ആണവ സ്യൂട്ട്കേസുമായി പുടിൻ ചൈനയിൽ; ആളുകൾ ആശങ്കയോടെ നോക്കുന്ന 'ചിഗറ്റും'ഫുട്ബോളും'!
Mail This Article
അമേരിക്കൻ പ്രസിഡന്റും റഷ്യൻ പ്രസിഡന്റുമൊക്കെ വിവിധ സ്ഥലങ്ങളിൽ പോകുമ്പോൾ ഉയർന്ന നാവികസേന ഉദ്യോഗസ്ഥർ ഒരു പെട്ടിയുമായി ഒപ്പം പോകുന്നത് കാണാം. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പുട്ടിൻ ചൈനയിലെത്തിയപ്പോൾ കഴിഞ്ഞദിവസം ഒരു ചിത്രം പുറത്തുവന്നു. ഒരു കറുത്തപെട്ടി കൈവശമുള്ള റഷ്യൻ നാവികസേന ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നടക്കുന്നതാണ് ചിത്രം.
ആണവ ആയുധങ്ങളെ ലോഞ്ച് ചെയ്യാനുളള കമാൻഡിനും നിയന്ത്രണത്തിനുമുള്ള ഓട്ടോമാറ്റിക് സിസ്റ്റത്തിന്റെ ഭാഗമായ "ന്യൂക്ലിയർ സ്യൂട്ട്കേസ്" ആണ് അതെന്നാണ് റിപ്പോർട്ടുകൾ. എന്ന ആണവശക്തികളായ രാജ്യങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട ആണവപ്പെട്ടികൾ ഉള്ളത് റഷ്യയ്ക്കും യുഎസിനുമാണ്. ഫ്രാൻസിന് മൊബൈൽകേസ് എന്നൊരു പെട്ടിയുണ്ടെങ്കിലും അത് ആണവായുധങ്ങൾക്കുള്ളതല്ല.
‘ചിഗറ്റ്’
ആണവാക്രമണത്തിന് നിർദേശം നൽകാനുള്ളതാണ് ആണവപ്പെട്ടി അഥവാ ന്യൂക്ലിയർ ബ്രീഫ്കേസ്. ‘ചിഗറ്റ്’ എന്നറിയപ്പെടുന്ന ഈ പെട്ടി റഷ്യൻ നാവികസേനാ ഉദ്യോഗസ്ഥരാണ് പരമ്പരാഗതമായി വഹിക്കുന്നത്. റഷ്യയിലെ കബാർ സോവിയറ്റ് കാലഘട്ടത്തിൽ മിഹയിൽ ഗൊർബച്ചോവ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയതിനു ശേഷം 1985ലാണ് ചിഗറ്റ് സജ്ജമായത്. ഒരു പ്രത്യേക ഫ്ലാഷ് കാർഡ് ഉപയോഗിച്ചാണ് ഈ പെട്ടി പ്രവർത്തിപ്പിക്കുന്നത്. ലോഞ്ച്, കാൻസൽ എന്നിങ്ങനെ രണ്ട് ബട്ടണുകൾ ഇതിലുണ്ട്.
റഷ്യൻ സൈന്യത്തിലെ ഉന്നതനേതൃത്വവുമായി സവിശേഷ കാസ്ബെക് ഇലക്ട്രോണിക് സംവിധാനം വഴി ബന്ധപ്പെടാനുള്ള സംവിധാനമാണ് ബ്രീഫ്കേസിൽ. റഷ്യൻ പ്രധാനമന്ത്രിക്കും സംയുക്ത സൈനിക മേധാവിക്കും ഈ പെട്ടികളുണ്ട്. മൂന്നിൽ രണ്ടുപേർ അനുമതി നൽകിയാൽ റഷ്യൻ സേന ആണവായുധം പ്രയോഗിക്കും.
1995ൽ ചിഗറ്റ് പ്രവർത്തിപ്പിച്ചിരുന്നെന്ന് അഭ്യൂഹമുണ്ട്. ബോറിസ് യെൽത്സിൻ ആയിരുന്നു അന്ന് റഷ്യൻ പ്രസിഡന്റ്. യുഎസും നോർവേയുമായി നടന്ന സംയുക്ത മിസൈൽ അഭ്യാസം റഷ്യയ്ക്ക് നേരെ ആണവാക്രമണമാണെന്നു തെറ്റിദ്ധരിച്ച് ഒരു അലർട്ട് വന്നതാണു കാരണം. എന്നാൽ താമസിയാതെ ചിഗറ്റ് നിർദേശം റഷ്യ നിർവീര്യമാക്കി.
‘ന്യൂക്ലിയർ ഫുട്ബോൾ’
ആണവശക്തികളായ രാജ്യങ്ങളിൽ യുഎസിനും ആണവപ്പെട്ടിയുണ്ട്. ‘ന്യൂക്ലിയർ ഫുട്ബോൾ’ എന്നറിയപ്പെടുന്ന ഈ കറുത്ത പെട്ടിയുമായി ഒരു സൈനികൻ എപ്പോഴും യുഎസ് പ്രസിഡന്റിനൊപ്പമുണ്ടാകും. യുഎസ് സേനയുടെ സർവസൈന്യാധിപനാണു പ്രസിഡന്റ്. ആണവായുധങ്ങളുടെ രഹസ്യ കോഡുകളും മറ്റും ന്യൂക്ലിയർ ഫുട്ബോളിൽ സജ്ജമാക്കിയിട്ടുണ്ട്. ആക്രമണ സാഹചര്യമുണ്ടായാൽ അടിയന്തര ഉത്തരവു നൽകുന്നതിനു പ്രസിഡന്റ് ഒപ്പം കൊണ്ടുനടക്കുന്നു.
ലോഹ ബ്രീഫ്കേസിനു കറുത്ത തുകൽ ആവരണമാണ്. ഈ പെട്ടി ആദ്യം ഉപയോഗിച്ചതു ജോൺ എഫ്. കെന്നഡിയാണ്.