ADVERTISEMENT

വനിതാ ഫ്‌ളൈയിങ് ഓഫിസർമാർ യുദ്ധരംഗത്തു പങ്കെടുക്കുന്നതിനു കാർഗിൽ യുദ്ധം വേദിയൊരുക്കി. ഫ്‌ളൈറ്റ് ലഫ്റ്റനന്‌റുമാരായ ഗുഞ്ജൻ സക്‌സേന, ശ്രീവിദ്യ രാജൻ തുടങ്ങിയവർ യുദ്ധരംഗത്തേക്കു ആദ്യമായി ഹെലികോപ്റ്ററുകൾ പറത്തി. ചീറ്റ വിഭാഗത്തിലുള്ള ഹെലികോപ്റ്ററാണ്  യുദ്ധമേഖലയിലേക്കു ഗുഞ്ജൻ പറത്തിയത്.1975ലായിരുന്നു ഗുഞ്ജന്റെ ജനനം, സൈനിക ഓഫിസറായിരുന്നു അവരുടെ പിതാവ്. ഡൽഹിയിലെ ഹൻസ്‌രാജ് കോളജിൽ ബിരുദപഠനത്തിനു ശേഷം ഡൽഹി ഫ്ലയിങ് ക്ലബിൽ നിന്ന് വ്യോമപരിശീലനം നേടി.

1994ലാണ് ഗുഞ്ജൻ വ്യോമസേനയിൽ ചേരുന്നത്. വ്യോമസേനയുടെ ആദ്യ വനിതാ ബാച്ചിന്റ ഭാഗമായി. കാർഗിൽ യുദ്ധത്തിൽ മുറിവേറ്റവരെ സുരക്ഷിതമായി ക്യാംപുകളിലെത്തിക്കുക, നിരീക്ഷണം നടത്തുക, അവശ്യ സാധന സാമഗ്രികളുടെ വിതരണം നടത്തുക തുടങ്ങിയവയായിരുന്നു ഗുഞ്ജന്‌റെ പ്രധാന ദൗത്യം. 2020ൽ ജാൻവി കപൂർ അഭിനയിച്ച ഗുഞ്ജൻ സക്‌സേന- ദ കാർഗിൽ ഗേൾ എന്ന ചിത്രം പുറത്തിറങ്ങി. 

പാലക്കാട്ടുകാരിയായ ശ്രീവിദ്യ രാജൻ എയർഫോഴ്സിലേക്ക് എത്തിയ വഴി പറയുന്നു(മനോരമ ഓൺലൈൻ ആർകൈവ്)

അച്ഛൻ സൈന്യത്തിലായിരുന്നു; അമ്മ പാലക്കാട്ടു തത്തമംഗലത്ത് അധ്യാപികയും. പൈലറ്റ് ആകണമെന്നു പണ്ടേ ആഗ്രഹമായിരുന്നുവെന്നു ശ്രീവിദ്യ രാജൻ. ഏതു മാതാപിതാക്കളെയുമെന്നതു പോലെ വീട്ടിലും ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, അവർ  പിന്തുണച്ചു. ഒന്നരവര്‍ഷത്തെ ട്രെയിനിങ്ങിനു ശേഷമായിരുന്നു കമ്മിഷന്‍ ചെയ്തത്. ആദ്യ പോസ്റ്റിങ് ജമ്മു കശ്മീര്‍ സെക്ടറിലെ ഉധംപൂരിലായിരുന്നു. അവിടത്തെ ഫ്ലൈയിങ് വ്യത്യസ്തമായിരുന്നു.എക്സ്ട്രീം ക്ലൈമറ്റ് ആണ് അവിടെ. അതിന് പ്രത്യേക പരിശീലനവും ലഭിച്ചു. ഞങ്ങള്‍ 22 പൈലറ്റ്സ് ഉണ്ടായിരുന്നു. അതില്‍ രണ്ടു പേരായിരുന്നു ഞാനും ഗുഞ്ജനും. 

ആ സമയത്താണ് കാര്‍ഗില്‍ പ്രശ്നം ഉടലെടുത്തത്. ഒരു ദിവസം രാവിലെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍‍ അറിഞ്ഞു എയര്‍ ഫോഴ്സും യുദ്ധത്തില്‍ പങ്കുചേരുകയാണെന്ന്. ഏറ്റവും അടുത്ത ഹെലികോപ്റ്റര്‍ യൂണിറ്റ് ഞങ്ങളുടേതായിരുന്നു. അങ്ങനെ ശ്രീനഗറിലേക്ക് ഡ്യൂട്ടി ഏൽപിക്കപ്പെട്ടവരില്‍ ഞാനും ഉള്‍പ്പെട്ടു. 1996 മുതല്‍ ഞങ്ങള്‍ ഉധംപൂരിലായിരുന്നു ഫ്ലൈ ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് ആ പ്രദേശം ഞങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു. അതു പരിഗണിച്ചാണ് ഡ്യൂട്ടി കിട്ടിയത്.

വ്യോമസേനയുടെ സഫേദ് സാഗർ

കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയും നിർണായകമായ പങ്കുവഹിച്ചു. കരസേന നടപ്പാക്കിയ ഓപ്പറേഷൻ വിജയ് എന്ന വിജയദൗത്യത്തിനൊപ്പം തന്നെ ഓപ്പറേഷൻ സഫേദ് സാഗർ എന്ന ദൗത്യവുമായി വ്യോമസേനയും യുദ്ധമുഖത്ത് അണിചേർന്നു.ഒട്ടേറെ പെരുമകളുള്ളതായിരുന്നു ഈ ദൗത്യം. ഇതാദ്യമായിരുന്നു ഒരു ഹ്രസ്വകാലയുദ്ധമുഖത്ത് ഇന്ത്യൻ വ്യോമസേന അണിനിരക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു സഫേദ് സാഗറിന്.

മേയ് 27നാണ് എയർഫോഴ്‌സ് സംഘത്തിലെ ആദ്യ വീര രക്തസാക്ഷിത്വം സംഭവിക്കുന്നത്. സ്‌ക്വാഡ്രൻ ലീഡർ അജയ് അഹൂജയുടേതായിരുന്നു അത്. കാഴ്ചയിൽ നിന്നു മറഞ്ഞ ഒരു മിഗ് വിമാനത്തെ കണ്ടെത്താനുള്ള ശ്രമത്തിനിടെ പാക്ക് മിസൈലേറ്റ് അജയ് അഹുജയുടെ വിമാനം നിലംപതിച്ചു. എന്നാൽ ഇതിൽ പരുക്കേറ്റ അഹുജയെ പാക്ക് സൈന്യം വെടിവയ്ക്കുകയാണെന്നു കരുതപ്പെടുന്നത്. ജനീവ പ്രോട്ടോക്കോളിന്‌റെ ലംഘനമാണ് ഇതുവഴി പാക്കിസ്ഥാൻ നടത്തിയത്.

1999 മേയ് 28ന് വ്യോമസേനാംഗങ്ങളായ സ്‌ക്വാഡ്രൻ ലീഡർ ആർ. പണ്ഡിറ്റ്, ഫ്‌ളൈറ്റ് ലഫ്റ്റനന്‌റ് മുഹിലൻ, സാർജന്‌റ് ആർകെ സാഹു, സാർജന്‌റ് പിവിഎൻആർ പ്രസാദ് എന്നിവർ കാർഗിൽ യുദ്ധദൗത്യത്തിനിടെ വീരചരമം പ്രാപിച്ചു. പിൽക്കാലത്ത് എയർമാർഷലായി മാറിയ മലയാളി ഓഫിസർ രഘുനാഥ് നമ്പ്യാരും സഫേദ് സാഗർ ദൗത്യത്തിൽ ഫ്‌ലൈയിങ് ഓഫിസറായി പങ്കെടുത്തു.

1999 മേയ് 25നാണ് സഫേദ് സാഗർ തുടങ്ങുന്നത്. മേയ് അഞ്ചിനു തന്നെ ഓപ്പറേഷൻ വിജയ് തുടങ്ങിയിരുന്നു. ജമ്മുകാശ്മീർ മേഖലയിൽ വ്യോമശക്തി വലിയ തോതിൽ ആദ്യമായി ഉപയോഗിച്ചതും സഫേദ് സാഗർ ദൗത്യത്തിന്‌റെ ഭാഗമായിട്ടായിരുന്നു.ശ്രീനഗർ, അവന്തിപ്പോറ, ആദംപുർ എന്നീമേഖലകളിൽ നിന്നാണ് ആദ്യ എയർ സപ്പോർട്ട് മിഷനുകൾ വ്യോമസേന പറത്തിയത്.

മിഗ് 21,23,27 യുദ്ധവിമാനങ്ങൾ, ജാഗ്വറുകൾ, അറ്റാക്ക് ഹെലിക്കോപ്റ്ററുകൾ എന്നിവയാണ് ആദ്യം ഉപയോഗിച്ചത്. ശ്രീനഗർ എയർപോർട്ടിൽ ആ സമയം സിവിലിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. പൂർണമായും യുദ്ധവിമാനങ്ങൾക്കായി എയർപോർട്ട് വിട്ടുകൊടുത്തു. മേയ് 30ന് മിറാഷ് 2000 വിമാനങ്ങളും യുദ്ധമുഖത്തെത്തി.ടൈഗർ ഹിൽ , ദ്രാസ് മേഖലയിൽ കനത്ത ബോംബ് വർഷം നടത്തിയ മിറാഷ് പാക്കിസ്ഥാനെ വിറപ്പിച്ചുകളഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com