ആണവ ബോംബിന്റെ ശബ്ദം! ഉന്നമില്ലെങ്കിലും എതിരാളികളെ ഭയപ്പെടുത്തിയ ഇസ്രയേലിന്‌റെ പീരങ്കി
Mail This Article
ഇസ്രയേലിന്‌റെ ആദ്യകാല ആയുധങ്ങളിലൊന്നായിരുന്നു ഡേവിഡ്ക എന്ന ചെറുപീരങ്കി. മോർട്ടാർ ഗണത്തിൽവരുന്ന ഈ ചെറുപീരങ്കി ഇസ്രയേലിന്‌റെ ആദ്യ യുദ്ധമായ 1948ലെ യുദ്ധത്തിലാണ് ആദ്യം ഉപയോഗിച്ചത്. ഡേവിഡ് ലിബോവിച്ച് എന്ന ആയുധ വിദഗ്ധൻ രൂപകൽപന ചെയ്ത ഡേവിഡ്ക ഒട്ടും കൃത്യതയില്ലാത്ത ഒരായുധമായിരുന്നു. ഇസ്രയേലിലെ മിക്വെയിലാണ് ഈ ആയുധം ആദ്യമായി നിർമിച്ചത്. ലോകത്ത് അന്ന് ഉപയോഗിച്ചിരുന്ന മറ്റ് മോർട്ടാർ പീരങ്കികളുടെ ഉണ്ടകളേക്കാൾ വലുതായിരുന്നു ഡേവിഡ്കയിലേത്.
ബോംബ് മോർട്ടാർ ട്യൂബിനുള്ളിൽ കൃത്യമായി ഫിറ്റായി ഇരുന്നിരുന്നില്ല.അതിനാൽ തന്നെ അതിൽ നിന്നു തെറിക്കുന്ന ഉണ്ടകൾ അത്ര സ്ഥിരത പുലർത്തിയില്ല.എന്നാൽ ഡേവിഡ്ക കൊണ്ട് മറ്റൊരു ഗുണമുണ്ടായിരുന്നു. ഉയർന്ന ശബ്ദത്തിലുള്ള സ്‌ഫോടനങ്ങൾ നടത്താൻ ഇതിനു പറ്റുമായിരുന്നു.
എതിരാളികളുടെ സൈന്യത്തെ ഭയപ്പെടുത്താൻ ഡേവിഡ്കയുടെ ഈ ശബ്ദത്തനു കഴിഞ്ഞു. ആകെ 6 ഡേവിഡ്ക പീരങ്കികളാണ് നിർമിച്ചിരുന്നത്. ഇത് 1948ലെ യുദ്ധത്തിൽ പങ്കെടുത്ത ഇസ്രയേലിന്‌റെ പാൽമാക്ക് ബ്രിഗേഡിനു നൽകി.
സഫേദ് എന്ന മേഖല പിടിക്കാനായി ഇസ്രയേൽ നടത്തിയ യിഫ്ടാക് എന്ന ദൗത്യത്തിൽ ഡേവിഡ്ക ഉപയോഗിച്ചിരുന്നു. ഹൈഫ, എയ്ൻ അൽ സെയ്തുൻ, ജറുസലം യുദ്ധങ്ങളിലും ഈ പീരങ്കി ഉപയോഗിക്കപ്പെട്ടു. ജപ്പാനിലെ ആണവബോംബ് ആക്രമണത്തിന്‌റെ അലയൊലികൾ അടങ്ങാത്ത കാലമായിരുന്നു. ഡേവിഡ്ക വലിയ നാശനഷ്ടമൊന്നുമുണ്ടാക്കിയില്ലെങ്കിലും ഇതു മൂലമുണ്ടാകുന്ന ഉയർന്ന ശബ്ദം എതിർസൈനികരെ നന്നായി പേടിപ്പിച്ചു.
ഇസ്രയേൽ ആണവബോംബ് ഉണ്ടാക്കിയെന്ന് അഭ്യൂഹം അന്ന് ശക്തമായിരുന്നു. ഡേവിഡ്കയുടെ ശബ്ദം കേട്ട് ആണവ ബോംബ് പ്രയോഗിക്കുകയാണെന്ന് എതിരാളികൾ കരുതി. ചില മേഖലകളിൽ എതിർ സൈന്യങ്ങൾ യുദ്ധക്കളമൊഴിയാനും ഈ ശബ്ദം സഹായകമായി. സഫേദ് സിറ്റി സ്‌ക്വയർ, ജറുസലമിലെ ഡേവിഡ്ക സ്‌ക്വയർ, ഗിവാറ്റി മ്യൂസിയം എന്നിവിടങ്ങളിൽ ഈ മോർട്ടാർ ഇന്നും പ്രദർശനത്തിനു വച്ചിട്ടുണ്ട്.