കാല്യുട്രോണ്‍ ഗേള്‍സ് – ‘ആറ്റംബോംബിന് പിന്നിലെ പെൺകുട്ടികൾ’
Mail This Article
വർഷം1940, പത്രങ്ങളുടെ മുൻപേജുകളിൽ ലോക മഹായുദ്ധത്തിന്റെ കെടുതികളും വിജയ പരാജയ വാർത്തകളുമായിരുന്നു സ്ഥാനം പിടിച്ചത്. അതേസമയം അമേരിക്കൻ സൈന്യവും ഗവേഷകരും അടഞ്ഞ വാതിലുകൾക്കു പിന്നിൽ ഒരു ദൗത്യത്തിലായിരുന്നു. ലക്ഷക്കണക്കിനു ആൾക്കാർ പങ്കെടുത്ത എന്നാൽ തങ്ങൾ ചെയ്യുന്നത് എന്താണെന്നു ഭൂരിഭാഗം ആളുകൾക്കും ഒരു ധാരണയുമില്ലായിരുന്ന ഒരു പരമ രഹസ്യമായ ദൗത്യം. മനുഷ്യന്‍ ആദ്യമായി ആറ്റം ബോംബ് നിര്‍മിച്ച മാൻഹാട്ടൻ പ്രോജക്ട് ആണ് അതെന്നു പിന്നീടു ലോകം അറിഞ്ഞു.
തങ്ങൾ എന്താണ് ചെയ്യുന്നതെന്നറിയാതെ ഭാഗമായി മാറിയ ഒരുകൂട്ടം സ്ത്രീകളുണ്ടായിരുന്നു. ഹിരോഷിമയില്‍ അമേരിക്ക ഇട്ട ആറ്റംബോബിന് ആവശ്യമായ യുറേനിയം വര്‍ഷങ്ങളെടുത്ത് സമ്പുഷ്ടീകരിച്ചു നല്‍കിയത് പതിനായിരത്തോളം സ്ത്രീകളായിരുന്നു. കാല്യുട്രോണ്‍ ഗേള്‍സ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.
വൈ 12– ഫാക്ടറികൾക്കുള്ളിലെ നിരവധി യന്ത്രസംവിധാനങ്ങളുള്ള ക്യുബിക്കിളിൽ ഇരുന്നു ഒരു നീഡിൽ കൃത്യസ്ഥാനത്തേക്കു നയിക്കുക എന്ന ജോലിയാണ് പലർക്കും ഉണ്ടായിരുന്നത്. പക്ഷേആ ജോലി ചെയ്യുമ്പോള്‍ പോലും എന്തിനുവേണ്ടിയാണ് ഇതു ചെയ്യുന്നതെന്നോ എന്താണു ചെയ്യുന്നതെന്നോ ഇതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമോ എന്നുപോലും അന്ന് അറിയില്ലായിരുന്നു.
മനുഷ്യന്‍ ആദ്യമായി ആറ്റം ബോംബു നിര്‍മിച്ച മാന്‍ഹാട്ടന്‍ പദ്ധതി അമേരിക്ക അതീവ രഹസ്യമായാണ് നടപ്പിലാക്കിയത്. ഏകദേശം 1.29 ലക്ഷം പേര്‍ പങ്കെടുത്ത ബൃഹത്തായ പദ്ധതിയായിരുന്നു ഇത്. പല നിര്‍ണായക പരീക്ഷണശാലകളും ഒറ്റപ്പെട്ട പ്രദേശങ്ങളിലായിരുന്നു. ചിക്കാഗോ സര്‍വകലാശാലയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു താഴെയാണ് ലോകത്തെ ആദ്യത്തെ ന്യൂക്ലിയര്‍ റിയാക്ടര്‍ നിര്‍മിച്ചത്. ആറ്റം ബോംബു നിര്‍മാണവുമായി യാതൊരു വിവരങ്ങളും പുറത്തുപോവില്ലെന്ന് ഉറപ്പിക്കുകയെന്നതും വലിയ ദൗത്യമായിരുന്നു.
ജനറല്‍ ലെസ്‌ലി ആര്‍ ഗ്രോവ്‌സും ഓപണ്‍ഹൈമറും അടക്കം വളരെ ചുരുക്കം പേര്‍ക്കു മാത്രമായിരുന്നു മാന്‍ഹാട്ടന്‍ പദ്ധതിയെക്കുറിച്ച് പൂര്‍ണ ധാരണയുണ്ടായിരുന്നത്. അമേരിക്ക ആറ്റം ബോബ് നിര്‍മിക്കുന്നുവെന്ന വിവരം ജര്‍മനി അടക്കമുള്ള ശത്രു രാജ്യങ്ങള്‍ അറിയരുതെന്ന നിര്‍ബന്ധമാണ് കാല്യുട്രോണ്‍ ഗേള്‍സില്‍ നിന്നടക്കം വിവരങ്ങള്‍ മറച്ചു വെച്ചതിനു പിന്നില്‍.
യുറേനിയം 238ഉം 235ഉം
ന്യൂക്ലിയര്‍ ഫിഷന്‍ നടക്കാന്‍ കൂടുതല്‍ എളുപ്പം യുറേനിയം 235വിലാണ്. ന്യൂക്ലിയര്‍ ഫിഷന് വിധേയമാക്കാവുന്ന പ്രകൃതിദത്തമായ ഒരേയൊരു മൂലകമാണ് യുറേനിയം 235. ഭൂമിയില്‍ നിന്നും ലഭിക്കുന്ന യുറേനിയത്തില്‍ 99.7 ശതമാനവും പക്ഷേ യുറേനിയം 238 ആണ്. വെറും 0.7 ശതമാനം മാത്രമാണ് യുറേനിയം 235.
ആറ്റം ബോബ് നിര്‍മാണത്തിനു വേണ്ട യുറേനിയം 235 വേര്‍തിരിച്ചെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ്. ഇന്നുപോലും വളരെ കുറച്ചു രാജ്യങ്ങളുടെ കൈവശം മാത്രമാണ് യുറേനിയം 235 വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയുള്ളത്. യുറേനിയം 235 വേര്‍തിരിച്ചെടുക്കുകയെന്ന വളരെ സങ്കീര്‍ണവും നിര്‍ണായകവുമായ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയവരായിരുന്നു കാല്യുട്രോണ്‍സ് ഗേള്‍സ്.
രഹസ്യ ദൗത്യം
മാന്‍ഹാട്ടന്‍ പ്രൊജക്ടിന്റെ ഭാഗമായുള്ള ടെന്നസിയിലെ ഓക്‌റിഡ്ജിലുണ്ടായിരുന്ന വൈ-12 ഫാക്ടറിയിലായിരുന്നു യുറേനിയം 235 വേര്‍തിരിച്ചെടുത്തിരുന്നത്. യുറേനിയം വേര്‍തിരിക്കാന്‍ വേണ്ടിയുള്ള 1,152 കാല്യുട്രോണ്‍സ് യന്ത്രങ്ങളായിരുന്നു ഇവിടെ സ്ഥാപിച്ചിരുന്നത്. ഇതു പ്രവര്‍ത്തിപ്പിച്ച് യുറേനിയം വേര്‍തിരിച്ചെടുക്കുകയായിരുന്നു കാല്യുട്രോണ്‍സ് ഗേള്‍സിന്റെ പ്രധാന ജോലി.
1943നും 1945നും ഇടയില്‍ പതിനായിരത്തോളം യുവതികളെയാണ് കാല്യുട്രോണ്‍സ് ഗേള്‍സായി തെരഞ്ഞെടുത്തത്. സാധാരണ ഗതിയില്‍ പി.എച്ച്.ഡി നിലവാരത്തിലുള്ള വിദഗ്ധര്‍ ചെയ്യേണ്ട ജോലിയാണ് കാല്യുട്രോണ്‍സ് ഗേള്‍സ് ചെയ്തത്. അന്നത്തെ സാഹചര്യത്തില്‍ ആയിരക്കണക്കിന് ശാസ്ത്രജ്ഞരെ ലഭ്യമാക്കുക അസാധ്യമായിരുന്നു. ഇതോടെയാണ് കാല്യുട്രോണ്‍സ് ഗേള്‍സിന് നറുക്കുവീണത്.
എന്താണ് തങ്ങള്‍ ചെയ്യുന്നതെന്നോ എന്തിനു വേണ്ടിയാണ് ഇതു ചെയ്യുന്നതെന്നോ കാല്യുട്രോണ്‍സ് ഗേള്‍സിന് അറിയില്ലായിരുന്നു. ചെയ്യുന്ന ജോലിയുടെ വിവരങ്ങള്‍ പരമാവധി രഹസ്യമാക്കാന്‍ അധികൃതര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 'നിങ്ങള്‍ ഇവിടെ കാണുന്നതും ചെയ്യുന്നതും കേള്‍ക്കുന്നതും ഇവിടെ തന്നെ ഉപേക്ഷിക്കുക' എന്നായിരുന്നു വൈ-12 ഫാക്ടറിയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളിലൊന്നില്‍ എഴുതിയിരുന്നത്.
ഫാക്ടറിയിലെ ജോലിയെക്കുറിച്ച് പുറത്ത് കൂടുതല്‍ സംസാരിച്ചിരുന്നവരെ ഈ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്താണ് ജോലിയെന്ന് അറിയുമായിരുന്നില്ലെങ്കിലും രാജ്യത്തിന്റെ പ്രതിരോധവുമായും രണ്ടാം ലോകമഹായുദ്ധവുമായും ബന്ധപ്പെട്ട നിര്‍ണായകമായ കാര്യമാണ് തങ്ങള്‍ ചെയ്തിരുന്നതെന്ന് കാല്യുട്രോണ്‍ ഗേള്‍സിന് അറിയാമായിരുന്നു.
രണ്ടു വര്‍ഷം, ഒരു ബോംബ്
യുറേനിയം 238നെ അപേക്ഷിച്ച് യുറേനിയം 235ന് മാസ് അല്‍പം കുറവാണ്. ഈയൊരു സവിശേഷത ഉപയോഗിച്ചാണ് യുറേനിയം 235നെ വേര്‍തിരിച്ചെടുത്തിരുന്നത്. ഇത് ഒരുപാട് സമയവും ഊര്‍ജവും ചിലവാക്കുന്ന ജോലിയായിരുന്നു. രണ്ടു വര്‍ഷത്തിലേറെ പരിശ്രമിച്ചാണ് കാല്യുട്രോണ്‍ ഗേള്‍സ് 64 കിലോഗ്രാം യുറേനിയം 235 വേര്‍തിരിച്ചെടുത്തത്.
1946 ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ അമേരിക്ക ഇട്ട ആറ്റംബോംബായ ലിറ്റില്‍ബോയ് നിര്‍മിച്ചത് കാല്യുട്രോണ്‍സ് ഗേള്‍സ് ശേഖരിച്ചു നല്‍കിയ യുറേനിയം 235 ഉപയോഗിച്ചായിരുന്നു. കൃത്രിമമായി നിര്‍മിക്കുന്ന പ്ലൂട്ടോണിയം മൂലകം ഉപയോഗിച്ചാണ് നാഗസാക്കിയില്‍ ഇട്ട ഫാറ്റ് ബോയ് എന്ന ആറ്റംബോബ് നിര്‍മിച്ചത്.
അമേരിക്ക ജപ്പാനില്‍ ആദ്യ ആറ്റം ബോബ് ഇട്ട ശേഷമാണ് കാല്യുട്രോണ്‍ ഗേള്‍സിന് അവര്‍ ചെയ്തിരുന്ന ജോലി എന്താണെന്ന് അറിഞ്ഞത്. വൈ 12 ഫാക്ടറി അന്നും സാധാരണ പോലെ പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെയെത്തിയ അധികാരികളില്‍ ഒരാള്‍ ഹിരോഷിമയില്‍ അമേരിക്ക ഇട്ട ആറ്റം ബോംബിനു വേണ്ട അസംസ്‌കൃത വസ്തുവാണ് നമ്മള്‍ നിര്‍മിച്ചതെന്ന് അറിയിച്ചു. അമേരിക്കയുടെ രണ്ടു ബില്യണ്‍ ഡോളര്‍ ചിലവു വന്ന ആറ്റം ബോബ് നിര്‍മാണ പദ്ധതിയില്‍ തങ്ങളും പ്രധാന പങ്കുവഹിച്ചെന്ന് കാല്യുട്രോണ്‍ ഗേള്‍സ് തിരിച്ചറിയുകയായിരുന്നു.
സമ്മിശ്ര വികാരം
മനുഷ്യന്‍ കണ്ടെത്തിയ ഏറ്റവും വിനാശകാരിയായ ആയുധത്തിന്റെ നിര്‍മാണ പങ്കാളികളായെന്നത് സമ്മിശ്രവികാരത്തോടെയാണ് കാല്യുട്രോണ്‍ ഗേള്‍സും സ്വീകരിച്ചത്. ചിലര്‍ അമേരിക്ക വിജയിച്ചതില്‍ സന്തോഷിച്ചു ചിലര്‍ ഓപണ്‍ഹൈമറെ പോലെ തന്നെ മൗനത്തിലാണ്ടു പോയി. രണ്ടാം ലോക മഹായുദ്ധം ദിവസങ്ങള്‍ക്കകം അവസാനിച്ചതോടെ വൈ 12 ഫാക്ടറിയുടെ പ്രവര്‍ത്തനവും അമേരിക്ക കുറച്ചു. ഇതോടെ പതിയെ കാല്യുട്രോണ്‍ ഗേള്‍സും അവരുടെ പ്രവര്‍ത്തനങ്ങളും ചരിത്രത്തിന്റെ ഭാഗമായി മാറി.
പിന്നീട് പലരും കാല്യുട്രോണ്‍ ഗേള്‍സിനെക്കുറിച്ച് പഠിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ശ്രമിച്ചിട്ടുണ്ട്. റൂത്ത് ഹഡില്‍സ്റ്റണെ പോലെ കാല്യുട്രോണ്‍ ഗേള്‍സിലെ ചിലര്‍ തങ്ങളുടെ അനുഭവങ്ങള്‍ പലതവണ തുറന്നു പറഞ്ഞു. ഡെന്നിസെ ക്ലെര്‍മാന്റെ ദ ഗേള്‍സ് ഓഫ് അറ്റോമിക് സിറ്റി, ജാനറ്റ് ബേഡിന്റെ ദ അറ്റോമിക് സിറ്റി ഗേള്‍സ് എന്നീ പുസ്തകങ്ങള്‍ കാല്യുട്രോണ്‍ ഗേള്‍സിനെക്കുറിച്ചുള്ളതാണ്.