ADVERTISEMENT

യുക്രെയ്നും റഷ്യയും മിസൈലാക്രമണം കടുപ്പിച്ചിരിക്കുകയാണ്. റഷ്യ  യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് ക്രൂസ് മിസൈലുകൾ തൊടുത്തു. ശബ്ദാതിവേഗ (ഹൈപ്പർസോണിക്) മിസൈലുകൾ ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ജനവാസകേന്ദ്രങ്ങളിൽ നിന്ന് മിസൈൽ ഭാഗങ്ങൾ കണ്ടെടുത്തു. എന്താണ് റഷ്യ തൊടുത്ത ഈ  ഹൈപ്പർസോണിക് മിസൈലുകൾ?, എങ്ങനെയാണ് ഈ മിസൈലുകൾ പ്രതിരോധരംഗത്ത് കൂടുതൽ നിർണായകമാകുന്നതെന്നും നോക്കാം.

ഭാവിയിൽ ബഹിരാകാശ, പ്രതിരോധ, വ്യോമയാന രംഗങ്ങളിൽ വിപ്ലവം സൃഷ്ടിക്കാവുന്ന ഒന്നായിട്ടാണ് ഹൈപ്പർസോണിക് സാങ്കേതിക വിദ്യ കരുതപ്പെടുന്നത്.

വിമാനങ്ങളുടെയും മിസൈലുകളുടെയും മറ്റും വേഗത്തെ നാലായി തിരിച്ചിട്ടുണ്ട്. സബ്സോണിക് (ശബ്ദവേഗത്തിനെക്കാൾ കുറവ്), ട്രാൻസോണിക് (ഏകദേശം ശബ്ദവേഗം), സൂപ്പർസോണിക് (ശബ്ദവേഗത്തിന്റെ 5 മടങ്ങുവരെ) പിന്നെ ഹൈപ്പർ സോണിക് (സൂപ്പർസോണിക്കിനപ്പുറമുള്ള വേഗം). ഉയർന്ന ഹൈപ്പർസോണിക് വേഗം പ്രയാസമാണെങ്കിലും കൈവരിച്ചിട്ടുണ്ട്.

Photo: Iranian Revolutionary Guard/Sepahnews via AP
Photo: Iranian Revolutionary Guard/Sepahnews via AP

നാസ എക്സ് 43, ബോയിങ് എക്സ് 51 വേവ്റൈഡർ തുടങ്ങിയ പ്രശസ്തമായ പരീക്ഷണ വിമാനങ്ങൾ ഈ വേഗം യാഥാർഥ്യമാക്കിയവയാണ്.ഇന്ത്യയുടെ തന്നെ അവതാർ തുടങ്ങിയ ചെറുവിമാന സങ്കൽപവും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്.

 ബാലിസ്റ്റിക് മിസൈലുകളെക്കാൾ വേഗം

ഹൈപ്പർസോണിക് സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഉപയോഗം പ്രതിരോധരംഗത്താണ്. ഹൈപ്പർസോണിക് മിസൈലുകൾ പ്രതിരോധരംഗത്തെത്തിക്കാൻ രാജ്യങ്ങൾ ലക്ഷ്യമിടുന്നു. ബാലിസ്റ്റിക് മിസൈലുകളെക്കാൾ വേഗവും ക്രൂസ് മിസൈലുകളുടെ നിയന്ത്രണക്ഷമതയും ഇവ നൽകും.ആധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കൊന്നും ഇവയെ തകർക്കാൻ സാധിക്കില്ല.സാധാരണ മിസൈലുകളെക്കാൾ റേഞ്ചും കൂടുതലായിരിക്കും.

Representational image, Photo: Alexyz3d/iStock
Representational image, Photo: Alexyz3d/iStock

ഇന്ത്യയുടെ ബ്രഹ്മോസ് 2 (ശബ്ദത്തിന്റെ 7 മടങ്ങ് വേഗം–മാക് 7), യുഎസിന്റെ എച്ച്ടിവി 2 (മാക് 20 ),റഷ്യയുടെ അവൻഗാർഡ് (മാക് 20 ) തുടങ്ങിയവയൊക്കെ വികസിപ്പിച്ചതോ വികസനത്തിലുള്ളതോ ആയ ഹൈപ്പർസോണിക് മിസൈലുകളാണ്. ഇടക്കാലത്ത് ഇറാൻ ഫത്താ എന്നു പേരുള്ള 1400 കിലോമീറ്റർ വരെ റേഞ്ചുള്ള മിസൈൽ അവതരിപ്പിച്ചിരുന്നു. ശബ്ദവേഗത്തിന്‌റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതപ്പെടുന്നു.

പൊതുവെ ഹൈപ്പർസോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്തായിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു. ലോകത്തെ പല പ്രമുഖ എയർ ഡിഫൻസ് സംവിധാനങ്ങളെയും ചെറുക്കാൻ ഫത്തായ്ക്കു കഴിയും. ഇസ്രയേലിന്‌റെ അയൺ ഡോം പോലുള്ള സംവിധാനങ്ങളെയും ഫത്താ നിഷ്പ്രഭമാക്കുമെന്ന് ഇറാൻ അവകാശപ്പെടുന്നു. 

ഹൈപ്പർസോണിക് പറക്കൽ സാധ്യമാക്കുന്നത് സ്ക്രാംജെറ്റ് (സൂപ്പർസോണിക് കംപ്രഷൻ റാംജെറ്റ്) എന്ന എൻജിൻ നൽകുന്ന ഊർജത്തിലാണ്.ഉദാഹരണമായി ഒരു ഹൈപ്പർസോണിക് വിമാനത്തിന്റെ കാര്യം നോക്കാം.ബൂസ്റ്റർ റോക്കറ്റുകളുടെ സഹായത്തോടെ പറന്നുപൊങ്ങുന്ന വിമാനത്തിന്റെ മുൻഭാഗത്തുകൂടി വായു വലിച്ചെടുക്കപ്പെടും.സൂപ്പർസോണിക് വേഗത്തിലെത്തുന്ന വിമാനത്തിന്റെ ഉള്ളിലെ നോസിൽ അറയിൽ വായുമർദം വർധിക്കുമ്പോൾ ഹൈഡ്രജൻ ഇന്ധനം നൽകും. തുടർന്നുണ്ടാകുന്ന കത്തലിൽ വലിയ ഊർജത്തിൽ വാതകങ്ങൾ പിന്നിലേക്കു പോകുകയും വിമാനം ഹൈപ്പർസോണിക് വേഗം കൈവരിക്കുകയും ചെയ്യും. ഇങ്ങനെയാണ് സ്ക്രാംജെറ്റ് പ്രവർത്തിക്കുക.ഡ്യൂവൽ മോഡ് റാംജെറ്റ് എന്ന പരിഷ്കരിച്ച പതിപ്പും വികസിപ്പിച്ചിട്ടുണ്ട്.2022ൽ ഓസ്ട്രേലിയയും ഹൈപ്പർസോണിക് മിസൈൽ വികസിപ്പിക്കാനായി ശ്രമം തുടങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com