സമാനതകളില്ലാത്ത പാക്ക് ക്രൂരത, നോവായി ക്യാപ്റ്റൻ കാലിയയും സംഘവും; മാറാതെ ആ അവസാന ചെക്ക്!
Mail This Article
ഓരോ യുദ്ധവും ഒരുപാട് കാര്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് തീരുന്നത്. വിജയങ്ങൾ, അദ്ഭുതങ്ങൾ, വേദനകൾ. കാർഗിൽ യുദ്ധത്തിന്റെ ഏറ്റവും വലിയ നോവായിരുന്നു ആ 6 ഇന്ത്യൻ സൈനികർ. മഞ്ഞുകാല സമയത്ത് നിയന്ത്രണ രേഖയിലെ ഫോർവേഡ് പോസ്റ്റുകൾ ഇന്ത്യ, പാക്കിസ്ഥാൻ സേനകൾ താൽക്കാലികമായി ഉപേക്ഷിച്ച് പിന്നീട് മഞ്ഞുകാലം കഴിഞ്ഞ് തിരികെയെത്തുന്ന രീതിയായിരുന്നു കാർഗിലിലും മറ്റുമുണ്ടായിരുന്നത്. എന്നാൽ ആ വർഷം പാക്കിസ്ഥാൻ ഇന്ത്യൻ മേഖലയിലേക്ക് അതിക്രമിച്ച് കയറിയതാണ് യുദ്ധത്തിനു കാരണമായത്.
മേയ് ആദ്യ ആഴ്ചകളിൽ കാർഗിലിൽ പട്രോളിങ് നടത്തിയ സംഘത്തിന്‌റെ നേതൃത്വം സൗരഭ് കാലിയ എന്ന യുവസൈനിക ഓഫിസർക്കായിരുന്നു. കാർഗിലിൽ പാക്കിസ്ഥാൻ കടന്നുകയറ്റം ആദ്യമായി സേനാനേതൃത്വങ്ങൾക്ക് റിപ്പോർട്ട് ചെയ്തതും കാലിയയാണ്.1999 മേയ് 15ന് കാലിയയും അർജുൻ റാം, ഭൻവാർ ലാൽ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ് എന്നീ സൈനികരും നിയന്ത്രണരേഖയ്ക്ക് സമീപം പാക്ക് സൈനികരുമായി ഏറ്റുമുട്ടി. എന്നാൽ തിരകളും ആയുധങ്ങളും തീർന്നതിനാൽ ഇവർ പാക്ക് ഭടൻമാരുടെ പിടിയിലായി.മേയ് 15 മുതൽ ജൂൺ 7 വരെയുള്ള 22 ദിവസക്കാലം കാലിയയും സംഘവും പാക്ക് സൈനികരുടെ തടവിലായിരുന്നു. അതിക്രൂരമായാണ് പാക്ക് സൈന്യം ഇവരോട് പെരുമാറിയത്.
യുദ്ധത്തടവുകാർക്ക് ജനീവ പ്രോട്ടോക്കോൾ പ്രകാരം നൽകേണ്ട പരിഗണനകളൊന്നും ഇവർക്ക് ലഭിച്ചില്ലെന്നു മാത്രമല്ല അതീവ മനുഷ്യത്വവിരുദ്ധമായ ക്രൂരമുറകൾക്ക് പാക്കിസ്ഥാൻ പട്ടാളം ഇവരെ വിധേയമാക്കുകയും ചെയ്തു.കാലിയയുൾപ്പെടുന്ന സംഘത്തിലെ സൈനികരിൽ പലരുടെയും കർണപുടത്തിലേക്ക് ചൂടുള്ള ഇരുമ്പ് കമ്പി കയറ്റി, കണ്ണുകൾ ചൂഴ്‌ന്നെടുത്തു, പല്ലുകൾ അടിച്ചുകൊഴിച്ചു, അസ്ഥികൾ അടിച്ചുനുറുക്കി. അങ്ങനെ സമാനതയില്ലാത്ത ക്രൂരതയ്ക്കാണ് കാലിയയും സംഘവും വിധേയരായത്. ജന്മരാജ്യത്തിന്‌റെ സുരക്ഷയ്ക്കായി ഇത്രയും വേദന ശത്രുവിൽ നിന്നേറ്റ സൈനികർ ഒടുവിൽ വീരഗതി പ്രാപിച്ചു.
1997 ഓഗസ്റ്റിലാണ് ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് കാലിയ തിരഞ്ഞെടുക്കപ്പെടുന്നത്. ഫോർത്ത് ബറ്റാലിയൻ ജാട്ട് റജിമെന്‌റായിരുന്നു കാലിയയുടെ മാതൃയൂണിറ്റ്.വെറും 22 വയസ്സായിരുന്നു കാർഗിൽ യുദ്ധത്തിനിടെ പാക്കിസ്ഥാൻ സൈന്യത്തിന്‌റെ പിടിയിലാകുമ്പോൾ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ പ്രായം. എൻ.കെ.കാലിയ- വിജയ ദമ്പതികളുടെ മകനായ സൗരഭ് കാലിയ 1976 ജൂൺ 29നാണു പഞ്ചാബിലെ അമൃത്സറിൽ ജനിച്ചത്. ഹിമാചൽ പ്രദേശിലെ സ്‌കൂളുകളിലും കോളജുകളിലുമായി വിദ്യാഭ്യാസം പിന്നിട്ട സൗരഭ് കാലിയ മിടുക്കനായ വിദ്യാർഥിയായിരുന്നു. വിദ്യാഭ്യാസ കാലയളവിൽ ഒട്ടേറെ സ്‌കോളർഷിപ്പുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
കാലിയയുടെ പിതാവായ എൻ.കെ. കാലിയ പാക്കിസ്ഥാൻ തന്‌റെ മകനോടും സഹസൈനികരോടും ചെയ്ത യുദ്ധക്കുറ്റങ്ങൾവെളിച്ചത്തുകൊണ്ടുവരാനായി രണ്ടുപതിറ്റാണ്ടിലേറെയായി വലിയ ശ്രമം നടത്തിവരികയാണ്. ഇന്നുമത് തുടരുന്നു. എൻ.കെ.കാലിയ ഇന്നുമൊരു ചെക്ക് സൂക്ഷിച്ചുവയ്ക്കുന്നു. കാർഗിലിലേക്ക് പോകുന്നതിനു മുൻപ് വീട്ടുചെലവുകൾക്കായി മകൻ ഒപ്പിട്ടുനൽകിയതാണ് ആ ചെക്ക്. മാതാപിതാക്കൾ ആ ചെക്ക് ബാങ്കിൽ മാറിയില്ല. പ്രിയമകന്‌റെ തങ്ങൾക്കുള്ള അവസാന അക്ഷരങ്ങൾ എന്ന നിലയിൽ അവരതു സൂക്ഷിച്ചുവയ്ക്കുന്നു.