നാത്സി ടാറ്റൂവുള്ളവരെ പുട്ടിന്റെ സ്വകാര്യ സൈന്യത്തിലെടുക്കുന്നു: റഷ്യയ്ക്കെതിരെ ഗുരുതര ആരോപണം
Mail This Article
വ്ലാഡിമിർ പുട്ടിന്റെ സ്വകാര്യ ആർമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യയിലെ വാഗ്നർ ഗ്രൂപ്പ് നാത്സി ചിന്താഗതിയോട് ആഭിമുഖ്യമുള്ളവരെ റിക്രൂട്ട് ചെയ്യുന്നെന്ന് ഗുരുതര ആരോപണം. നാത്സി ചിഹ്നങ്ങൾ ടാറ്റൂ ചെയ്തവരെ പോലും ഇങ്ങനെ എടുക്കുന്നുണ്ടത്രേ. കിഴക്കൻ യൂറോപ്പിലെ സിസ്റ്റമി ഇൻവെസ്റ്റിഗേറ്റീവ് പ്രോജക്ടാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തി വിഡിയോ പുറത്തുവിട്ടത്.
യുക്രെയ്നിലെ ബാഖ്മുത് കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരിക്കുന്ന വാഗ്‌നർ ഗ്രൂപ്പ് ഇപ്പോൾ കടുത്ത ആൾക്ഷാമം നേരിടുന്നുണ്ട്. ഇതു മറികടക്കാനായാണ് വാഗ്നർ ഗ്രൂപ്പ് നവനാത്സികളെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയുമൊക്കെ തങ്ങളുടെ സേനാംഗങ്ങളാക്കുന്നത് എന്നാണ് ആരോപണം.
വാഗ്നർ ഗ്രൂപ്പിൽ നവനാത്സികളെ ഉൾപ്പെടുത്തിയാൽ അത് റഷ്യയ്ക്ക് രാജ്യാന്തര തലത്തിൽ ക്ഷീണമുണ്ടാക്കും. യുക്രെയ്നിൽ ഉയരുന്ന നവനാത്സി പ്രസ്ഥാനങ്ങളെയും പ്രവണതകളെയും അമർച്ച ചെയ്യാനാണു തങ്ങൾ യുക്രെയ്നെ ആക്രമിച്ചതെന്ന് റഷ്യ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്. ഇതിനു ചെന്നവരിൽ തന്നെ നവനാത്സികളുണ്ടല്ലോ എന്നാണ് ഇപ്പോൾ പല യൂറോപ്യൻ നിരീക്ഷകരും പറയുന്നത്.
സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ ഇവരുടെ സജീവ സാന്നിധ്യമുണ്ട്. സിറിയയിൽ നിന്നും ലിബിയയിൽ നിന്നും പതിനായിരക്കണക്കിനു കൂലിപ്പടയാളികളെ ഇവർ യുക്രെയ്നിലെത്തിച്ചിരുന്നു. കഴിഞ്ഞ എട്ടുവർഷമായി യുക്രെയ്ൻ, സിറിയ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിവിധ റഷ്യൻ ദൗത്യങ്ങളുടെ ഭാഗമായി ഇവരുണ്ട്.
ബ്രിട്ടിഷ് മാധ്യമമായ ബിബിസി വാഗ്നർ ഗ്രൂപ്പിനെപ്പറ്റി ഒരിക്കൽ ഒരു അന്വേഷണാത്മക ഡോക്യുമെന്ററി തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഗ്രൂപ്പിന്റെ ഉത്ഭവം അടക്കമുള്ള കാര്യങ്ങൾ അവർ പരിശോധിച്ചു. ഡിമിത്രി യുറ്റ്കിൻ എന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥനാണ് ഈ ഗ്രൂപ്പിനു തുടക്കമിട്ടതെന്നായിരുന്നു അതിൽ തെളിഞ്ഞത്. വാഗ്നർ എന്നായിരുന്നത്രേ ഇദ്ദേഹത്തിന്റെ വിളിപ്പേര്. ആ പേരു തന്നെ ഗ്രൂപ്പിനു വന്നു.
സ്പെറ്റ്സ്നാസ് എന്ന റഷ്യൻ പ്രത്യേക സേനയുടെ ഓഫിസറായിരുന്നു യുറ്റ്കിൻ. റഷ്യൻ ചാര, ഇന്റലിജൻസ് വൃത്തവും മഹാശക്തരുമായ ജിആർയുവിന്റെ മുൻ ലഫ്.കേണലും. ഇക്കാരണങ്ങളാൽ തന്നെ വാഗ്‌നർ ഗ്രൂപ്പ് ഒരു സ്വകാര്യ സൃഷ്ടിയല്ല. മറിച്ച് സ്വകാര്യതയുടെ മറപിടിച്ചുള്ള പുട്ടിന്റെ സ്വന്തം പടയാണെന്ന ആരോപണം ശക്തമാണ്. പുട്ടിനോട് രക്തത്തിന്റെ കട്ടിയുള്ള കൂർ പുലർത്തുന്ന കൂലിപ്പട്ടാളം.
2014ൽ റഷ്യയുടെ ക്രൈമിയ അധിനിവേശ ദൗത്യത്തോടൊപ്പമാണ് വാഗ്‌നർ ഗ്രൂപ്പിന്റെയും ജനനമെന്ന് വിലയിരുത്തപ്പെടുന്നു. ആയിരത്തോളം പേർ ഈ ഗ്രൂപ്പിൽ ചേർന്നു. തുടർന്ന് ഇവർ ലുഹാൻസ്കിലെയും ഡോനെറ്റ്സ്കിലെയും റഷ്യൻ വിമതരെ പിന്തുണയ്ക്കാൻ തുടങ്ങി.
റഷ്യൻ ഭരണകൂടത്തിനു വലിയൊരു ആയുധമാണ് വാഗ്നർ പടയാളികളെന്ന് നിരീക്ഷകർ പറയുന്നു. ഭരണഘടന പ്രകാരം റഷ്യയ്ക്ക് സ്വകാര്യ സേനകളെയൊന്നും പിന്തുണയ്ക്കാൻ സാധിക്കില്ല. വാഗ്നർ പടയാളികൾ എന്തെങ്കിലും യുദ്ധക്കുറ്റം ചെയ്താലും റഷ്യയ്ക്ക് ഒഴിയാൻ സാധിക്കും.
മുൻ സൈനികരെയാണു വാഗ്‌നർ ഗ്രൂപ്പ് പൊതുവെ ലക്ഷ്യമിടുന്നത്. സിറിയയിലും ലിബിയയിലും ക്രൈമിയയിലുമൊക്കെ കടക്കെണിയിലായ പല മുൻ സൈനികരും ഈ മിലിഷ്യയിൽ ചേർന്നിരുന്നു. ദിവസങ്ങൾക്ക് മുൻപ് റഷ്യൻ സേനയിൽ നിന്ന് പുറത്തായ ജനറൽ മിഖായേൽ മിനിറ്റ്സേവ് എന്ന സൈനികൻ വാഗ്‌നറിൽ ഡപ്യൂട്ടി കമാൻഡറായി ചേർന്നിരുന്നു. മരിയുപ്പോളിലെ റഷ്യൻ ആക്രമണങ്ങളുടെ പേരിൽ ഏറെ പഴികേട്ട സൈനികനാണ് മിഖായേൽ.
വാഗ്നർ ഗ്രൂപ്പിനുള്ള സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ നൽകുന്നത് റഷ്യൻ ഇന്റലിജൻസ് വൃത്തമായ ജിആർയുവാണെന്നുള്ള ആരോപണം ശക്തമാണ്. ദക്ഷിണ റഷ്യൻ മേഖലയിലെ മോൽക്കിനോയിലാണ് ഈ മിലിഷ്യയുടെ ട്രെയിനിങ് ബേസ്. റഷ്യൻ സേനാകേന്ദ്രത്തിനു വളരെ അടുത്താണ് ഇതെന്നുള്ളതും സംശയത്തിനു വഴി വയ്ക്കുന്നു. റഷ്യൻ സേന തന്നെയാണ് ഇവർക്കു പരിശീലനം നൽകുന്നതെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഈ സംഗതി. എന്നാൽ റഷ്യ ഈ ആരോപണത്തെ എന്നും നിഷേധിച്ചിട്ടേയുള്ളൂ.
യെവ്ഗെനി പ്രിഗോസിൻ എന്ന റഷ്യൻ ധനികനാണ് വാഗ്‌നർ ഗ്രൂപ്പിന്റെ അധിപൻ. പുട്ടിന്റെ ഷെഫ് എന്നായിരുന്നു ഇദ്ദേഹം മുൻപ് അറിയപ്പെട്ടിരുന്നത്. റസ്റ്ററന്റ് ബിസിനസിലൂടെയാണു പ്രിഗോസിൻ ധനികനായി ഉയർന്നത്. ലിബിയയിൽ റഷ്യൻ പിന്തുണയുള്ള ജനറൽ ഹഫ്താറിനെ വാഗ്നർ ഗ്രൂപ്പ് സൈനികമായി സഹായിക്കുന്നു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും സുഡാനിലും ഈ സേനയുണ്ട്. എന്നാൽ ഇവിടങ്ങളിൽ പ്രിഗോസിന്റെ ഖനന കമ്പനികൾക്ക് അനധികൃത ഖനനം നടത്താൻ സഹായമൊരുക്കുകയാണ് ഇവരുടെ പ്രധാന ജോലിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു. പ്രിഗോസിൻ ഇപ്പോൾ അമേരിക്കൻ ഉപരോധങ്ങളുടെ നടുവിലാണ്.
English Summary: Wagner Group recruits people with Nazi tattoos for war in Ukraine