ADVERTISEMENT

ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷം ഹമാസിനെ പൂർണമായും തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തോടെ ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം കാൽലക്ഷത്തോടടുക്കുന്നു. പകർച്ചവ്യാധിയുടെയും പട്ടിണിയുടെയും നടുവിൽ നരകിക്കുകയാണ് ഗാസയിലെ സാധാരണ ജനങ്ങൾ.ദക്ഷിണാഫ്രിക്ക നൽകിയ പരാതിയില്‍ രാജ്യാന്തര നീതിന്യായ കോടതിയിൽ(ഐസിജെ) വംശഹത്യയുടെ ആരോപണങ്ങൾ എങ്ങനെയാവും ഇസ്രയേൽ നേരിടുകയെന്ന ആകംക്ഷയിലാണ് ലോകം. വെടിനിർത്തലിനു നിർദേശം നൽകി ഒരു ഇടക്കാല ഉത്തരവുണ്ടായാൽ ഇസ്രയേലിനു കടുത്ത തിരിച്ചടിയായി മാറും.

 1948 ലെ വംശഹത്യ കൺവെൻഷൻ പ്രകാരമുള്ള ബാധ്യതകൾ പാലിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഡിസംബർ അവസാനം ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന കേസിൽ ലോക കോടതി എന്നറിയപ്പെടുന്ന ഹേഗിലെരാജ്യാന്തര നീതിന്യായ കോടതി(ICJ) രണ്ട് ദിവസത്തെ വാദമാണ് കേൾക്കുക. ഗാസയിലെ മിസൈൽ ആക്രമണവും ബോംബാക്രമണം നിർത്താൻ ഇടപെട്ടേക്കുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ.

ഇസ്രയേലിനെതിരെ വംശഹത്യ ആരോപിച്ചു കേസ് ലോക കോടതിയിലെത്തിച്ചതിനു നന്ദി പറഞ്ഞു പലസ്തീൻ പതാകയുമായി നിരവധിപ്പേർ വെസ്റ്റ്ബാങ്കിലെ മണ്ടേല പ്രതിമയുടെ സമീപത്ത് ഒത്തുചേർന്നു. അതേസമയം ഗാസയിൽ അധിനിവേശം തുടരാനോ അവിടുത്തെ പൗരന്മാരെ കുടിയൊഴിപ്പിക്കാനോ ഇസ്രയേലിനു ഉദ്ദേശ്യമില്ലെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഗാസയിൽ നിന്നും ഇസ്രയേലിലേക്കുണ്ടായ വ്യോമാക്രമണം.(Photo: EYAD BABA / AFP)
ഗാസയിൽ നിന്നും ഇസ്രയേലിലേക്കുണ്ടായ വ്യോമാക്രമണം.(Photo: EYAD BABA / AFP)

ദക്ഷിണാഫ്രിക്കയുടെ നീക്കം ഇങ്ങനെ

∙രാജ്യാന്തര നിയമങ്ങളിലെ വിദഗ്ധരും ഇത്തരം കേസുകളിൽ പരിചയ സമ്പന്നരും ഉൾപ്പെടുന്ന ഒരു നിയമസംഘത്തെ ദക്ഷിണാഫ്രിക്ക രൂപീകരിച്ചു.

∙ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന ആരോപണവുമായി 84 പേജുള്ള ഒരു പരാതിയാണ് നൽകിയത്.

∙ദക്ഷിണാഫ്രിക്കയിലെ ഭരണ കക്ഷിയായ ആഫ്രിക്കൻ നാഷണല്‍ കോൺഗ്രസിനു പലസ്തീനുമായി ദീർഘകാല ബന്ധമുണ്ട്.

ഇസ്രയേൽ പ്രതിരോധിക്കുന്നത്

പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു (Photo by Sebastian Scheiner / POOL / AFP)
പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു (Photo by Sebastian Scheiner / POOL / AFP)

∙വംശഹത്യ അടക്കമുള്ളവ ആരോപിക്കപ്പെടുന്നത് ക്ഷീണമാകുമെന്ന ആശങ്ക ഇസ്രയേലിനുണ്ട്.

∙ ഹോളോകോസ്റ്റ് അതിജീവിച്ച വ്യക്തി ഉൾപ്പെടെയുള്ള ഉന്നത നിയമവിദഗ്ദരെ ഹേഗിലേക്കു(ഐസിജെ ആസ്ഥാനം) അയയ്ക്കാനാണത്രെ ഇസ്രയേൽ തീരുമാനം.

∙ അതേസമയം ഈ കോടതി വ്യവഹാരം ബഹിഷ്കരിക്കുന്നതിനു പകരം മറുപടി നൽകാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്.

എന്താണ് രാജ്യാന്തര നീതിന്യായ കോടതി?

ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയാണ് രാജ്യാന്തര നീതിന്യായ കോടതി . നെതർലാൻഡിലെ ഹേഗ് ആസ്ഥാനമാക്കി, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും നിയമപരമായ കാര്യങ്ങളിൽ ഉപദേശപരമായ അഭിപ്രായങ്ങൾ നൽകുന്നതിനുമായി ഇത് സ്ഥാപിക്കപ്പെട്ടു.

ഇന്റർനാഷണൽ ക്രിമിനൽ കോടതിയിൽ നിന്ന് വ്യത്യസ്തമായി (ഐസിസി), വംശഹത്യ പോലെയുള്ള ഏറ്റവും തീവ്രമായ കുറ്റകൃത്യങ്ങൾക്ക് വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യാൻ ഐസിജെക്ക് കഴിയില്ല, പക്ഷേ ഈ കോടതിയുടെ അഭിപ്രായങ്ങൾ യുഎന്നിനും മറ്റ് രാജ്യാന്തര സ്ഥാപനങ്ങൾക്കും തീരുമാനങ്ങളെടുക്കാൻ വിലമതിക്കേണ്ടിവരും. എന്നിരുന്നാലും വിധികൾ നടപ്പിലാകൽ യുഎൻ കൗൺസിലിലെ സ്ഥിരാംഗങ്ങളുടെ വിറ്റോ അധികാരത്തിനും വിധേയമാണ്.

എന്താണ് വംശഹത്യ

രാജ്യാന്തര നിയമപ്രകാരം, ഒരു ദേശീയ, വംശീയ അല്ലെങ്കിൽ മത വിഭാഗത്തെ മുഴുവനായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഒന്നോ അതിലധികമോ പ്രവൃത്തികൾ ചെയ്യുന്നതിനെയാണ് വംശഹത്യ എന്ന് നിർവചിച്ചിരിക്കുന്നത് .

ആ പ്രവൃത്തികൾ ഇവയാണ്:

∙ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുകയോ കൊല്ലുകയോ ചെയ്യുക∙

∙മൊത്തമായോ ഭാഗികമായോ നാശം വരുത്താൻ കാരണമാകുന്ന ജീവിത സാഹചര്യങ്ങളെ ബോധപൂർവം അടിച്ചേൽപ്പിക്കുന്നു

∙ ജനനം തടയാൻ ഉദ്ദേശിച്ചുള്ള നടപടികൾ അടിച്ചേൽപ്പിക്കുന്നു

∙ഒരു വംശത്തിലുള്ള കുട്ടികളെ നിർബന്ധിച്ച് മറ്റൊരു വംശത്തിലേക്കു മാറ്റുന്നു

English Summary:

What is South Africa’s genocide case against Israel at the ICJ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com