ADVERTISEMENT

കടലിൽ നിന്ന് ആകാശലക്ഷ്യങ്ങളിലേക്കു മിസൈലുകൾ തൊടുക്കാവുന്ന മാരക ചെറുബോട്ട് വികസിപ്പിച്ച് ഇറാനിയൻ നാവികസേന. ഇതാദ്യമായാണ് ഇത്തരമൊരു യാനം ഇറാനിയൻ നേവി തയാർ ചെയ്യുന്നത്. തുടർന്ന് ഈ ബോട്ടിൽ നിന്ന് നവാബ് ശ്രേണിയിലുള്ള ഒരു സർഫസ് ടു എയർ മിസൈൽ വിക്ഷേപിക്കുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബ്ലേഡ്റണ്ണർ എന്ന ബ്രിട്ടിഷ് ചെറുബോട്ടിന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ ബോട്ടെന്നും അഭ്യൂഹം പരന്നു. ബോട്ടിന്റെ ഘടന പരിശോധിച്ച ചില വിദഗ്ധരാണ് ഇതിനു ബ്ലേഡ് റണ്ണറുമായി സാമ്യമുണ്ടെന്ന വിലയിരുത്തൽ നടത്തിയത്. സുൾഫിക്കർ ക്ലാസ് എന്ന ഗണത്തിലാണ് ഈ ബോട്ടിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. നവാബ് വിഭാഗത്തിലുള്ള മിസൈലുകളാണ് ഇതിലുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്.

 

കഴിഞ്ഞ വർഷം ഇത്തരം 3 ബോട്ടുകൾ ഇറാനിയൻ നാവികസേനയ്ക്ക് ലഭിച്ചിരുന്നു. പൂർണതോതിലുള്ള ഒരു സർഫസ് ടു എയർ മിസൈൽ സംവിധാനമുള്ള ആദ്യ ചെറുബോട്ടാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചെറിയ റേഞ്ചിലുള്ള വ്യോമാക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇവയ്ക്കു കഴിയും. യുഎസും ഇത്തരത്തിലുള്ള ബോട്ടുകളുടെ ആളില്ലാപതിപ്പുകൾ നിർമിക്കാനുള്ള ഗവേഷണത്തിലാണ്.

 

ഈ ബോട്ടിന്റെ വികസനത്തോടെ ഇറാന്റെ നാവികസേനയെക്കുറിച്ചുള്ള രാജ്യാന്തര ശ്രദ്ധ കൂടിയിട്ടുണ്ട്. 1923ലാണ് ഇറാനിയൻ നാവികസേന നിലവിൽ വന്നത്. 1960 മുതൽ ഇറാൻ തങ്ങളുടെ നാവികസേനയെ പരിഷ്കരിക്കാൻ തുടങ്ങി.എഴുപതുകളിൽ യുഎസ് തന്നെ ഇറാനിയൻ നാവികസേനയ്ക്കായി പരിശീലനവും സാമഗ്രികളും നൽകിയിരുന്നു.

 

പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലായാണ് ഇറാനിയൻ നാവികസേന പ്രധാനമായും പ്രവർത്തിക്കുന്നത്. അന്തർവാഹിനികൾ, ഫ്രിഗേറ്റുകൾ, ഡിസ്ട്രോയറുകൾ, കോർവെറ്റുകൾ, മിസൈൽ ബോട്ടുകൾ, ആംഫിബിയസ് ഷിപ്പുകൾ എന്നിവ നേവിക്കുണ്ട്. പ്രധാനനാവികസേനയിൽ നിന്നും വേറിട്ടു പ്രവർത്തിക്കുന്ന ഒരു സമാന്തര നാവികസേനയും ഇറാനുണ്ട്. ഐആർജിസി നേവി എന്നാണ് ഇത് അറിയപ്പെടുന്നത്.

 

അടുത്തകാലത്തായി ധാരാളം നാവിക അഭ്യാസങ്ങളിൽ ഇറാനിയൻ നാവികസേന ഏർപെട്ടിട്ടുണ്ട്. മിസൈൽ സാങ്കേതികവിദ്യ, മൈനുകൾ, ജലാന്തരത്തിലുള്ള ആളില്ലാ വാഹനങ്ങൾ എന്നിവയൊക്കെ നാവികസേന വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ സാമ്പത്തിക ഉപരോധങ്ങളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന സംവിധാനങ്ങളുമൊക്കെ ഇറാനിയൻ നാവികസേനയുടെ പോരായ്മകളാണ്.

 

English Summary: Iran Unveils World’s First ‘Air Defense Boat’ Capable Of Firing Deadly Missiles From Its Vertical Launch System 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com