എവിടെയും ഓടിയെത്തും, വെള്ളക്കെട്ടിലും അനായാസം; MRZR -D4 ഇനി ഇന്ത്യന്‍ സൈന്യത്തിന് സ്വന്തം
Mail This Article
മികച്ച ഓഫ് റോഡിങ് സൈനിക വാഹനമായ പൊളാരിസ് MRZR -D4 ഇനി ഇന്ത്യന്‍ സൈന്യത്തിന് സ്വന്തം. 250 പൊളാരിസ് MRZR-D4കളുള്ള ഒരു മൊബിലിറ്റി സേനാവ്യൂഹം തന്നെയാണ് സൈന്യത്തിന്റെ യാത്രകള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. പൊളാരിസ് ഇന്‍ഡസ്ട്രീസിന്റെ ഉപവിഭാഗമായ പൊളാരിസ് ഡിഫെന്‍സാണ് MRZR -D4 നിര്‍മ്മിക്കുന്നത്. ആധുനിക സൈനിക ഓപറേഷനുകളിലെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഹാരമാണ് ഈ ഓഫ് റോഡിങ് സൈനിക വാഹനം നല്‍കുന്നത്. ആറ് പേര്‍ക്ക് ഇരുന്നു സഞ്ചരിക്കാവുന്ന ഈ വാഹനം നിരീക്ഷണവും സവിശേഷ ദൗത്യങ്ങളും അടക്കം നിരവധി ഘട്ടങ്ങളില്‍ ഉപയോഗിക്കാനാവും. ഏകദേശം 225 കിഗ്രാം റിയര്‍ ബോക്‌സ് കപ്പാസിറ്റിയുള്ള ഈ വാഹനത്തിന് ചരക്ക് കെട്ടി വലിച്ചു കൊണ്ടുപോവാനും സാധിക്കും.
വാഹനത്തിലെ റോള്‍ ഗേജ് ഒരു ടൂള്‍ പോലുമില്ലാതെ അഴിച്ചെടുക്കാന്‍ സാധിക്കും. ഇതോടെ വാഹനത്തിന്റെ ഉയരം 1.87 മീറ്ററില്‍ നിന്നും 1.52 മീറ്ററായി കുറയുകയും കൂടുതല്‍ അനായാസം പ്രതിബന്ധങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര സാധ്യമാവുകയും ചെയ്യും. 3.55 മീറ്റര്‍ നീളവും 1.51 മീറ്റര്‍ വീതിയും 1.87 ഉയരവുമുള്ള വാഹനമാണിത്.
മുഴുവന്‍ ഇന്ധനവും നിറച്ച ശേഷം വാഹനത്തിന് 952.5 കിഗ്രാമാണ് ഭാരം. 680 കിഗ്രാം വരെ ഭാരം വഹിക്കാനും സാധിക്കും. പിന്നിലെ കാര്‍ഗോ ബോക്‌സില്‍ 226.8 കിഗ്രാം ഭാരമുള്ള വസ്തുക്കള്‍ ഉള്‍ക്കൊള്ളും. ഇതിനെല്ലാം പുറമേ 454കിഗ്രാം വരെ ഭാരം ട്രെയിലറില്‍ വലിച്ചുകെട്ടി കൊണ്ടുപോവാനും ഈ വാഹനത്തിന് സാധിക്കും. പിന്നിലെ കാര്‍ഗോ ബെഡിന് 0.82 മീറ്റര്‍ നീളവും 1.24 മീറ്റര്‍ വീതിയും 0.51 മീറ്റര്‍ ഉയരവുമുണ്ട്. ആദ്യത്തെ രണ്ടു നിര സീറ്റുകള്‍ സ്റ്റിയറിങ്ങിന് അഭിമുഖമാണെങ്കില്‍ ഏറ്റവും പിന്നിലെ സീറ്റുകള്‍ പരസ്പരം അഭിമുഖമായാണ് സജ്ജീകരിച്ചിരിക്കുന്നത്.
55 എച്ച്പി, ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ വാഹനമാണ് MRZR-D4. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ 320 കിമി വരെ സഞ്ചരിക്കാനാവും. 31 സെമിയാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ബ്രേക്ക് ലൈറ്റുകളും ഹെഡ് ലൈറ്റുകളും എല്‍ഇഡിയാണ്. മണിക്കൂറില്‍ എട്ട് കിലോമീറ്റര്‍ വരെ വേഗതയില്‍ 60 സെമി വരെ വെള്ളത്തില്‍ പോകാനും ഈ വാഹനത്തിനാവും. മുന്‍തലമുറ വാഹനത്തെ അപേക്ഷിച്ച് കൂടുതല്‍ കരുത്തും റേഞ്ചുമുള്ള വാഹനമാണിത്. ഇത് വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിലെ സൈനിക ദൗത്യങ്ങളില്‍ പോലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൈന്യത്തെ സഹായിക്കും. ഇന്ത്യന്‍ കരസേനയെ സംബന്ധിച്ച് MRZR -D4ന്റെ വരവ് കൂടുതല്‍ കരുത്താവും.