ADVERTISEMENT

‘നിയന്ത്രണം വേണം’– രാഷ്ട്രീയ, ടെക് പ്രമുഖരെല്ലാം ഈ നിയന്ത്രണത്തെപ്പറ്റി പറയുന്നുണ്ട്. നിര്‍മിത ബുദ്ധി മനുഷ്യരുടെയും മുകളിൽ വളരുമോ, നിയന്ത്രണങ്ങൾ ഏറ്റെടുക്കുമോ എന്ന ഭീതി പല രാഷ്ട്രത്തലവൻമാരും പങ്കു വയ്ക്കുന്നുമുണ്ട്. നിയന്ത്രണം എവിടെ വേണമെന്നോ എന്തിനു വേണ്ടിയെന്നോ ഉള്ള ചർച്ചകളൊന്നും നടക്കുന്നുമില്ല.

നിലവിൽ എഐ എന്നത് ഒരു ‍ഡേറ്റബേസ് മാത്രമാണ്. ഭാവിയിൽ ആശയങ്ങളും വികാരങ്ങളും പ്രവചനാത്മക വിശകലനങ്ങളും നടത്തുന്ന രീതിയിലേക്ക് അതു വളരുകയാണെങ്കിൽ ലോകം ആകെ മാറും. ആ ഘട്ടത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നമുക്ക് വിജയകരമായി നിയന്ത്രിക്കാനും സുരക്ഷിതമാക്കാനും കഴിയുമെന്നതിന് ഉറപ്പൊന്നും നൽകാനാവില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

പ്രതിരോധ മേഖലയിലെ എഐ സാധ്യതകൾ

സ്വയംനിയന്ത്രിത ആയുധങ്ങളുടെ വികസനം: ഡ്രോണുകളും ആളില്ലാ വാഹനങ്ങളും പ്രതിരോധ മേഖലയിലെ അവിഭാജ്യ ഘടകങ്ങളാണ്. രഹസ്യാന്വേഷണ ദൗത്യങ്ങൾ മുതൽ ലോജിസ്റ്റിക് പിന്തുണ വരെയുള്ള നിരവധി ജോലികൾ കൈകാര്യം ചെയ്യാനും അപകടകരമായ ചുറ്റുപാടുകളിൽ നാവിഗേറ്റ് ചെയ്യാനും കഴിയും, മനുഷ്യ സൈനികരുടെ അപകടസാധ്യത കുറയ്ക്കുന്നതിനാൽ ഈ മേഖലയെ പരമാവധി വികസിപ്പിക്കാൻ ഏതാണ്ട് എല്ലാ രാജ്യങ്ങളും പരിശ്രമിക്കുന്നു.

ഉദാ: യുഎസിന്റെ റെപ്ലിക്കേറ്റർ പദ്ധതി

∙18-24 മാസത്തിനുള്ളിൽ ആയിരക്കണക്കിന് സ്വയം നിയന്ത്രിത ആയുധങ്ങൾ അണിനിരത്തുക: ഇതിൽ ഡ്രോണുകൾ, ആളില്ലാ വാഹനങ്ങൾ തുടങ്ങി വായു, കര, കടൽ മേഖലകളിലുപയോഗിക്കാവുന്ന ആയുധങ്ങളെല്ലാം ഉൾപ്പെടുന്നു.

∙ചൈനയുടെ സൈനിക സന്നാഹത്തെ ചെറുക്കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പ്രവചനം: ഭീഷണികളോ സുരക്ഷാ വീഴ്ചകളോ പ്രവചിക്കാൻ വിപുലമായ ഡേറ്റ വിശകലന മോഡലുകൾ ഉപയോഗിക്കും. മനുഷ്യ വിശകലന വിദഗ്ധർക്ക് തിരിച്ചറിയാനാവാത്ത പാറ്റേണുകളും ട്രെൻഡുകളും കണ്ടെത്താൻ വലിയ അളവിലുള്ള ഡേറ്റ വിശകലനം ചെയ്യാൻ ഇത്തരം മോഡലുകൾക്കു കഴിയും, അതുവഴി സജീവമായ പ്രതിരോധ തന്ത്രം ഒരുക്കും.

സൈബർ സുരക്ഷ: സൈബർ ഭീഷണികൾക്കെതിരായ പോരാട്ടത്തിൽ എഐയും മെഷീൻ ലേണിങ്ങും നിർണായകമാവുകയാണ്. ഈ സാങ്കേതികവിദ്യകൾക്ക് പരമ്പരാഗത രീതികളെക്കാൾ വേഗത്തിൽ ഭീഷണികളെ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയും. ഓരോ ആക്രമണത്തിൽനിന്നും പഠിക്കാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കഴിയും.

കോംബാറ്റ് സിമുലേഷനുകൾ: പരിശീലന ആവശ്യങ്ങൾക്കായി യഥാർഥ സാഹചര്യത്തിനു സമാനമായ കോംബാറ്റ് സിമുലേഷനുകൾ സൃഷ്ടിക്കുന്നതിനും എഐ ഉപയോഗിക്കുന്നു. ഈ വെർച്വൽ പരിതസ്ഥിതികൾ വൈവിധ്യമാർന്നതും സമഗ്രവുമായ പരിശീലന അനുഭവം സൈനികർക്ക് നൽകുന്നതിലൂടെ മികച്ച സൈനിക നിരയെ രൂപപ്പെടുത്താനാകും.

Representative image Credit: X/Shutthiphong Chandaeng
Representative image Credit: X/Shutthiphong Chandaeng

കമാൻഡിനും കൺട്രോളിനുമുള്ള ഇന്റലിജൻസ് സിസ്റ്റങ്ങൾ : ആധുനിക യുദ്ധത്തിൽ സൃഷ്ടിക്കപ്പെടുന്ന വലിയ ഡേറ്റ വിശകലനം ചെയ്യാൻ സാങ്കേതികവിദ്യകൾക്ക് സഹായിക്കാനാകും. ഇത് കമാൻഡർമാർക്ക് യുദ്ധക്കളത്തിന്റെ സമഗ്രമായ ഒരു തത്സമയ ചിത്രം നൽകാനും തീരുമാനങ്ങൾ എടുക്കാനും തന്ത്രപരമായ ആസൂത്രണത്തിനും സഹായിക്കുന്നു.

ഭീഷണികൾ

മാനുഷിക മര്യാദകളും രാജ്യാന്തര യുദ്ധ, മനുഷ്യാവകാശ നിയമങ്ങളും എഐ യുദ്ധമുറയിൽ തകർക്കപ്പെടാൻ സാധ്യത ഏറെയാണ്. ആദ്യത്തെ പൂർണ തോതിലുള്ള ഡ്രോൺ യുദ്ധം എന്നു വിളിക്കാവുന്ന റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ഇതിന്റെ ഉദാഹരണങ്ങൾ കാണാം.

ഹ്യൂമൻ ഓപ്പറേറ്റർമാർ പരിശോധിച്ച് നിയന്ത്രിക്കുന്ന പരമ്പരാഗത ഡ്രോൺ യുദ്ധത്തിൽനിന്ന് വ്യത്യസ്തമായി, പുതിയ ഡ്രോൺ യുദ്ധങ്ങൾ കൂടുതൽ യാന്ത്രികമായിരിക്കും. എഐ ആയിരിക്കും ആരെയാണു കൊല്ലേണ്ടതെന്നും എന്താണു തകർക്കേണ്ടതെന്നും തീരുമാനിക്കുന്നത്. ഡ്രോൺ ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുമ്പോൾ അബദ്ധത്തിലാണെന്നു പറഞ്ഞു യന്ത്രങ്ങളുടെ മേൽ പഴിചാരും.

ലോക സമാധാനവും ധാർമികതയും രാജ്യ നിയമങ്ങളും അപകടപ്പെടുത്താതെ മനുഷ്യരാശിയുടെ സുരക്ഷാ ആവശ്യങ്ങൾ എഐ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിന് തുറന്ന ചർച്ച, രാജ്യാന്തര സഹകരണം, ഉത്തരവാദിത്തപരമായ വികസനം എന്നിവ പ്രധാനമാണ്.

English Summary:

Revolutionizing Defense: How AI is Reshaping the Future of Military Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com