ADVERTISEMENT

ഇസ്രയേലിന്‌റെ അയൺ ഡോം സംവിധാനം നേരത്തെ തന്നെ പ്രശസ്തമാണ്.95.6 ശതമാനം ഫലപ്രദമായ ഒരു പ്രതിരോധസംവിധാനമാണ് അയൺഡോമെന്നാണ് ഇസ്രയേലി അധികൃതർ അവകാശപ്പെടുന്നത്. 2007 മുതല് ഇസ്രയേൽ ഇതു വികസിപ്പിക്കുന്നുണ്ടായിരുന്നു. 2011ൽ സംവിധാനം യാഥാർഥ്യമായി.ഓരോ എതിർറോക്കറ്റും നശിപ്പിക്കാൻ അയൺ ഡോമിനു വേണ്ടിവരുന്നത് ഏകദേശം 40000 യുഎസ് ഡോളറാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. 33 ലക്ഷത്തിലധികം രൂപ വരുമിത്.

ഇസ്രയേലിലെമ്പാടും പത്തിലധികം അയൺഡോം സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.റഡാർ ഉപയോഗിച്ച്, റോക്കറ്റുകളെ കണ്ടെത്തിയശേഷം മിസൈലുകൾ തൊടുക്കുകയെന്നതാണ് അയൺ ഡോമിന്‌റെ രീതി. യുഎസിന്‌റെ പേട്രിയറ്റ് പോലുള്ള ധാരാളം മിസൈൽവേധ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ അയൺഡോം ഗൈഡഡ് മിസൈലുകളെയല്ല, മറിച്ച് നിയന്ത്രിക്കപ്പെടാതെ വിടുന്ന റോക്കറ്റുകളെയാണ് ലക്ഷ്യമിടുന്നത്.

അസർബൈജൻ, റുമേനിയ, സൈപ്രസ്,സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ അയൺഡോം വാങ്ങുന്നതു സംബന്ധിച്ച് ഇസ്രയേലുമായി ഉടമ്പടിയിലെത്താൻ ശ്രമിച്ചിരുന്നു. മറ്റു പല രാജ്യങ്ങളും ഇസ്രയേൽ മാതൃകയിൽ അയൺ ഡോം വികസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.ഉത്തര കൊറിയയിൽ നിന്നുള്ള മിസൈൽ ഭീഷണി നേരിടാൻ ദക്ഷിണ കൊറിയ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നുണ്ട്.


260 കോടി യുഎസ് ഡോളർ (ഏകദേശം 19,240 കോടി രൂപ) മുതൽമുടക്കിലാണു പദ്ധതി. ഇതിന്റെ വികാസത്തിനുള്ള അംഗീകാരം ദക്ഷിണകൊറിയൻ പ്രതിരോധവൃത്തങ്ങൾ നൽകിക്കഴിഞ്ഞു. 2035 ൽ പദ്ധതി പൂർത്തീകരിക്കാനാണ് ദക്ഷിണ കൊറിയയുടെ ലക്ഷ്യം.38 പാരലൽ എന്നറിയപ്പെടുന്ന അതിർത്തിയാണ് ഇരു കൊറിയകളെയും വിഭജിക്കുന്നത്. 1953ൽ കൊറിയൻ യുദ്ധം തീർന്ന ശേഷം ലോകശക്തികളുടെ നിർദേശത്തിൽ ഇവിടെ വന്ന വെടിനിർത്തൽ കരാർ ഇന്നും പാലിക്കപ്പെടുന്നുണ്ട്. എന്നാൽ അതിർത്തി വലിയ സമ്മർദത്തിലാണു നിലനിൽക്കുന്നത്. ഏതു നിമിഷവും ആക്രമണമുണ്ടാകാമെന്ന ഭീതിയിൽ.

അതിർത്തി രേഖയ്ക്ക് വടക്ക് ഉത്തരകൊറിയ ആയിരത്തിലധികം റോക്കറ്റ് ലോഞ്ചറുകൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്, എപ്പോൾ വേണമെങ്കിലും പൊട്ടിക്കാമെന്ന രീതിയിൽ. ദക്ഷിണ കൊറിയയുടെ തലസ്ഥാനനഗരിയും രാജ്യത്തിന്റെ ഹൃദയവുമായ സോളിനെ ലക്ഷ്യം വച്ചാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നാണു പ്രതിരോധ വിദഗ്ധർ പറയുന്നത്.ഇതോടൊപ്പം തന്നെ മേഖലയിലെ മറ്റു സൈനിക ശക്തികളായ ചൈന, ജപ്പാൻ, റഷ്യ എന്നിവരോടും ഒരു സൂക്ഷ്മത ദക്ഷിണ കൊറിയ പുലർത്തുന്നുണ്ട്.

ഇതെല്ലാം പരിഗണിച്ചാണ് രാജ്യത്തെ പൂർണമായും മിസൈലുകളിൽ നിന്നു സുരക്ഷിതമാക്കാനായി ഇസ്രയേലിന്റെ അയൺ ഡോം പോലുള്ള ഒരു സംവിധാനത്തിന് ദക്ഷിണ കൊറിയ ആക്കം കൂട്ടുന്നത്.എന്നാൽ ഇസ്രയേൽ വികസിപ്പിച്ചതിനേക്കാൾ ശേഷിയുള്ള സംവിധാനമാണു ദക്ഷിണ കൊറിയയുടെ ലക്ഷ്യം. ഹമാസ് വിക്ഷേപിക്കുന്ന റോക്കറ്റുകളെ നേരിടാൻ ലക്ഷ്യം വച്ചുള്ള ഇസ്രയേലി അയൺ ഡോം പൊതുവെ ലളിതമാണ്. എന്നാൽ ഉത്തര കൊറിയ സൈനികമായി ഏറെ മുൻപന്തിയിലാണ്.

ലോംഗ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക റോക്കറ്റുകളും ആണവ പോർമുനകളും അവരുടെ കൈയിലുണ്ട്. ഇസ്രയേലിൽ പൊതുവെ വരണ്ട, സമതലഭൂമിയാണ്. എന്നാൽ കൊറിയൻ മേഖലകളിൽ മലഞ്ചെരുവുകളും വനമേഖലകളുമെല്ലാമുണ്ട്. ഉത്തര കൊറിയയ്ക്ക് ഒരു മണിക്കൂറിൽ 16000 തവണ റോക്കറ്റ് ദക്ഷിണ കൊറിയയിലേക്കു വിടാനുള്ള കഴിവുണ്ടെന്നു വിലയിരുത്തപ്പെടുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഉത്തര കൊറിയ തദ്ദേശീയമായി അയൺ ഡോം വികസിപ്പിക്കുന്നതിലേക്കു കടന്നത്.

അയൺ ഡോമിന്റെ തദ്ദേശീയ പതിപ്പ് ഇറാനും വികസിപ്പിച്ചിരുന്നു.ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് നെറ്റ്വർക്ക് എന്ന ഗണത്തിൽ വരുന്ന മിസൈൽവേധ സംവിധാനത്തിന്റെ പേര് സ്‌കൈ ഡിഫൻഡേഴ്സ് വെലായത് 1400 എന്നാണ്. ഇതിന്‌റെ ഒരു വിഡിയോയും ഇറാൻ പുറത്തിറക്കിയിരുന്നു.സംവിധാനം ഉപയോഗിച്ച് വിവിധ മിസൈലുകളെ നിർവീര്യമാക്കുന്നത് വിഡിയോയിലുണ്ടായിരുന്നു.

ക്രൂയിസ് മിസൈലുകളെ നേരിടാനാണ് ഇറാന്‌റെ സംവിധാനം ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മിസൈൽ ഡിഫൻസ് സിസ്റ്റമുകളിൽ നിന്നു വ്യത്യസ്തമാണ് ഇതെന്നും സൈന്യത്തിന്റെ റിപ്പോർട്ടിലുണ്ട്.
നാലു വിക്ഷേപണ കാനിസ്റ്ററുകളുള്ള സംവിധാനത്തിന് ഒറ്റത്തവണ 12 മിസൈൽ വേധ റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കും. ദക്ഷിണാഫ്രിക്കയുടെ ഉംഖോണ്ടോ മിസൈൽ സംവിധാനവുമായി വളരെയേറെ സാമ്യമുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്.

360 ഡിഗ്രിയിൽ റേഞ്ചുള്ള റഡാർ സംവിധാനം ഉപയോഗിച്ചാണ് വെലായത് 1400 പ്രവർത്തിക്കുന്നത്. റഷ്യൻ് മിസൈൽ വേധ സംവിധാനമായ പാൻസിറിനെ അടിസ്ഥാനപ്പെടുത്തിയാണ് സംവിധാനം രൂപപ്പെടുത്തിയതെന്നും അഭ്യൂഹമുണ്ട്. സിറിയയിൽ വ്യാപകമായി പാൻസിർ സംവിധാനം റഷ്യ ഒരുക്കിയിട്ടുണ്ട്. റഷ്യൻ ആയുധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആയുധനിർമിതി ഇറാന്റെ പുതിയ ശൈലിയായിട്ടുണ്ട്. റഷ്യയുടെ എസ് 300 മിസൈൽ സംവിധാനവുമായി സാമ്യമുള്ള ബവാർ 373 ഇടയ്ക്ക് ഇറാൻ വികസിപ്പിച്ചെടുത്തിരുന്നു.

English Summary:

The "Iron Dome" constitutes a ground-to-air, short-range air defence system designed to intercept and neutralize incoming missiles, rockets, and Unmanned Aerial Vehicles (UAVs) by destroying them in mid-air.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT