ഇരുട്ടിലും ബുള്ളറ്റ് ചീറിയെത്തും; സൈനികര്‍ക്കുള്ള സ്‌നൈപ്പര്‍ റൈഫിളില്‍ നൈറ്റ് വിഷന്‍!
Mail This Article
സൈനികര്‍ക്കുള്ള സ്‌നൈപ്പര്‍ റൈഫിളില്‍ നൈറ്റ് വിഷന്‍ വ്യാപകമായി ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യം. ഇതിനായി അത്യാധുനിക നൈറ്റ് വിഷന്‍ സാങ്കേതികവിദ്യക്കായി ബെംഗളുരു ആസ്ഥാനമായുള്ള ടോന്‍ബൊ ഇമേജിങുമായി കരാര്‍ ഒപ്പിട്ടു. ഡ്രാഗുനോവ് സ്‌നൈപ്പര്‍ റൈഫിള്‍സിസില്‍(DSRs) നൈറ്റ് വിഷന്‍ വിപുലമാവുന്നതോടെ സൈന്യത്തിന്റെ അതിര്‍ത്തിയിലെ നിരീക്ഷണം അടക്കം കൂടുതല്‍ കാര്യക്ഷമമാവും.
നേരത്തെ റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ സൈനികര്‍ക്ക് നൈറ്റ് വിഷനുള്ള സ്‌നൈപ്പര്‍ റൈഫിളുകള്‍ സൈന്യം നല്‍കിയിരുന്നു. ജമ്മു കശ്മീര്‍ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം തടയാനും 24 മണിക്കൂറും അതിര്‍ത്തിയില്‍ പഴുതടച്ച നിരീക്ഷണത്തിനുമായിട്ടായിരുന്നു ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഗുരെസ്, ബന്ദിപുര മേഖലയിലെ അതിര്‍ത്തിയിലെ സൈനികര്‍ക്കാണ് നൈറ്റ് വിഷനുള്ള സ്‌നൈപ്പര്‍ റൈഫിളുകള്‍ നല്‍കിയിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നൈറ്റ് വിഷനുള്ള സ്‌നൈപ്പര്‍ റൈഫിളുകള്‍ സൈനികര്‍ക്ക് വിതരണം ചെയ്യാന്‍ സൈന്യം തയ്യാറെടുക്കുന്നത്.
അത്യാധുനിക സ്മാര്‍ട്ട് തെര്‍മല്‍ വെപ്പണ്‍ സൈറ്റ്(STWS) സൗകര്യത്തോടു കൂടിയ നൈറ്റ് വിഷനാണ് EK-Gen2. തെര്‍മല്‍ ഇമേജിങ് വെച്ച് മനുഷ്യരുടെ സാന്നിധ്യം ഏത് രാത്രിയിലും വളരെയെളുപ്പം തിരിച്ചറിയാന്‍ ഈ സാങ്കേതികവിദ്യ വഴി സാധിക്കും. പൂര്‍ണമായും ഇരുട്ടുള്ള രാത്രികളില്‍ പോലും നുഴഞ്ഞുകയറ്റക്കാരേയും ശത്രുക്കളേയും സൈന്യത്തിന് എളുപ്പം നിരീക്ഷിക്കാനും ലക്ഷ്യംവെക്കാനും പുതിയ സാങ്കേതികവഴി സാധിക്കും. ഏതൊക്കെ സാങ്കേതികവിദ്യകളാണ് സ്‌നൈപ്പര്‍ റൈഫിളുകളില്‍ ഉണ്ടാവുകയെന്നു നോക്കാം.
ഇന്റഗ്രേറ്റഡ് ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റം: തല്‍സമയ വിവരങ്ങള്‍ കൈമാറി ലക്ഷ്യസ്ഥാനം അതീവ കൃത്യതയോടെ അടയാളപ്പെടുത്താന്‍ സഹായിക്കുന്നു.
ലേസര്‍ റേഞ്ച് ഫൈന്‍ഡര്‍: ലക്ഷ്യവുമായുള്ള ദൂരം കൃത്യമായി അളക്കാന്‍ സാധിക്കുന്നു. സ്‌നൈപ്പര്‍ ഷോട്ടുകളില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്.
മെറ്റിയറോളജിക്കല്‍ സന്‍സറുകള്‍: കാറ്റ്, അന്തരീക്ഷ താപനില തുടങ്ങിയവയെ കൂടി കണക്കിലെടുത്ത് ലക്ഷ്യസ്ഥാനത്തിലേക്കുള്ള കണക്കുകൂട്ടലുകളുടെ കൃത്യത വര്‍ധിപ്പിക്കുന്നു.
ഇന്റഗ്രേറ്റഡ് ബാലിസ്റ്റിക് കമ്പ്യൂട്ടര്‍: പല ഘടങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് ലക്ഷ്യ സ്ഥാനത്തിന്റെ കൃത്യതയെ കണക്കുകൂട്ടി നല്‍കുന്നു. ഇത് സ്‌നൈപ്പര്‍ റൈഫിളുകള്‍ ലക്ഷ്യം ഭേദിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
സ്‌നൈപ്പര്‍ റൈഫിളുകളിലെ പഴയ ഇമേജ് ഇന്റെന്‍സിഫെയര്‍ സൈറ്റുകളെ അപേക്ഷിച്ച് EK-Gen2വിന് കൂടുതല്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളെ കണക്കുകൂട്ടിയെടുക്കാന്‍ സാധിക്കും. ഇത് വളരെ കുറഞ്ഞ വെളിച്ചത്തിലും തീരെ വെളിച്ചമില്ലാത്ത അവസ്ഥയിലും സ്‌നൈപ്പര്‍ റൈഫിളുകളെ ഉപയോഗിച്ച് ലക്ഷ്യം ഭേദിക്കാന്‍ സഹായിക്കും. ഇന്ത്യന്‍ സൈന്യത്തിന്റെ അതിര്‍ത്തിയിലെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്‌നൈപ്പര്‍ റൈഫിളുകളുടെ പുതിയ സാങ്കേതികവിദ്യയുടെ വരവ് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍