ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തിയത് അകിൻസി? തുർക്കിയുടെ ആളില്ലാ വിമാനം: വിഡിയോ
Mail This Article
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ വഹിച്ച ഹെലികോപ്റ്റർ ക്രാഷ് ലാൻഡ് ചെയ്തതായും കത്തിനശിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. പ്രതികൂല കാലാവസ്ഥയാൽ 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായത്. തുർക്കിയുടെ ബെയ്രക്തർ അകിൻസി (bayraktar akinci) തെർമൽ സെൻസിങ് സംവിധാനമുപയോഗിച്ചാണ് സംഭവം നടന്ന സ്ഥലം തന്നെ കണ്ടെത്തിയത്.
തുർക്കിയുടെ ഹൈ ആൾറ്റിറ്റ്യൂഡ് ആളില്ലാ വിമാനമാണ് അകിൻസി. തെർമൽ സെൻസിങ് സംവിധാനമുപയോഗിച്ച് പ്രദേശത്തെ താപവ്യത്യാസമളന്ന് അപകടം സംഭവിച്ച സ്ഥലം അകിൻസി തിരിച്ചറിയുകയായിരുന്നുവെന്നാണ് ഇറാന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അകിൻസി എന്ന സ്ട്രാറ്റജിക് ക്ലാസ് യുഎവി
വ്യത്യസ്തമായ ഫ്യൂസലേജും വിങ് ഡിസൈനും കാരണം വൈവിധ്യമാർന്ന പേലോഡ് വഹിക്കാൻ കഴിയുന്ന സ്ട്രാറ്റജിക് ക്ലാസ് യുഎവിയാണ് അകിൻസി. എയർ ടു എയർ. എയർ ടു ഗ്രൗണ്ട് ആക്രമണങ്ങൾക്കും ഉപയോഗിക്കാനാകും. സിഗ്നൽ പ്രോസസിങ്, സെൻസർ ഫ്യൂഷൻ, റിയൽ ടൈം സിറ്റുവേഷണൽ അവയർനെസ് എന്നിവയ്ക്കായി ഡ്യുവൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജ്ജീകരിച്ചിരിക്കുന്നു.
1,350 കിലോഗ്രാം (2,976 lb) വരെ ആയുധങ്ങളും സെൻസറുകളുമുള്ള പേലോഡ് കപ്പാസിറ്റിയാണ് ഈ യുഎവിക്കുള്ളത്. 400 കിലോഗ്രാം (881 പൗണ്ട്) ആന്തരിക പേലോഡ് ശേഷിയുള്ള ഡ്രോണിൽ എയർ-ടു-എയർ മിസൈലുകൾ വഹിക്കാൻ കഴിയും, 40,000 അടി പരമാവധി ഉയരത്തിൽ 24 മണിക്കൂർ വരെ പറക്കാനുള്ള കഴിവ്. രണ്ട് AI-450T ടർബോപ്രോപ്പ് എൻജിനുകളാൽ പ്രവർത്തിക്കുന്നു പരമാവധി വേഗത 217 mph (350 km/h) ആണ് ഉള്ളത്.
ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കാണാതാവുന്നത്. ഇറാൻ രക്ഷാപ്രവർത്തകരെ സഹായിക്കാൻ കിഴക്കൻ അസർബൈജാൻ തലസ്ഥാനമായ ടാബ്രിസിലേക്ക് പ്രത്യേക ഹെലികോപ്റ്ററുകൾക്കൊപ്പം രണ്ട് നൂതന വിമാനങ്ങളും 50 പേരടങ്ങുന്ന റിലീഫ് ആൻഡ് റെസ്‌ക്യൂ ടീമിനെ റഷ്യ അയച്ചിരുന്നു. തുർക്കിയുടെ പർവതാരോഹക സംഘങ്ങളുൾപ്പെടെയുള്ള ദൗത്യസംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് ദുരന്തസ്ഥലം കണ്ടെത്തിയത്.