നെപ്റ്റ്യൂൺ സ്പിയറെന്ന പ്രതികാരം; ലാദനെ പാക്കിസ്ഥാനിൽ കൊലപ്പെടുത്തിയ യുഎസ് സേന
Mail This Article
സെപ്റ്റംബർ 11. യുഎസിലെ വിഖ്യാതമായ വേൾഡ് ട്രേഡ് സെന്റർ അൽ ഖ്വയ്ദ ഭീകരാക്രമണത്തിൽ തകർക്കപ്പെട്ട ദിവസം.യുഎസിനെ ആഴത്തിൽ മുറിവേൽപിച്ച ഒരു സംഭവമായി ഈ ഭീകരാക്രമണം മാറി. ബിൻലാദനെ കണ്ടെത്തുക അല്ലെങ്കിൽ വധിക്കുക എന്നത് യുഎസിന്റെ പ്രധാനലക്ഷ്യമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക തിരച്ചിലുകളിലൊന്നാണ് യുഎസ് ലാദനു വേണ്ടി നടത്തിയത്. 2007ൽ ബിൻ ലാദന് സാധനങ്ങളെത്തിക്കുന്ന സംഘത്തിലെ ഒരാളെ യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ കണ്ടെത്തുകയും നോട്ടമിടുകയും ചെയ്തു. ഈ നിരീക്ഷണത്തിന്റെ ഫലമായി, 2010ൽ പാക്കിസ്ഥാനിലെ അബട്ടാബാദിലെ അതീവ സുരക്ഷിതമായ ഒരു സമുച്ചയത്തിൽ ലാദനുണ്ടെന്ന സംശയം യുഎസ് അധികൃതർക്കിടയിൽ വളർന്നു.
അസാധാരണമായ രീതിയിൽ ഈ സമുച്ചയത്തിലൊരുക്കിയ സുരക്ഷാസംവിധാനങ്ങളാണ് സംശയത്തിനു വഴി വച്ചത്. ഈ സമുച്ചയം യുഎസ് തങ്ങളുടെ ഉപഗ്രഹങ്ങളുപയോഗിച്ച് സ്ഥിരമായി നിരീക്ഷിച്ചു തുടങ്ങി.ഒടുവിൽ ലാദൻ ഇവിടെയുണ്ടെന്ന വിശ്വസനീയമായ വിവരം യുഎസിനു ലഭിച്ചു. തങ്ങൾക്കു തീരാത്ത വേദനയുണ്ടാക്കിയ ഭീകരനെ വധിക്കാനായി യുഎസ് പദ്ധതി തയാറാക്കി. മിസൈലുകൾ ഉപയോഗിച്ച് സമുച്ചയം ഒന്നാകെ തകർക്കുക എന്നതായിരുന്നു എളുപ്പവഴി. എന്നാൽ സമുച്ചയത്തിനു സമീപം ജനവാസ കേന്ദ്രങ്ങളുള്ളതിനാൽ ഈ നീക്കം നിരപരാധികളുടെ മരണത്തിനിടയാക്കുമെന്നു മനസ്സിലാക്കിയ യുഎസ് ഭരണകൂടം മറ്റുവഴികൾ തേടി. 2011 ഏപ്രിൽ 29നു യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ, ഒരു ചെറിയ സ്പെഷൽ ഓപ്പറേഷൻസ് ടീമിനെ ഇതിനായി രൂപീകരിച്ചു.
യുഎസിന്റെ സവിശേഷ സേനകളിൽ ഏറ്റവും ഉന്നതസ്ഥാനമുള്ള നേവിസീൽസ് സൈനികർ ഉൾപ്പെട്ട സംഘത്തിന്റെ പേര് സീൽ ടീം സിക്സ് എന്നായിരുന്നു. ലാദനെ വധിക്കുന്നതിനായുള്ള കഠിന പരിശീലനം അവർ താമസിയാതെ തുടങ്ങി. അബോട്ടാബാദിലെ സാഹചര്യങ്ങളും സമുച്ചയത്തിന്റെ മോഡലും യുഎസിൽ പുനസൃഷ്ടിച്ച് അവർ പരിശീലനം തുടർന്നു.ലാദൻ വധത്തിനായുള്ള യഥാർഥ ശ്രമം 2011 മേയിൽ തുടങ്ങി. മേയ് ഒന്നിന് ഉച്ചയ്ക്ക് ഒന്നരയോടെ ഒബാമ പദ്ധതിക്ക് അന്തിമാംഗീകാരം നൽകിയതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്നും 25 നേവി സീൽ അംഗങ്ങളെയും വഹിച്ചുള്ള ഹെലിക്കോപ്റ്ററുകൾ പറന്നു പൊങ്ങി.ശത്രുവിന്റെ കണ്ണിൽ പെടാതെ സ്റ്റെൽത്ത് രീതിയിൽ നീങ്ങാൻ കഴിവുള്ള കറുത്ത നിറത്തിലുള്ള ഹെലിക്കോപ്റ്ററുകളായിരുന്നു ഇവ.
രാവിലെ ഒരുമണി കഴിഞ്ഞ് ഹെലിക്കോപ്റ്റർ അബട്ടാബാദിലെ സമുച്ചയത്തിന്റെ കോംപൗണ്ടിൽ ലാൻഡ് ചെയ്തു. ഇറങ്ങുന്നതിനിടയിൽ ഒരു ഹെലിക്കോപ്റ്റർ ഇടിച്ചാണ് ഇറങ്ങിയത്. ഇത് അതോടെ നശിച്ചു.കൃത്യം പത്തു മിനിറ്റിനുള്ളിൽ ഒസാമ ബിൻലാദനെ കെട്ടിടസമുച്ചയത്തിന്റെ മൂന്നാം നിലയിൽ, നേവി സീൽസ് കണ്ടെത്തി. ലാദന്റെ തലയ്ക്കു നേരെ തോക്കുചൂണ്ടിയ നേവി സീൽസിന്റെ ആദ്യ വെടി തന്നെ ലക്ഷ്യം കൈവരിച്ചു. നെറ്റിയുടെ ഇടതുഭാഗത്തു വെടിയേറ്റ് ലാദൻ നിലം പതിച്ചു.തുടർന്ന് മിനിറ്റുകൾക്കുള്ളിൽ യുഎസ് പ്രസിഡന്റ് ഒബാമയ്ക്ക് നേവി സീൽസിൽ നിന്നു സന്ദേശം ലഭിച്ചു–‘ലാദൻ കൊല്ലപ്പെട്ടിരിക്കുന്നു’.
പിന്നീട് ലാദന്റെ മൃതശരീരം ഒരു ബോഡിബാഗിനുള്ളിൽ വച്ചശേഷം കെട്ടിട സമുച്ചയത്തിനുള്ളിൽ അവർ തിരച്ചിൽ നടത്തുകയും കുറേയേറെ വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. 40 മിനിറ്റോളം നീണ്ട ദൗത്യത്തിനൊടുവിൽ സംഘത്തിന്റെ ആദ്യ ഹെലിക്കോപ്റ്റർ സമുച്ചയത്തിൽ നിന്നു മടങ്ങി. ക്രാഷ്‌ലാൻഡു ചെയ്തു തകർന്ന ഹെലിക്കോപ്റ്റർ ഇതിനിടെ നേവി സീൽസ് നശിപ്പിച്ചു കളഞ്ഞിരുന്നു. അരമണിക്കൂറിനുള്ളിൽ എല്ലാ ഹെലിക്കോപ്റ്ററുകളും മടങ്ങുകയും പുലരും മുൻപ് തന്നെ അവ അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികത്താവളത്തിൽ മടങ്ങിയെത്തുകയും ചെയ്തു.
ഇന്ത്യൻ സമയം രാവിലെ ബിൻ ലാദന്റെ മരണവിവരം പ്രസിഡന്റ് ഒബാമ പുറത്തുവിട്ടു. അത് കഴിഞ്ഞ് കുറച്ചു മണിക്കൂറുകൾ കഴിഞ്ഞ് ലാദന്റെ മൃതശരീരം ഇന്ത്യൻ മഹാസമുദ്രത്തിൽ അടക്കുകയും ചെയ്തു.നെപ്റ്റ്യൂൺ സ്പിയർ ദൗത്യത്തിന്റെ ഭാഗമായി ബിൻലാദൻ താമസിച്ചിടത്തു നിന്ന് 10 കംപ്യൂട്ടർ ഹാർഡ് ഡിസ്ക്, 5 കംപ്യൂട്ടർ, നൂറുകണക്കിനു ഡേറ്റ കാർഡുകൾ എന്നിവ കണ്ടെത്തി.
English Summary: Operation Neptune Spear and the Killing of Osama bin Laden