ADVERTISEMENT

 ശക്തമായ സൈന്യവും ആയുധങ്ങളും  സൈനിക കേന്ദ്രങ്ങളുമൊക്കെ സ്വന്തമായുള്ള രാജ്യമാണ് യുഎസ്. ഏരിയ 51, പെന്‌റഗൺ തുടങ്ങി യുഎസ് പ്രതിരോധത്തിന്‌റെ പല കരുത്തുറ്റ കേന്ദ്രങ്ങളും ലോകപ്രശസ്തമാണ്. എന്നാൽ വമ്പൻ ഒരു ആണവബോംബ് സ്‌ഫോടനം സംഭവിച്ചാൽ പോലും ചെറുക്കാൻ പാകത്തിന് ഒരു ബങ്കർ കേന്ദ്രം യുഎസിലുണ്ട്, അത്ര അറിയപ്പെടാതെ ഇതു സ്ഥിതി ചെയ്യുന്നു.
ഈ കേന്ദ്രത്തിന്‌റെ പേരാണ് ചെയന്നെ മൗണ്ടൻ കോംപ്ലക്‌സ്(The Cheyenne Mountain Complex ).

യുഎസിലെ കൊളറാഡോയിലുള്ള ചെയന്നെ പർവതത്തിനു സമീപത്തായാണ് ഈ ബങ്കർ കേന്ദ്രം. ആണവ, ജൈവായുധ, വൈദ്യുത കാന്തിക രീതിയിലുള്ള ആക്രമണങ്ങൾ ചെറുക്കാൻ ഇതിനു ശേഷിയുണ്ട്.ഗ്രാനൈറ്റ് പാറയിൽ ഏകദേശം 760 അടി താഴെ സ്ഥിതി ചെയ്യുന്ന ഈ ബങ്കർ യുഎസിന്‌റെ ഏറ്റവും സുരക്ഷിതമായ സേനാ താവളങ്ങളിലൊന്നാണ്.

ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്‌റെ ഭീഷണിക്കെതിരെ വിവിധ പ്രതിരോധ വിന്യാസങ്ങൾ ഉണ്ടാക്കിയതിന്‌റെ ഭാഗമായിട്ടാണ് ചെയന്നെ ബങ്കർ കേന്ദ്രവും നിർമിച്ചത്. അക്കാലത്തെ യുഎസിന്‌റെ ഏറ്റവും കരുത്തുറ്റ ആണവബോംബായ എംകെ-41ന്‌റെ ഉൾപ്പെടെ ആക്രമണം ചെറുക്കാൻ ഇതിനു ശേഷിയുണ്ട്. എന്നാൽ ഇക്കാലത്തെ ഏറ്റവും ശക്തമായ ആണവ ബോംബും 50 മെഗാടൺ ശക്തിയുള്ളതുമായ റഷ്യയുടെ സാർ ബോംബയെ ചെറുക്കാൻ ഈ ബങ്കറിനു കഴിയുമോയെന്നത് സംശയകരമാണ്.

cheyenna mountain., Public domain, via Wikimedia Commons
cheyenna mountain., Public domain, via Wikimedia Commons

യുഎസിൽ എന്തെങ്കിലും ഭീകരാക്രമണങ്ങളോ അതു പോലെയുള്ള എന്തെങ്കിലും പ്രതികൂല സംഭവങ്ങളോ ഉണ്ടാകുമ്പോൾ ഈ ബങ്കർ അടച്ചിടും. യുഎസിൽ അൽക്വെയ്ദ സപ്റ്റംബർ 11 ഭീകരാക്രമണം നടത്തിയ സന്ദർഭത്തിൽ ഇപ്രകാരം ചെയ്തിരുന്നു.
1966 ഏപ്രിൽ 20ന് ആണ് ഈ ബങ്കർ പ്രവർത്തിക്കാൻ തുടങ്ങിയത്. ഏകദേശം 7 ലക്ഷം ടൺ ഗ്രാനൈറ്റ് ഇതിനായി നീക്കം ചെയ്തു.

ലോകാവസാനത്തിനു വരെ കാരണമായേക്കാവുന്ന ദുരന്തങ്ങളെ നേരിടാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഈ ബങ്കറിനെ യുഎസ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ ബങ്കറിനുള്ളിൽ വ്യത്യസ്തമായ  സിവിലിയൻ, മിലിട്ടറി സംവിധാനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. വ്യോമ, ബഹിരാകാശ നിരീക്ഷണ സംവിധാനങ്ങൾ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT