ചെഗവാരയെ പിടികൂടിയ ബൊളീവിയൻ സൈനിക ജനറൽ അന്തരിച്ചു
Mail This Article
പ്രശസ്ത വിപ്ലവകാരി ഏണസ്റ്റോ ചെഗവാരയെ പിടികൂടിയ ബൊളീവിയൻ മുൻ ഉന്നത സൈനികോദ്യോഗസ്ഥൻ ഗാരി പ്രാഡോ സൈമൺ അന്തരിച്ചു. 84 വയസ്സായിരുന്നു. 1967ൽ തെക്കുകിഴക്കൻ ബൊളീവിയയിൽ ചെഗവാരയെ തേടിയുള്ള തിരച്ചിലിനു നേതൃത്വം വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു പ്രാഡോ സൈമൺ. ഇതിനിടെ സൈനിക ദൗത്യത്തിലാണ് ചെഗവാരയെ പിടികൂടിയത്. പിറ്റേദിവസം ബൊളീവിയൻ സൈന്യം അദ്ദേഹത്തെ വധിച്ചു. അക്കാലത്ത് സൈന്യമായിരുന്നു ബൊളീവിയ ഭരിച്ചിരുന്നത്. ബൊളീവിയയുടെ ദേശീയ ഹീറോയായി ഭരണകൂടം പ്രാഡോ സൈമണെ ഉയർത്തിക്കാട്ടി.
യുഎസ് സേനയുടെ പിന്തുണയോടെയായിരുന്നു ബൊളീവിയൻ സേന ചെഗവാരയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്. യുഎസിന്റെ ഗ്രീൻ ബെററ്റ്സ് എന്ന പ്രത്യേക സൈനിക സംഘം ബൊളീവിയൻ സൈന്യത്തെ പരിശീലിപ്പിക്കാനായി ഉണ്ടായിരുന്നു. ലാറ്റിനമേരിക്കയിലെ വിപ്ലവകാരികളും വിപ്ലവ പ്രസ്ഥാനങ്ങളും സോവിയറ്റ് യൂണിയനുമായുളള ചങ്ങാത്തത്തിനു വഴിയൊരുക്കുമോയെന്ന് യുഎസ് ഭയന്നിരുന്നു.
1981ൽ ഒരു വെടിവയ്പിൽ സൈമണിന്റെ ശരീരത്തിന്റെ ഇടതുഭാഗം തളർന്നുപോയി. ഏഴുവർഷങ്ങൾക്കു ശേഷം അദ്ദേഹം സൈന്യത്തിൽ നിന്നു വിരമിക്കുകയും ചെയ്തു.
1967 ഒക്ടോബർ ഏഴിനാണ് ചെഗവാര സൈന്യത്തിന്റെ പിടിയിലായത്. 39 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിനു പ്രായം. വധിച്ചശേഷം ചെഗവാരയുടെ ശരീരം അജ്ഞാത സ്ഥലത്തെ കുഴിമാടത്തിൽ അടക്കി. എന്നാൽ 1997ൽ ഇതു കണ്ടെത്തുകയും ക്യൂബയിലേക്കു തിരികെ അയയ്ക്കുകയും ചെയ്തു.
1928ൽ അർജന്റീനയിലെ റൊസാരിയോയിലാണ് ചെഗവാര ജനിച്ചത്. ബ്യൂനസ് ഐറിസ് സർവകലാശാലയിൽ മെഡിക്കൽ പഠനത്തിനിടെ തെക്കൻ അമേരിക്കയിൽ നടത്തിയ മോട്ടർ സൈക്കിൾ യാത്ര വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചു. 1953ൽ അദ്ദേഹം മെഡിക്കൽ പഠനം പൂർത്തിയാക്കി. പിൽക്കാലത്ത് ക്യൂബൻ വിപ്ലവകാരി ഫിഡൽ കാസ്ട്രോയുമായി അദ്ദേഹം ചങ്ങാത്തത്തിലായി. 1959ൽ ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയിൽ നിന്ന് കാസ്ട്രോ അധികാരം നേടിയതിൽ നിർണായകമായ ഒരു പങ്ക് ചെഗവാര വഹിച്ചു.
English Summary: Bolivian general Prado Salmon who captured Che Guevara dies