ADVERTISEMENT

ഇന്ത്യൻ സായുധ സേനയുടെ "ബ്രഹ്മാസ്ത്രം" എന്നാണ്  ഡിഫൻസ് സ്റ്റാഫ് ചീഫ് ജനറൽ അനിൽ ചൗഹാൻ ബ്രഹ്മോസിനെ വിളിച്ചിരിക്കുന്നത്. ആ പരാമർശം വെറുതെയല്ല, ലോകത്ത് ഇന്ന് പരീക്ഷിച്ചിട്ടുള്ള ഏറ്റവും മികച്ച ക്രൂസ് മിസൈൽ ഇന്ത്യയുടെ ബ്രഹ്മോസ് തന്നെയാണ്. അതിർത്തി പ്രശ്നങ്ങൾ അതീവ ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ കേവലം ഒരു മാരക ആയുധമായി മാത്രമല്ല,  തന്ത്രപ്രധാനമായ കവചമായാണ് ഈ സൂപ്പർസോണിക് ക്രൂയിസ് മിസൈലിനെ സൈന്യം കണക്കാക്കുന്നത്.

ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി വർധിപ്പിക്കാനുള്ള പരീക്ഷണം വിജയകരമായിരുന്നു, ദൂരപരിധി 350 കിലോമീറ്ററിൽ നിന്ന് 400 കിലോമീറ്ററിലേക്കാണ് വർധിപ്പിച്ചത്. ബ്രഹ്‌മോസ് 2 എന്ന സൂപ്പർ സോണിക് മിസൈലും ബ്രഹ്‌മോസ് എൻജി (നെക്സ്റ്റ് ജനറേഷൻ) എന്ന ഭാരം കുറഞ്ഞ, പ്രഹരശേഷിയിൽ വിട്ടുവീഴ്ചയില്ലാത്ത മോഡലും ഉടനെത്തും, നിലവിൽ സുഖോയ് 30 വിമാനങ്ങളിലാണ് ബ്രഹ്മോസ് ഉപയോഗിക്കുന്നതെങ്കിൽ മിഗ്, തേജസ്സ് വിമാനങ്ങളിലും വഹിക്കാനാകുന്നതരം ഭാരം കുറഞ്ഞ ആയുധമായി മാറും. ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ , ബ്രഹ്മപുത്രയുടെയും മോസ്ക്‌വയുടെയും നാമധേയം പേറി 25 വർഷം പൂർത്തിയാക്കുന്ന  ബ്രഹ്മോസ് മിസൈലിന്റെ  വിശേഷങ്ങളിങ്ങനെ...

സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നും ബ്രഹ്‌മോസ് മിസൈൽ വിക്ഷേപിക്കുന്നു. (ഫയൽ ചിത്രം)
സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നും ബ്രഹ്‌മോസ് മിസൈൽ വിക്ഷേപിക്കുന്നു. (ഫയൽ ചിത്രം)

ഉലകനായകത്വം: കരയില്‍ നിന്നും ആകാശത്തുനിന്നും കടലില്‍ നിന്നും വെള്ളത്തിനടിയില്‍ നിന്നുപോലും വിക്ഷേപിക്കാനാകുമെന്നതാണ് ബ്രഹ്മോസിനെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്നത്. 

'മിന്നൽ വേഗം': ബ്രഹ്മോസ് മിസൈലിന് മാക് 2.8 മുതൽ 3.0 വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും,വേഗത്തിൽ സഞ്ചരിക്കാനും അതേപോലെ ലക്ഷ്യത്തിലെത്താനും കഴിയുമെന്നത് ബ്രഹ്മോസിനെ 'മോസ്റ്റ് ലീതൽ' ആക്കുന്നു. ബ്രഹ്മോസ് എയറോസ്പേസ് സിഇഒ അതുൽ ദിനകർ ഹൈപ്പർസോണിക് വേഗതയിലേക്കു മാറുന്നതിന്റെ നാൾവഴിയും രജതജൂബിലി ചടങ്ങുകൾക്കിടയിൽ വിശദീകരിച്ചിരുന്നു.

പറക്കൽ തന്ത്രങ്ങൾ: അതിവേഗം  പറക്കൽ രീതികളിൽ മാറ്റം വരുത്തി ലക്ഷ്യത്തിലേക്കു കുതിക്കുന്ന രീതിയായതിനാൽ മിസൈൽവേധ  തോക്കുകൾക്കും റഡാറുകൾക്കും പലപ്പോഴും പിന്തുടരാനും പ്രഹരം തടയാനും ബുദ്ധിമുട്ടാണ്.

ഒറ്റ ലക്ഷ്യം: ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതേസമയം ക്രൂസ് മിസൈലുകള്‍ തുടക്കം മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. 

അവർ ക്യുവിലാണ്: ആദ്യം ബ്രഹ്മോസ് ആവശ്യപ്പെട്ടെത്തിയത് ഫിലിപ്പീൻസ് ആണ്, 37.49 കോടി ഡോളറിനാണ് (ഏകദേശം 2811 കോടി രൂപ) ഫിലിപ്പീൻസ് മിസൈൽ വാങ്ങിയത്. കൂടാതെ വിയറ്റ്നാം, സൗദി അറേബ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ബ്രഹ്മോസ് മിസൈൽ കയറ്റുമതി ചെയ്തിട്ടുണ്ട്. നിരവധി രാജ്യങ്ങൾ മിസൈലിനായി ക്യുവിലാണെന്നും അധികൃതർ പറയുന്നു

ചൈനീസ് പാര, പക്ഷേ:  2017 ജൂണില്‍ ഇന്ത്യയ്ക്ക് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെയ്ഷിമിൽ ‍(എംടിസിആര്‍) അംഗത്വം ലഭിച്ചതാണ് ബ്രഹ്മോസിന്റെ പരിധി വര്‍ധിപ്പിക്കുന്നത് സാധ്യമാക്കിയത്. ചൈനയുടെ ശക്തമായ ഇടപ്പെടല്‍ മറികടന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. 

സലാം കലാം:  ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിനു ബ്രഹ്മോസ് II (K) എന്നാണ് നാമകരണം നൽകിയിരിക്കുന്നത്, ശബ്ദത്തിന്റെ ഏഴിരട്ടി വേഗത്തിൽ ‍(മണിക്കൂറില്‍ ഏകദേശം 8575 കിലോമീറ്റര്‍) സഞ്ചരിക്കാന്‍ ഈ മിസൈലിനാകും. ഇന്ത്യയുടെ മിസൈല്‍, ആണവ പദ്ധതികളുടെ ചുക്കാന്‍ പിടിച്ചിരുന്ന അബ്ദുള്‍ കലാമിനുള്ള ആദരം കൂടിയായാണ് ഈ മിസൈലിന്റെ പേരിലുള്ള 'കെ' നൽകിയിരിക്കുന്നത്. 

ഐഎൻഎസ് കൊച്ചിയിൽനിന്ന് പരീക്ഷിക്കുന്ന ബ്രഹ്മോസ് മിസൈൽ. ഫയൽ ചിത്രം: MINISTRY OF DEFENCE / AFP
ഐഎൻഎസ് കൊച്ചിയിൽനിന്ന് പരീക്ഷിക്കുന്ന ബ്രഹ്മോസ് മിസൈൽ. ഫയൽ ചിത്രം: MINISTRY OF DEFENCE / AFP

ഇവിടെ എന്തും പോകും: ആണവ പോർമുനകൾ ഉൾപ്പെടെ വിവിധ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ് മിസൈൽ

നാൾവഴി: ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത് 2005 ൽ ഐഎൻഎസ് രജപുതിൽ നിന്ന്. 2007ൽ കരയിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു. 2015 ൽ കടലിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു .2017ൽ അത്യാധുനിക പോർവിമാനം സുഖോയ്–30 യിൽ നിന്നും ബ്രഹ്മോസ് പരീക്ഷിച്ചു. 

English Summary: ndia's BrahMos missile set to become more lethal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com