ADVERTISEMENT

പുതു തലമുറ മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാനുള്ള പദ്ധതികളില്‍ കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തയ്യാറെടുക്കുന്നു. കൽവാരി ക്ലാസ് മുങ്ങിക്കപ്പലുകളുടെ നിര്‍മാണ പദ്ധതി വിജയമായതിനെ തുടര്‍ന്നാണ് സഹകരണം വിപുലപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ മുങ്ങിക്കപ്പലുകളുടെ വേഗം പെട്ടെന്ന് വര്‍ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഫ്രാന്‍സുമായുള്ള സഹകരണത്തിലൂടെ ലഭിക്കുമെന്നാണ് നാവികസേനയുടെ പ്രതീക്ഷ. 

നാവികസേനക്കുവേണ്ടി ആറ് മുങ്ങിക്കപ്പലുകളാണ് ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് കൽവാരി ക്ലാസില്‍ നിര്‍മിച്ചത്. ഡീസല്‍ -വൈദ്യുതി ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന ഈ മുങ്ങിക്കപ്പലുകള്‍ ഫ്രാന്‍സിലേയും ഇന്ത്യയിലേയും കപ്പല്‍ നിര്‍മാണ ശാലകളിലാണ് നിര്‍മിച്ചത്. ഫ്രാന്‍സിന്റെ നേവല്‍ ഗ്രൂപ്പും ഇന്ത്യയുടെ മസാഗോണ്‍ ഡോക്ക് ലിമിറ്റഡും(എം.ഡി.എല്‍) ചേര്‍ന്നാണ് ഇതു നിര്‍മിച്ചത്. 

ഫ്രാന്‍സിന്റെ സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലിന്റെ ഇന്ത്യന്‍ പതിപ്പാണ് കൽവാരി ക്ലാസ് മുങ്ങിക്കപ്പലുകള്‍. ഇന്ത്യയുടെ ഏറ്റവും വിജയകരമായ മുങ്ങിക്കപ്പല്‍ നിര്‍മാണ പദ്ധതിയായാണ് കൽവാരി ക്ലാസ് സബ്മറീന്‍ പ്രോഗ്രാം വിലയിരുത്തുന്നത്. 2005ലാണ് ആറ് കൽവാരി ക്ലാസ് മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് 13,000 കോടിയുടെ അനുമതി കേന്ദ്ര പ്രതിരോധ മന്ത്രാലയം നല്‍കുന്നത്. 2017 മുതല്‍ കാല്‍വരി ക്ലാസ് മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാണ്. 

സഹകരണം വിപുലപ്പെടുത്തുന്നതോടെ സാങ്കേതികവിദ്യയുടെ കൈമാറ്റം അടക്കം പ്രതിരോധ രംഗത്ത് നിരവധി സാധ്യതകളാണ് ഇന്ത്യക്ക് മുന്നില്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ആണവോര്‍ജം ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകളില്‍ ഫ്രഞ്ച് നിര്‍മിത പമ്പ് ജെറ്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിക്കുന്നതില്‍ ഫ്രഞ്ച് കമ്പനി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

പമ്പ് ജെറ്റ് പ്രൊപ്പല്‍ഷന്‍ മുങ്ങിക്കപ്പലുകളില്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയുടെ നാവികസേനക്കും താല്‍പര്യമുണ്ട്. മുങ്ങിക്കപ്പല്‍ നിര്‍മാണത്തില്‍ കൂടുതല്‍ സഹകരണം സാധ്യമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധത്തിനും കരുത്തേറും. കുറഞ്ഞ സമയം കൊണ്ട് മുങ്ങിക്കപ്പലുകളുടെ വേഗം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പമ്പ് ജെറ്റ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം. ശത്രു കപ്പലുകളേയും അന്തര്‍വാഹിനികളേയും പിന്തുടരുമ്പോള്‍ പെട്ടെന്ന് വേഗം വര്‍ധിപ്പിക്കാനാവുന്നത് നമ്മുടെ അന്തര്‍വാഹിനികളുടെ കരുത്ത് വര്‍ധിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com