റഷ്യയ്ക്ക് ചെക്ക് വച്ചു അമേരിക്ക! ലാത്വിയക്കു ‘ഹിമാര്സ്’ നൽകും
Mail This Article
യുഎസിന്റെ അത്യാധുനിക ഹിമാർസ് മിസൈൽ സംവിധാനം യൂറോപ്യൻ രാജ്യമായ ലാത്വിയയ്ക്കു നൽകാൻ തീരുമാനമായി. അമേരിക്കയുടെ ഫോറിൻ മിലിട്ടറി സെയിൽസ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇതിന്റെ വിൽപന. 22 കോടി യുഎസ് ഡോളറാണു കരാർ മൂല്യം. എസ്തോണിയ, ലിത്വാനിയ എന്നീ രാജ്യങ്ങൾക്കുശേഷം ഹിമാർസ് ലഭിക്കുന്ന മൂന്നാമത്തെ ബാൾട്ടിക് രാജ്യമായി ഇതോടെ ലാത്വിയ മാറി.
റഷ്യ യുക്രെയ്നിൽ യുദ്ധം പ്രഖ്യാപിച്ച ശേഷം മേഖലയിലെ പല രാജ്യങ്ങളും ഹിമാർസ് മിസൈൽ വാങ്ങാൻ താൽപര്യപ്പെടുന്നുണ്ട്. റഷ്യയുടെ സാമ്രാജ്യത്വ മോഹങ്ങൾ തടയുകയെന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ലാത്വിയ.പോളണ്ടും അഞ്ഞൂറോളം ഹിമാർസ് മിസൈലുകൾ വാങ്ങാൻ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.
കഴിഞ്ഞ വർഷം യുഎസ് പ്രസിഡന്‌റ് ജോ ബൈഡൻ യുഎസിനായി പ്രഖ്യാപിച്ച 70 കോടി യുഎസ് ഡോളറിന്‌റെ ആയുധസഹായത്തിൽ ഹിമാർസ് മിസൈലുകളും ഉൾപ്പെട്ടിരുന്നു. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണു ഹിമാർസ് മിസൈലുകളുടെ പൂർണരൂപം.
വലിയ ലോകശ്രദ്ധ അന്ന് ഹിമാർസ് മിസൈലുകൾ നേടി. യുക്രെയ്‌നിനായി അമേരിക്ക നൽകുന്ന ഏറ്റവും നവീനമായ ആയുധം എന്ന നിലയ്ക്കാണ് ഈ ശ്രദ്ധ വന്നു പെട്ടത്. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കാവുന്ന മൊബൈൽ ലോഞ്ചറുകളിൽ വിക്ഷേപിക്കാവുന്ന മിസൈലുകളാണു ഹിമാർസ്.
ഒറ്റ ലോഞ്ചറിൽ തന്നെ അനേകം മിസൈലുകൾ വഹിക്കാം. 6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റർ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആർമി ടാക്റ്റിക്കൽ മിസൈൽ സംവിധാനത്തെയോ ഇതിനു വഹിക്കാം. ലോഞ്ചറിൽ നിന്നു വിക്ഷേപിക്കുന്ന മിസൈലുകൾക്ക് 75 കിലോമീറ്റർ വരെ റേഞ്ചുണ്ട്.
മിനിറ്റുകൾക്കുള്ളിൽ ഓട്ടമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനമാണ് ഈ മിസൈലുകൾക്ക് വലിയ പ്രഹരശേഷി നൽകുന്നത്. താരതമ്യേന നോക്കുമ്പോൾ റഷ്യൻ ലോഞ്ചറുകൾ മാനുവലായി ലോഡ് ചെയ്യണം. ഇത് യുക്രെയ്‌ന് ചെറുതല്ലാത്ത മേൽക്കൈ ചില മേഖലകളിലെങ്കിലും നൽകി.
ഹിമാർസ് മിസൈലുകൾ തങ്ങൾക്ക് നൽകണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടിരുന്നു.
റഷ്യയുടെ റേഞ്ച് ആർട്ടിലറി പ്രതിരോധസംവിധാനങ്ങളെ ഭേദിച്ച് ലക്ഷ്യങ്ങൾ നേടാൻ ഇതു തങ്ങളെ അനുവദിക്കുമെന്നായിരുന്നു യുക്രെയ്ന്റെ പ്രതീക്ഷ. അതിനുമുൻപ് യുക്രെയ്‌ന്‌റെ കൈയിലുള്ള ഹൊവിറ്റ്‌സർ പീരങ്കികൾക്ക് 40 കിലോമീറ്റർ വരെ മാത്രമായിരുന്നു റേഞ്ച്.
ഹിമാർസിനു ശേഷം യുഎസ് നിർമിതമായ എം270 എന്ന മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റവും യുക്രെയ്‌ന് ലഭിച്ചിരുന്നു. ഹിമാർസിൽ ഉപയോഗിക്കുന്ന അതേ റോക്കറ്റുകൾ തന്നെയാണ് എം270യും ഉപയോഗിക്കുന്നത്. എന്നാൽ ഒരു വ്യത്യാസം. ഹിമാർസിൽ നിന്നു ലോഞ്ച് ചെയ്യുന്നതിനേക്കാൾ ഇരട്ടി റോക്കറ്റുകൾ എം270യിൽ നിന്നു ലോഞ്ച് ചെയ്യാം.