തുടങ്ങി.
ഇതോടെ 1971 മാർച്ച് 26നു മുജിബുർ റഹ്മാൻ ബംഗ്ലദേശെന്ന ആശയം മുന്നോട്ടുവയ്ക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ പാക്കിസ്ഥാൻ സർക്കാർ കടുംപിടിത്തത്തിന്റെയും ഉരുക്കുമുഷ്ടിയുടെയും ഭാഷയിൽ നേരിടാൻ തുടങ്ങിയതോടെ ആഭ്യന്തര കലഹം രൂക്ഷമായി. ഓപ്പറേഷൻ സേർച്ച്‌ലൈറ്റ് എന്നു പേരിട്ടു വിളിച്ച ദൗത്യത്തിന്റെ മറവിൽ പാക്കിസ്ഥാൻ ബംഗ്ലദേശിൽ വ്യാപകമായ അക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തി. ബംഗ്ലദേശിലെ വിമോചന സംഘടനയായ മുക്തിബാഹിനിക്ക് ഇന്ത്യയോടുള്ള ചായ്‌വും പാക്കിസ്ഥാനെ ചൊടിപ്പിച്ചു.
1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ 11 ഇന്ത്യൻ എയർബേസുകളിൽ വ്യോമാക്രമണം നടത്തിയതോടെ ഇന്ത്യ യുദ്ധക്കളത്തിലേക്കിറങ്ങി.അതിർത്തികളിൽ സൈനികനീക്കവും ചരക്കുനീക്കവും ശക്തമായി. രാജസ്ഥാനിലെ ജയ്സാൽമീർ മേഖലയിൽ രാജ്യാന്തര അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലോംഗെവാല. ഇവിടെ ഒരു ബിഎസ്എഫ് പോസ്റ്റ് അന്നുണ്ടായിരുന്നു.എന്നാൽ യുദ്ധമായതോടെ ബിഎസ്എഫ് ഇവിടെ നിന്നു പിൻമാറുകയും കരസേന പകരം നിലയുറപ്പിക്കുകയും ചെയ്തു.പഞ്ചാബ് റെജിമെന്റിനു കീഴിലുള്ള 120 സൈനികരാണ് ഇവിടെ നിലയുറപ്പിച്ചത്.കുൽദീപ് സിങ് ചാന്ദ്പുരി എന്ന മേജറായിരുന്നു കമാൻഡർ.
ലോംഗെവാലയിൽ അത്ര ശക്തമായ പ്രതിരോധ സന്നാഹങ്ങൾ ഇല്ലായിരുന്നു.മൈനുകളോ മുള്ളുവേലികളോ ഇല്ല. പരിമിതമായ ആയുധങ്ങളും അപരിമിതമായ ധൈര്യവും മാത്രമാണ് അവിടെ നിലയുറപ്പിച്ചവർക്കുണ്ടായിരുന്നത്. സമീപത്ത് ജയ്സാൽമീർ എയർബേസു മാത്രമാണ് വ്യോമത്താവളമായി ഉണ്ടായിരുന്നത്. ഇത് അന്ന് അത്ര വികസിച്ചിരുന്നില്ല. എയർബേസ് പിടിച്ചടക്കാൻ പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്നു.ഡിസംബർ നാലിന് പാക്കിസ്ഥാൻ സൈന്യം അതിർത്തി കടന്നു.രാജസ്ഥാനിലെ രാംഗഡ് പട്ടണം പിടിക്കാനായിരുന്നു ആദ്യ ലക്ഷ്യം.
3000 സൈനികർ,60 യുദ്ധടാങ്കുകൾ,അനേകം വാഹനങ്ങൾ എന്നിവയെല്ലാമായി വലിയ രീതിയിലുള്ള സന്നാഹമായിരുന്നു പാക്കിസ്ഥാന്.ഇവർ അതിർത്തി കടന്ന വിവരം ഉടൻ തന്നെ നിരീക്ഷണസംഘങ്ങൾ മേജർ കുൽദീപ് സിങ് ചാന്ദ്പുരിയെ അറിയിച്ചു.മേജർ ഉടൻ തന്നെ ബറ്റാലിയൻ ആസ്ഥാനത്തേക്കു വിവരം കൈമാറി . പക്ഷേ സഹായം എത്തുന്നതിനു മണിക്കൂറുകൾ വേണ്ടി വരുമായിരുന്നു.ഒന്നുകിൽ പോരാടുക, അല്ലെങ്കിൽ രാംഗഡിലേക്കു മടങ്ങുക. ഇതായിരുന്നു ആസ്ഥാനത്തു നിന്നു ലഭിച്ച ഉപദേശം. പോരാടാനായിരുന്നു ചാന്ദ്പുരിയുടെ തീരുമാനം.
3000 ശത്രു സൈനികരെ നേരിടാൻ 120 ഇന്ത്യൻ സൈനികർ. ലോക സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ ചെറുത്തുനിൽപ്പുകളിലൊന്നിന് അരങ്ങൊരുങ്ങുകയായിരുന്നു ലോംഗെവാലയിൽ.
രാത്രിയോടെ പാക് സൈന്യം ലോംഗെവാല പോസ്റ്റിനു സമീപമെത്തി ആക്രമണം തുടങ്ങി. പോസ്റ്റിലുണ്ടായിരുന്ന അഞ്ച് ഒട്ടകങ്ങൾ വെടിവയ്പിൽ ചത്തു.മികച്ച തന്ത്രജ്ഞനായ ചാന്ദ്പുരി അവസരം കാത്തു നിന്നു. ടാങ്കുകൾ കുറച്ചുകൂടി അരികിലെത്തിയതോടെ ഇന്ത്യൻ സൈന്യത്തിന്റെ ടാങ്ക് വേധ തോക്കുകൾ തീ തുപ്പി. ഇതിനിടെ ജയ്സാൽമീറിലുള്ള എയർ ബേസിലേക്ക് അടിയന്തര സഹായമാവശ്യപ്പെട്ട് സേനയുടെ സന്ദേശമെത്തി.എന്നാൽ അവിടെ ചുമതല വഹിച്ച വിങ് കമാൻഡർ എംഎസ് ബാവ നിസ്സഹായനായിരുന്നു. അവിടെയുള്ള വിമാനങ്ങൾക്ക് നൈറ്റ് വിഷൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പുലർച്ച വരെ കാത്തിരിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു.
ശത്രുവിനാൽ ചുറ്റപ്പെടുക, ചെറുത്തു നിൽപിനു വേണ്ടി പോരാടുക. നരകതുല്യമായ ആ രാത്രിയെ ധീരമായി ലോംഗെവാലയിലെ സൈനികർ നേരിട്ടു.അഞ്ചാം തീയതി രാവിലെ പ്രകാശം പരന്നതോടെ ജയ്സാൽമീർ എയർബേസിലെ റൺവേയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഇരമ്പിപ്പറന്നു.എച്ച്എഫ്–24 മാരുത്,ഹോക്കർ ഹണ്ടർ എന്നീ യുദ്ധവിമാനങ്ങളാണ് ലോംഗെവാലയിലേക്ക് എത്തിയത്.
എയർക്രാഫ്റ്റിലുണ്ടായിരുന്ന ടാങ്ക് വേധ ഗണ്ണുകൾ പാക്ക് ടാങ്കുകൾക്കു നേർക്ക് കനത്ത ആക്രമണം അഴിച്ചുവിട്ടു. ആദ്യഘട്ട ആക്രമണത്തിൽ തന്നെ പാക്കിസ്ഥാന്റെ 5 ടാങ്കുകൾ നശിച്ചു. ഇന്ധനംനിറച്ചു വീണ്ടും വീണ്ടും പറന്നെത്തിയ യുദ്ധവിമാനങ്ങൾ.. ഇന്ത്യയെ കീഴടക്കാൻ വന്ന പാക്ക് ടാങ്കുകളെ യാതൊരു ദയയുമില്ലാതെ അവ തകർത്തെറിഞ്ഞു. വിമാനങ്ങളിൽ നിന്നു രക്ഷനേടാനായി ടാങ്കുകൾ വൃത്തത്തിൽ ഓടിക്കാനും പൊടിപടലങ്ങളുയർത്തി ശ്രദ്ധ തെറ്റിക്കാനും പാക്ക് സൈന്യം ശ്രമിച്ചു. ലോംഗെവാലയിലെ മണൽപ്പരപ്പിൽ പാക്ക് ടാങ്കുകൾ സൃഷ്ടിച്ച വൃത്തങ്ങളുടെ ചിത്രം വ്യോമസേന പകർത്തിയത് പിൽക്കാലത്തെ പ്രശസ്തമായ യുദ്ധരേഖകളിലൊന്നായി മാറി.
പാക്ക് പ്രതിരോധം കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. പിറ്റേന്ന് വൈകുന്നേരം വരെ തുടർന്ന പോരാട്ടത്തിൽ അവരുടെ 200 പട്ടാളക്കാർ മരിച്ചു.ഇരുന്നൂറോളം വാഹനങ്ങൾ തകർത്തു. 38 ടാങ്കുകൾ നശിപ്പിക്കപ്പെട്ടു. ചിലത് സൈന്യം പിടിച്ചെടുത്തു(ഇവയിപ്പോഴും ലോംഗെവാലയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്).ശേഷിക്കുന്ന പട പിന്തിരിഞ്ഞു സ്വന്തം നാട്ടിലേക്കു മടങ്ങി.
കര, വായുസേനകളുടെ ധൈര്യത്തിന്റെയും കർമോത്സുകതയുടെയും അടയാളമായി ലോംഗെവാലെ പോരാട്ടം പിൽക്കാലത്തു മാറി.1997ൽ ഈ പോരാട്ടത്തിനെ അടിസ്ഥാനമാക്കി ബോർഡർ എന്ന ബോളിവുഡ് ചിത്രവും പുറത്തിറങ്ങി. ആവർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ ബോർഡറിൽ മേജർ കുൽദീപ് സിങ്ങിന്റെ റോൾ ചെയ്തത് പ്രശസ്ത നടൻ സണ്ണി ഡിയോളാണ്.
ലോംഗെവാലെ ഒരു തുടക്കമായിരുന്നു. 13 ദിവസം നീണ്ടു നിന്ന 1971 യുദ്ധത്തിൽ പാക്കിസ്ഥാൻ കനത്ത പരാജയമേറ്റുവാങ്ങി. ഒടുവിൽ കീഴടങ്ങിയതായുള്ള ഉടമ്പടിയിൽ പാക്കിസ്ഥാന് ഒപ്പുവയ്ക്കേണ്ടി വന്നു. യുദ്ധത്തെത്തുടർന്ന് ബംഗ്ലദേശ് പുതിയ രാജ്യമായി രൂപീകരിക്കപ്പെട്ടു.
∙ 1999 –കാർഗിലിലെ സഫേദ് സാഗർ
കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയും നിർണായകമായ പങ്കുവഹിച്ചു. കരസേന നടപ്പാക്കിയ ഓപ്പറേഷൻ വിജയ് എന്ന വിജയദൗത്യത്തിനൊപ്പം തന്നെ ഓപ്പറേഷൻ സഫേദ് സാഗർ എന്ന ദൗത്യവുമായി വ്യോമസേനയും യുദ്ധമുഖത്ത് അണിചേർന്നു.ഒട്ടേറെ പെരുമകളുള്ളതായിരുന്നു ഈ ദൗത്യം. ഇതാദ്യമായിരുന്നു ഒരു ഹ്രസ്വകാലയുദ്ധമുഖത്ത് ഇന്ത്യൻ വ്യോമസേന അണിനിരക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു സഫേദ് സാഗറിന്.
മേയ് 27നാണ് എയർഫോഴ്‌സ് സംഘത്തിലെ ആദ്യ വീര രക്തസാക്ഷിത്വം സംഭവിക്കുന്നത്. സ്‌ക്വാഡ്രൻ ലീഡർ അജയ് അഹൂജയുടേതായിരുന്നു അത്. കാഴ്ചയിൽ നിന്നു മറഞ്ഞ ഒരു മിഗ് വിമാനത്തെ കണ്ടെത്താനുള്ള ശ്രമത്തിനിടെ പാക്ക് മിസൈലേറ്റ് അജയ് അഹുജയുടെ വിമാനം നിലംപതിച്ചു. എന്നാൽ ഇതിൽ പരുക്കേറ്റ അഹുജയെ പാക്ക് സൈന്യം വെടിവയ്ക്കുകയാണെന്നു കരുതപ്പെടുന്നത്. ജനീവ പ്രോട്ടോക്കോളിന്‌റെ ലംഘനമാണ് ഇതുവഴി പാക്കിസ്ഥാൻ നടത്തിയത്.
1999 മേയ് 28ന് വ്യോമസേനാംഗങ്ങളായ സ്‌ക്വാഡ്രൻ ലീഡർ ആർ. പണ്ഡിറ്റ്, ഫ്‌ളൈറ്റ് ലഫ്റ്റനന്‌റ് മുഹിലൻ, സാർജന്‌റ് ആർകെ സാഹു, സാർജന്‌റ് പിവിഎൻആർ പ്രസാദ് എന്നിവർ കാർഗിൽ യുദ്ധദൗത്യത്തിനിടെ വീരചരമം പ്രാപിച്ചു. പിൽക്കാലത്ത് എയർമാർഷലായി മാറിയ മലയാളി ഓഫിസർ രഘുനാഥ് നമ്പ്യാരും സഫേദ് സാഗർ ദൗത്യത്തിൽ ഫ്‌ലൈയിങ് ഓഫിസറായി പങ്കെടുത്തു.
1999 മേയ് 25നാണ് സഫേദ് സാഗർ തുടങ്ങുന്നത്. മേയ് അഞ്ചിനു തന്നെ ഓപ്പറേഷൻ വിജയ് തുടങ്ങിയിരുന്നു. ജമ്മുകാശ്മീർ മേഖലയിൽ വ്യോമശക്തി വലിയ തോതിൽ ആദ്യമായി ഉപയോഗിച്ചതും സഫേദ് സാഗർ ദൗത്യത്തിന്‌റെ ഭാഗമായിട്ടായിരുന്നു.ശ്രീനഗർ, അവന്തിപ്പോറ, ആദംപുർ എന്നീമേഖലകളിൽ നിന്നാണ് ആദ്യ എയർ സപ്പോർട്ട് മിഷനുകൾ വ്യോമസേന പറത്തിയത്.മിഗ് 21,23,27 യുദ്ധവിമാനങ്ങൾ, ജാഗ്വറുകൾ, അറ്റാക്ക് ഹെലിക്കോപ്റ്ററുകൾ എന്നിവയാണ് ആദ്യം ഉപയോഗിച്ചത്. ശ്രീനഗർ എയർപോർട്ടിൽ ആ സമയം സിവിലിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. പൂർണമായും യുദ്ധവിമാനങ്ങൾക്കായി എയർപോർട്ട് വിട്ടുകൊടുത്തു. മേയ് 30ന് മിറാഷ് 2000 വിമാനങ്ങളും യുദ്ധമുഖത്തെത്തി.
ടൈഗർ ഹിൽ , ദ്രാസ് മേഖലയിൽ കനത്ത ബോംബ് വർഷം നടത്തിയ മിറാഷ് പാക്കിസ്ഥാനെ വിറപ്പിച്ചുകളഞ്ഞു. അക്കാലത്തുണ്ടായിരുന്ന ഒട്ടേറെ പരിമിതികൾക്കിടയിലും വ്യോമസേന തങ്ങളെ ഏൽപിച്ച ചുമതലകൾ മികവോടെ ചെയ്‌തെന്നത് ശ്രദ്ധേയമാണ്. വനിതാ ഫ്‌ളൈയിങ് ഓഫിസർമാർ യുദ്ധരംഗത്തു പങ്കെടുക്കുന്നതിനും കാർഗിൽ വാർ വേദിയൊരുക്കി. ഫ്‌ളൈറ്റ് ലഫ്റ്റനന്‌റുമാരായ ഗുഞ്ജൻ സക്‌സേന, ശ്രീവിദ്യ രാജൻ എന്നിവർ ഹെലികോപ്റ്ററുകൾ പറത്തി. 1996ലാണ് ഗുഞ്ജൻ വ്യോമസേനയിൽ ചേരുന്നത്. കാർഗിൽ യുദ്ധത്തിൽ മുറിവേറ്റവരെ സുരക്ഷിതമായി ക്യാംപുകളിലെത്തിക്കുക, നിരീക്ഷണം നടത്തുക, അവശ്യ സാധന സാമഗ്രികളുടെ വിതരണം നടത്തുക തുടങ്ങിയവയായിരുന്നു ഗുഞ്ജന്‌റെ പ്രധാന ദൗത്യം. 2020ൽ ജാൻവി കപൂർ അഭിനയിച്ച ഗുഞ്ജൻ സക്‌സേന- ദ കാർഗിൽ ഗേൾ എന്ന ചിത്രം പുറത്തിറങ്ങി. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഗുഞ്ജൻ സക്‌സേനയുടെ കഥയായിരുന്നു അത്.
English Summary: 90th Indian Air Force Day