ADVERTISEMENT

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സൂറത്ഗഡിന് സമീപം പരിശീലനപ്പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം തകർന്ന് 3 പേർ മരിച്ചതായി വ്യോമസേന (ഐഎഎഫ്) അറിയിച്ചു. അപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്നു പുറത്തുകടന്ന പൈലറ്റ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പതിവു പരിശീലനപ്പറക്കലിന്റെ ഭാഗമായി സൂറത്ഗഡ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് 9.45 നാണു തകർന്നുവീണത്. അപകട കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള, മിക്ക രാജ്യങ്ങളും ഉപേക്ഷിച്ച മിഗ്–21 ഇന്ത്യൻ വ്യോമസേന ഇപ്പോഴും ഉപയോഗിക്കാൻ കാരണമെന്ത്? പരിശോധിക്കാം...

∙ ദുരന്തമായി മിഗ്–21

പതിറ്റാണ്ടുകൾ പഴക്കമുള്ള പോര്‍വിമാനമാണ് മിഗ്–21. ഈ യുദ്ധവിമാനം ഇപ്പോഴും ഉപയോഗിക്കുന്നതിനെതിരെ വ്യാപകമായി വിമർശനമുണ്ട്. എന്നാൽ വ്യോമസേനയ്ക്ക് വേണ്ടത്ര വിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് പഴയ മിഗ്–21 ഇപ്പോഴും ഉപയോഗിക്കേണ്ടി വരുന്നത്. കഴിഞ്ഞ വർഷം ജൂലൈ 28 ന് വ്യോമസേനയുടെ മിഗ്-21 ട്രെയിനർ ഫൈറ്റർ ജെറ്റ് രാജസ്ഥാനിൽ തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു. 2021 ഡിസംബർ 24ന് വിങ് കമാൻഡർ ഹർഷിത് സിൻഹ മരിച്ചതും മിഗ്-21 പരിശീലന പറക്കലിനിടെയായിരുന്നു.

2021 ഓഗസ്റ്റിൽ രാജസ്ഥാനിലെ ബാർമറിലും മിഗ്-21 ബൈസൺ വിമാനം തകർന്നുവീണിരുന്നു. അന്ന് പൈലറ്റ് സുരക്ഷിതമായി താഴെ ഇറങ്ങി. 2021 മേയിൽ രാജസ്ഥാനിലെ സൂറത്ത്ഗഡ് എയർബേസിൽ നിന്ന് പറന്നുയർന്ന മിഗ് -21 ബൈസൺ തകർന്നാണ് 28 കാരനായ സ്ക്വാഡ്രൺ ലീഡർ അഭിഷേക് ചൗധരി മരിച്ചത്. ഗ്വാളിയർ എയർബേസിൽനിന്നു പറന്നുയർന്ന മിഗ്-21 തകർന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ ആശിഷ് ഗുപ്ത കൊല്ലപ്പെട്ടതും ഇതേവർഷമാണ്.

കേന്ദ്ര സർക്കാരിൽനിന്ന് ലഭ്യമായ റിപ്പോർട്ട് പ്രകാരം, 60 വര്‍ഷത്തിനിടെ 500 ലധികം മിഗ്–21 ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്. 170 ലധികം പൈലറ്റുമാർ കൊല്ലപ്പെട്ടു. 2010 മുതൽ ഇതുവരെ 20 ലധികം വിമാനങ്ങൾ തകർന്നുവീണു. സാങ്കേതിക തകരാറുകൾ, മനുഷ്യ പിഴവുകൾ, പക്ഷികളുമായി കൂട്ടിയിടികൾ, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവയെല്ലാം അപകടങ്ങൾക്കു കാരണമായിട്ടുണ്ട്.

Photo: Romania Air force
Photo: Romania Air force

∙ മിഗ് ഉപയോഗിക്കുന്നത് 60 രാജ്യങ്ങൾ

നാലു ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങൾ മിഗ്–21 ഉപയോഗിക്കുന്നുണ്ട്. സോവിയറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ പോർവിമാനം എച്ച്എഎല്ലാണ് ഇന്ത്യയ്ക്കു വേണ്ടി നിർമിച്ചത്. മിഗ് 21 വിമാനങ്ങൾ ഏറ്റവും അധികം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1961 ലാണ് മിഗ് 21 വിമാനങ്ങൾ വാങ്ങാൻ വ്യോമസേന തീരുമാനിക്കുന്നത്. വ്യോമസേന സ്വന്തമാക്കിയ ഈ ആദ്യ സൂപ്പർസോണിക് ജെറ്റ് വിമാനം 1963 ൽ സേനയുടെ ഭാഗമായി. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും 1999 കാര്‍ഗില്‍ യുദ്ധത്തിലും പ്രധാന പങ്കുവഹിക്കുകയും ചെയ്തു. സർവീസിലെ മിഗിന്റെ 50 വർഷം 2013 ൽ എയർഫോഴ്സ് ആഘോഷിച്ചിരുന്നു.

∙ മിഗ്–21, ലോകത്തെ ഏറ്റവും മികച്ച പോർവിമാനം

വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ സൂപ്പർസോണിക് ജെറ്റ് വിമാനവും ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട യുദ്ധവിമാനവുമാണ് മിഗ്-21 ബൈസൺ. 60 വർഷത്തിലേറെ പഴക്കമുള്ളതാണെങ്കിലും മൂന്ന് സജീവ സ്ക്വാഡ്രണുകളുള്ള മിഗ് -21 ഇപ്പോഴും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്. കൂടാതെ ജനറേഷൻ 3 പോർവിമാനങ്ങളുമായി പൊരുത്തപ്പെടുന്നതിന് ടെക്നോളജി അപ്‌ഡേറ്റും ചെയ്‌തിരുന്നു. ചെറിയ ദൗത്യങ്ങൾക്ക് മാത്രമാണ് മിഗ്–21 ഉപയോഗിക്കുന്നതെങ്കിലും പരിശീലന പറക്കലിനിടെ പോലും അപകടം സംഭവിക്കുന്നു.

റഷ്യൻ നിർമിത പോര്‍വിമാനത്തിന്റെ നിർമാണം 1985 ൽ നിർത്തിയിരുന്നു. 1985 ന് ശേഷം ബംഗ്ലദേശും അഫ്ഗാനിസ്ഥാനും മിഗ്–21 ഉപേക്ഷിച്ചു. എന്നാൽ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ ഇന്ത്യ മിഗ്–21 തന്നെ ഉപയോഗിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വിമാനം 1960 കളിൽ വ്യോമസേനയിൽ ഉൾപ്പെടുത്തുകയും 1990 കളുടെ മധ്യത്തോടെ പൂർണമായും ഉപേക്ഷിക്കാനുമായിരുന്നു പദ്ധതി. എന്നാൽ റഷ്യ ഈ വിമാനത്തിന്റെ നിർമാണം ഉപേക്ഷിച്ചിട്ടും ഇന്ത്യ ഇപ്പോഴും ടെക്നോളജി നവീകരിച്ച് ഉപയോഗിക്കുകയാണ്. പഴയ വിമാനം സർവീസിൽനിന്ന് നീക്കം ചെയ്യുന്നതിലെ കാലതാമസം ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പത്തു വർഷം മുൻപു തന്നെ വ്യോമസേനാ മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതൊരു സിംഗിൾ എൻജിൻ വിമാനമാണ്, അതിനാൽ, എന്തെങ്കിലും സംഭവിച്ചാൽ സുരക്ഷിതമായ ലാന്‍ഡിങ് പലപ്പോഴും നടക്കാതെ പോകുന്നു. ഒരു പക്ഷി കൂട്ടിയിടിച്ചാലോ എൻജിൻ തകരാറിലാകുമ്പോഴോ വിമാനം തകരാനുള്ള സാധ്യത ഏറെയാണ്. വർഷങ്ങളായി നിരവധി പൈലറ്റുമാരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ മിഗ് –21 നെ ' പറക്കുന്ന ശവപ്പെട്ടി' എന്നു വരെ ആക്ഷേപിച്ച് വിളിക്കാറുണ്ട്.

മിഗ് 29കെ യുദ്ധവിമാനത്തിൽ മുൻ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. 2018 ജനുവരിയിലെ ചിത്രം: Handout / INDIAN MINISTRY OF DEFENCE / AFP
മിഗ് 29കെ യുദ്ധവിമാനത്തിൽ മുൻ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. 2018 ജനുവരിയിലെ ചിത്രം: Handout / INDIAN MINISTRY OF DEFENCE / AFP

∙ പുതിയ യുദ്ധവിമാനങ്ങൾ കുറവ്, പഴയത് ഉപേക്ഷിക്കാനും വയ്യ

പുതിയ യുദ്ധവിമാനങ്ങൾ പുറത്തിറക്കുന്നതിലെ കാലതാമസം കാരണം ഇന്ത്യൻ വ്യോമസേനയ്ക്ക് മിഗ് വിമാനങ്ങൾ കൂടുതൽ സമയം സർവീസ് നടത്തേണ്ടി വന്നു. മൂന്ന് സ്ക്വാഡ്രൺ പ്രവർത്തിക്കാൻ വേണ്ട പുതിയ പോർവിമാനങ്ങൾ ലഭിച്ചാൽ മാത്രമാണ് മിഗ–21 പൂർണമായും പിൻവലിക്കാന്‍ സാധിക്കുക. ഇന്ത്യയുടെ സ്വന്തം തേജസിന്റെ നിര്‍മാണത്തിലുളള കാലതാമസവും റഫാൽ വിവാദങ്ങളും കാരണം മിഗ് വിമാനങ്ങൾ വിരമിക്കൽ കാലയളവിനപ്പുറം തുടരേണ്ടിവന്നു.

mig-21

2022 ജൂലൈയിൽ വ്യോമസേനയിലെ ശേഷിക്കുന്ന മൂന്ന് മിഗ്-21 യുദ്ധവിമാന സ്ക്വാഡ്രണുകളെ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള മൂന്ന് വർഷത്തെ പദ്ധതി തയാറാക്കിയിരുന്നു. ഓരോ സ്ക്വാഡ്രണിലും 16 മുതൽ 18 പോർവിമാനങ്ങളുണ്ടാകും. ഈ സ്ക്വാഡ്രണിലൊന്ന് സെപ്റ്റംബറിൽ വിരമിക്കുമെന്നാണ് അറിയുന്നത്. 2025 ഓടെ, ശേഷിക്കുന്ന മിഗ് -21 സ്ക്വാഡ്രണുകളും പിൻവലിക്കാനാണ് നീക്കം നടക്കുന്നത്. നിലവിൽ വ്യോമസേനയ്ക്ക് 40 സ്ക്വാഡ്രൺ ആണ് വേണ്ടത്. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 30 സ്ക്വാഡ്രണുകളാണുള്ളത്.

∙ മിഗ് – 21 ബൈസൺ

ടൈപ്പ്-77, ടൈപ്പ്-96, ബിഐഎസ് എന്നിങ്ങനെ വ്യത്യസ്ത വേരിയന്റുകളുള്ള 700 ലധികം മിഗ്-21 വിമാനങ്ങൾ ഇന്ത്യ വാങ്ങിയിട്ടുണ്ട്. അവയിൽ ഏറ്റവും പുതിയത് മിഗ്-21 ബൈസൺ ആണ്. മിഗ് 21 ന്റെ നവീകരിച്ച പതിപ്പാണ് ബൈസൺ. മികച്ച മൾട്ടി മോഡ് റഡാർ, കൂടുതൽ മികച്ച എവിയോണിക്സ്, കമ്യൂണിക്കേഷൻ സിസ്റ്റം എന്നിവയാണ് മിഗ് 21 ബൈസണിൽ ഉപയോഗിക്കുന്നത്. ആർ 73 ഷോർട്ട് റേഞ്ച്, ആർ 77 മീഡിയം റേഞ്ച് ആന്റി എയർക്രാഫ്റ്റ് മിസൈലുകൾ, എയർ ടു സർഫസ് മിസൈലുകൾ, ബോംബുകള്‍ എന്നിവ വഹിക്കാൻ മിഗ് 21 ബൈസണിനാകും. മിറാഷ് 2000 പോലുള്ള അഡ്വാൻസ്ഡ് യുദ്ധ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഹെൽമെറ്റ് മൗണ്ടഡ് സൈറ്റ് മിഗ് 21 ലെ പൈലറ്റുമാർക്കുമുണ്ട്.

ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തുന്ന ശത്രുയുദ്ധവിമാനങ്ങളെയും നിരീക്ഷണ വിമാനങ്ങളെയും തുരത്താനാണ് വ്യോമസേന മിഗ് 21 ബൈസൺ ഉപയോഗിക്കുന്നത്. ഭാരക്കുറവുള്ള വിമാനമായതിനാൽ അതിവേഗം ശത്രുവിമാനങ്ങളെ ആക്രമിക്കാം. പെട്ടെന്നു ടേക്ക് ഓഫ് ചെയ്യാൻ സാധിക്കും എന്നതും മിഗ് 21 ന്റെ പ്രത്യേകതയാണ്.

mig-21-pti

ഒരു പൈലറ്റ് പറത്തുന്ന വിമാനമാണ് മിഗ് 21 ബൈസൺ. 14.3 മീറ്റർ നീളവും 7.154 മീറ്റർ വിങ്സ്പാനും 4 മീറ്റർ നീളവുമുണ്ട് ഈ വിമാനത്തിന്. 12675 എൽബി ത്രസ്റ്റുള്ള എൻജിനാണ് ഉപയോഗിക്കുന്നത്. 8825 കിലോഗ്രാം ഭാരം വരെ വഹിച്ച് പറന്നുയരാനാകും. 2230 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാവുന്ന വിമാനത്തിന്റെ ഓപ്പറേഷണൽ റേഞ്ച് 1210 കിലോമീറ്ററാണ്. പരമാവധി 57400 അടി ഉയരത്തിൽ വരെ മിഗ് 21 ബൈസണിന് പറക്കാനാകും.

English Summary: Why are MiG-21s still in service in India?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com