മൈനുകൾ വിതറി റഷ്യൻ യുദ്ധതന്ത്രം, പൊട്ടിത്തെറിച്ചും പാതി ജീവനോടെയും യുക്രെയ്നികൾ; രക്ഷയായി സ്പൈഡർ ബൂട്ട്
Mail This Article
റഷ്യക്കാര്‍ വിതറിയ മൈനുകളില്‍ ചവിട്ടി നിരവധി യുക്രെയ്നികള്ക്കാണ് ജീവന് നഷ്ടമായത്. സ്പൈഡര്‍ ബൂട്ട് എന്ന പ്രത്യേക തരം ബൂട്ടുകളാണ് ഇപ്പോള്‍ യുക്രെയ്നികളുടെ പ്രധാന ജീവന് രക്ഷാ ഉപകരണം. യുക്രെയ്നി സൈനികര്‍ തന്നെയാണ് സൈനിക ബൂട്ടുകള്‍ക്ക് മുകളില്‍ ധരിക്കാവുന്ന ഈ പ്രത്യേകതരം ബൂട്ടുകള്‍ നിര്‍മിച്ചത്.
ബൂട്ടിനു താഴെ താഴേക്കു നീളുന്ന നാലുകാലുകളാണ് സ്പൈഡര്‍ ബൂട്ടിലുള്ളത്. ഇവയില്‍ ഉറപ്പിച്ചു കൊണ്ടാണ് നടക്കുക. രണ്ടു കാലുകളിലുമായി എട്ടു കാലുകള്‍ ചേര്‍ന്നതാണ് സ്പൈഡര്‍ ബൂട്ട്. മൈനുകളില്‍ ചവിട്ടാനുള്ള സാധ്യത കുറക്കുകയാണ് പ്രാഥമികമായി സ്പൈഡര്‍ ബൂട്ടുകള്‍ ചെയ്യുന്നത്. ചവിട്ടിയില്‍ പോലും മൈന്‍ സ്ഫോടനം വഴിയുണ്ടാവുന്ന ആഘാതം കുറക്കാനും ഇവക്ക് സാധിക്കും. പ്രത്യേകിച്ച് ബൂട്ടുകളിലേക്കു നേരിട്ട് മൈനിന്റെ സ്ഫോടനം എത്തുന്നതു തടയാനും കാലുകളും ജീവനും രക്ഷിക്കാനും സ്പൈഡര്‍ ബൂട്ടുകള്‍ക്ക് സാധിക്കുന്നു.
തറയും ബൂട്ടും തമ്മില്‍ ഇഞ്ചുകളുടെ വ്യത്യാസം നല്‍കാനും സ്പൈഡര്‍ ബൂട്ട് ധരിക്കുമ്പോള്‍ സാധിക്കുന്നു. ഈ വിടവു വഴി സ്ഫോടനത്തിന്റെ ഊര്‍ജം നേരിട്ട് ശരീരത്തെ ബാധിക്കുകയില്ല. മാത്രമല്ല വശങ്ങളിലേക്ക് കൂടുതലായി സ്ഫോടനത്തിന്റെ ഊര്‍ജം നഷ്ടമാവുകയും ചെയ്യുന്നു. സ്പൈഡര്‍ ബൂട്ടിന്റെ അടിവശം പ്രത്യേക ആകൃതിയിലും പ്രത്യേക വസ്തുക്കളുപയോഗിച്ചും നിര്‍മിച്ചതാണ്. ഇതും മൈന്‍ പൊട്ടിത്തെറിക്കുമ്പോഴുള്ള ആഘാതത്തില്‍ നിന്നും നമ്മുടെ കാലുകളേയും ശരീരത്തേയും രക്ഷിക്കാന്‍ സഹായിക്കുന്നു.
സ്പൈഡര്‍ ബൂട്ട് ഉപയോഗിച്ച് നടക്കുമ്പോള്‍ മൈനുകളില്‍ ചവിട്ടിയില്‍ സ്ഫോടനങ്ങള്‍ സംഭവിക്കുന്നത് ഒഴിവാക്കാനാവില്ല. എന്നാല്‍ സാധാരണ മൈന്‍ സ്ഫോടനങ്ങള്‍ സംഭവിക്കുമ്പോള്‍ ഇരകളുടെ കാലുകള്‍ അടക്കമുള്ള ശരീരഭാഗങ്ങള്‍ ചിതറിതെറിക്കുകയും രക്തം വാര്‍ന്ന് മരണത്തിലേക്കു പോവുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത്രയും ഗുരുതരമായ അപകടം സ്പൈഡര്‍ ബൂട്ടുകള്‍ ധരിച്ചവര്‍ക്ക് സംഭവിക്കുകയില്ല.
2022 ഫെബ്രുവരി 23ന് റഷ്യ യുക്രെയ്ന് നേരെ പൂര്‍ണമായി ആക്രമണം ആരംഭിച്ച ശേഷം ഇന്നു വരെ 20,000ത്തിനും 50,000ത്തിനും ഇടക്ക് യുക്രെയ്ന്‍കാര്‍ മൈന്‍ സ്ഫോടനങ്ങളില്‍ ഇരകളായിട്ടുണ്ടെന്നാണ് കണക്ക്. ഇരയാക്കപ്പെട്ടവരില്‍ ഭൂരിപക്ഷത്തിനും ജീവനോ കാലുകള്‍ അടക്കമുള്ളവ അവയവങ്ങളോ നഷ്ടമായി. റഷ്യന്‍ സൈന്യവുമായുള്ള വെടിവെപ്പിലൂടെ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പേര് മൈനുകള്‍ പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെടുന്നതെന്ന് യുക്രെയ്ന് തന്നെ സമ്മതിച്ചിരുന്നു.
മൈനുകളെ അടിസ്ഥാനമാക്കിയാണ് റഷ്യ യുക്രെയ്നില്‍ പലയിടത്തും യുദ്ധതന്ത്രം മെനഞ്ഞിരിക്കുന്നതും. റഷ്യന്‍ സൈന്യം സ്ഥാപിച്ച മൈനുകള്‍ നിര്വീര്യമാക്കാനെത്തുന്ന യുക്രെയ്ന് സൈനികര്‍ക്ക് ഒരേസമയം മൈനുകളേയും റഷ്യന്‍ വെടിയുണ്ടകളേയും നേരിടേണ്ടി വരാറുണ്ട്. റഷ്യ പിന്മാറിയ ട്രഞ്ചുകളില്‍ പലയിടത്തും മൈനുകള്‍ വിതറുന്നതും രീതിയാണ്.
സത്യത്തില്‍ യുക്രെയ്നിലല്ല കാനഡയിലാണ് സ്പൈഡര്‍ ബൂട്ടുകളുടെ പിറവി. മെഡ് എന്‍ഗ് സിസ്റ്റംസ് എന്ന കനേഡിയന്‍ കമ്പനിയാണ് ഇതു നിര്‍മിച്ചത്. മൈനുകള്‍ നിര്‍വീര്യമാക്കുന്നതു പോലുള്ള ജോലികളില്‍ ഏര്‍പെടുന്നവര്‍ക്കുള്ള ജീവന് രക്ഷാ ഉപകരണമായാണ് ഇത് അവതരിപ്പിച്ചത്. കാനഡയില്‍ നിന്നും യുക്രെയ്നിലേക്കെത്തിയതോടെ കൂടുതല്‍ ജീവന് രക്ഷിക്കാന്‍ ഈ എട്ടുകാലി ബൂട്ടുകള്‍ക്കു സാധിച്ചു.
English summary: One Thing May Save Ukraine From Russia's Mine Warfare Nightmare: Spider Boots