ADVERTISEMENT

ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി ഭാരം കുറഞ്ഞ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ വികസിപ്പിക്കുന്നതില്‍ വിജയിച്ച് ഐഐടി ഡല്‍ഹിയിലെ ഗവേഷകര്‍. സംഘര്‍ഷമേഖലയിലെ സൈനികരുടെ ജീവന്‍ സംരക്ഷിക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും സഹായിക്കുന്നതാണ് ഈ കണ്ടെത്തല്‍. മൂന്നു വര്‍ഷം നീണ്ട പഠനത്തിനും പരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് ഐഐടി ഡല്‍ഹിയിലെ ഗവേഷകര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്റെ ഭാരം കുറയുന്നത് അതിര്‍ത്തിയില്‍ അടക്കം സേവനം നടത്തുന്ന സൈനികര്‍ക്ക് വലിയ മുന്‍തൂക്കം നല്‍കും. 

 

നിലവില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് 10.5 കിലോഗ്രാമാണ് ഭാരം. മറ്റു പ്രതിരോധ ഉപകരണങ്ങള്‍ക്കു പുറമേ ഇത്രയും ഭാരം വഹിച്ചുകൊണ്ടാണ് ഓരോ പട്ടാളക്കാരനും അതിര്‍ത്തി കാക്കുന്നത്. ഭാരം കുറയുന്നത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കുന്ന ഓരോ പട്ടാളക്കാരനും നേരിട്ട് ആശ്വാസം നല്‍കുന്നതാണ്. ഈ വിഷയത്തിന്റെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഡല്‍ഹി ഐ.ഐ.ടിയിലെ ഗവേഷകര്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്റെ ഭാരം കുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 

 

പുതുതായി നിര്‍മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് 8.2 കിലോഗ്രാമാണ് ഭാരമെന്ന് ഐ.ഐ.ടി ഡല്‍ഹി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡീന്‍ പ്രൊഫ. നരേഷ് ഭട്‌നാകര്‍ പറഞ്ഞു. ഇതോടെ ഒറ്റയടിക്ക് 2.3 കിലോഗ്രാം ഭാരമാണ് ഓരോ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റിലും കുറഞ്ഞത്. ഇത് തീര്‍ച്ചയായും സൈനികര്‍ക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. 

 

സുരക്ഷയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പലഘട്ടങ്ങളിലൂടെയുള്ള പരിശോധനയും പരീക്ഷണങ്ങളും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളില്‍ നടത്തിയിരുന്നു. അഡ്വാന്‍സ്ഡ് ബാലിസ്റ്റിക് ഹൈ എനര്‍ജി ഡിഫീറ്റ്(ABHED) BIS ലെവല്‍ 5, ABHED BIS ലെവല്‍ 6 എന്നിങ്ങനെ രണ്ടു തരം ജാക്കറ്റുകളാണ് ഐ.ഐ.ടി ഡല്‍ഹി വികസിപ്പിച്ചെടുത്തത്. ഇതില്‍ ബിഐഎസ് ലെവല്‍ 5 വിഭാഗത്തില്‍ പെട്ട ജാക്കറ്റുകള്‍ക്ക് എകെ 47 എച്ച്.എസ്.സി വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. അതേസമയം ബിഐഎസ് ലെവല്‍ 6 ജാക്കറ്റുകള്‍ക്ക് സിക്‌സ് സ്‌നൈപ്പര്‍ എ.പി.ഐ ബുള്ളറ്റുകളെ പ്രതിരോധിക്കാനാവും. 

 

ബി.ഐ.എസ് നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചണ്ടീഗഡിലെ ഡിആര്‍ഡിഒ-ടിബിആര്‍എല്ലിലാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ പരീക്ഷണങ്ങള്‍ നടന്നത്. വെല്ലുവിളികള്‍ നിറഞ്ഞ പരീക്ഷണങ്ങളെ വിജയകരമായി മറികടക്കാന്‍ ഐഐടി ഡല്‍ഹി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനായി. തങ്ങള്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിര്‍മിക്കാന്‍ ശേഷിയുള്ള കമ്പനികള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും ഐ.ഐ.ടി ഡല്‍ഹി അറിയിച്ചിട്ടുണ്ട്.

 

English Summary:IIT Delhi devolops Lightweight bullet proof jacket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com