ADVERTISEMENT

തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൃപാൺ വിയറ്റ്‌നാമിനു സമ്മാനിച്ച് ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങഅങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിയറ്റ്‌നാം പ്രതിരോധ മന്ത്രി ജനറല്‍ ഫാന്‍ വാന്‍ ഗാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് യുദ്ധക്കപ്പല്‍ സമ്മാനിക്കുന്ന വിവരം രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചത്.  ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണത്തിനുള്ള ചര്‍ച്ചകളാണ് വിയറ്റ്‌നാം പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രധാനമായും നടന്നത്. ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

പ്രതിരോധ വ്യവസായ രംഗത്തെ സഹകരണത്തെക്കുറിച്ചും നാവികരംഗത്തെ സുരക്ഷയെക്കുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും ജനറല്‍ ഫാന്‍ സന്ദര്‍ശിച്ചു. പ്രതിരോധ വ്യവസായ രംഗത്തെ സഹകരണത്തെക്കുറിച്ച് ഡിആര്‍ഡിഒ അധികൃതരുമായും ചര്‍ച്ചകള്‍ നടന്നു. 

1991 ജനുവരി 12നാണ് ഐഎന്‍എസ് കൃപാൺ നാവിക സേനയിലേക്ക് കമ്മിഷന്‍ ചെയ്യപ്പെട്ടത്. 1400 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള, 91 മീറ്റര്‍ നീളമുള്ള ഖുക്രി ക്ലാസ് യുദ്ധക്കപ്പലാണിത്. 25 നോട്‌സ് വരെ വേഗം കൈവരിക്കാന്‍ സാധിക്കും. മീഡിയം റേഞ്ച് തോക്ക്, 30 എംഎം തോക്കുകള്‍, ചാഫ് ലോഞ്ചറുകള്‍, സർഫസ് ടു സർഫസ് മിസൈലുകള്‍ എന്നിവയെല്ലാം ഐഎന്‍എസ് കൃപാണില്‍ സജ്ജമാണ്. സമുദ്ര നിരീക്ഷണം, തീര സുരക്ഷ, കൊള്ളക്കാരെ പ്രതിരോധിക്കല്‍, ജീവന്‍ രക്ഷാ ദൗത്യങ്ങള്‍ എന്നിവക്കെല്ലാം ഈ പോര്‍ക്കപ്പലിനെ ഉപയോഗിക്കാന്‍ വിയറ്റ്‌നാമിനു സാധിക്കും. 

2022 ജൂണില്‍ ഇന്ത്യയും വിയറ്റ്‌നാമും ഒരു പ്രതിരോധ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചിരുന്നു. 2030 ആകുമ്പോഴേക്കും പ്രതിരോധ രംഗത്തെ ഇന്ത്യയുടെയും വിയറ്റ്‌നാമിന്റെയും സഹകരണം മെച്ചപ്പെടുത്തുകയെന്നതാണ് അതിന്റെ പ്രധാന ലക്ഷ്യം. 2014ല്‍ 12 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ വാങ്ങുന്നതിന് 100 ദശലക്ഷം ഡോളര്‍ ഇന്ത്യ വായ്പയായി വിയറ്റ്‌നാമിനു നല്‍കിയിരുന്നു. പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി 2016ല്‍ 500 ദശലക്ഷം ഡോളറിന്റെ മറ്റൊരു വായ്പയും ഇന്ത്യ അനുവദിച്ചിരുന്നു. 

വിയറ്റ്‌നാം വ്യോമസേനയിലെ ഓഫിസര്‍മാരുടെ ഭാഷാ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനും ഐടി ലാബ് നിര്‍മിക്കുന്നതിനും ഇന്ത്യ പ്രത്യേകം ഗ്രാന്റുകള്‍ അനുവദിച്ചിരുന്നു. ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ 2016 മുതല്‍ പ്രതിരോധ രംഗത്ത് തന്ത്രപ്രധാനമായ സഹകരണം തുടരുന്നുണ്ട്. ഇന്തോ പസിഫിക് മേഖലയിലെ തന്ത്രപ്രധാനമായ പങ്കാളിയായാണ് വിയറ്റ്‌നാമിനെ ഇന്ത്യ കണക്കാക്കുന്നത്. ആ സഹകരണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോൾ ഐഎന്‍എസ് കൃപാൺ സമ്മാനിച്ചതും. ഇന്ത്യയിലേതെന്നതുപോലെ വിയറ്റ്‌നാമിന്റെ സമുദ്ര അതിർത്തികളിലും സ്പെഷൽ ഇക്കണോമിക് സോണുകളിലും സായുധക്കപ്പലുകളിറക്കി ചൈന പ്രകോപനം സൃഷ്ടിക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com