ബീച്ചിലിറങ്ങി ആക്രമണങ്ങളുമായി ചൈന, ഇനി യുദ്ധമെന്ന് മുന്നറിയിപ്പ്; തയ്‌വാൻ വ്യോമമേഖലയിൽ യുദ്ധവിമാനങ്ങൾ
Mail This Article
തയ്‌വാൻ ചൈനയുടെ നിയന്ത്രണത്തിനപ്പുറത്തു പ്രവർത്തിക്കുന്ന ഒരു രാജ്യമാണ്. ഇതിന്റെ പേരിൽ ധാരാളം ഉരസലുകളുമുണ്ട്. മേയ് 20നു തയ്വാന്റെ പുതിയ പ്രസിഡന്റായി ലായ് ചിങ്‌തേ അധികാരമേറ്റു. പുതിയ പ്രസിഡന്റ് നടത്തിയ സ്വാതന്ത്ര്യാനുകൂല പ്രസംഗം ചൈനയെ പ്രകോപിപ്പിച്ചു.‘തയ്‌വാനു സ്വാതന്ത്ര്യം’ എന്നതിനു യുദ്ധം എന്നാണ് അർഥമെന്നു ചൈന ഇതോടെ മുന്നറിയിപ്പു നൽകി. ദ്വീപായ തയ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണു ചൈനയുടെ നയം. വലിയ സംഘർഷാവസ്ഥയ്ക്കാണ് ചൈനയുടെ ഈ വാദം കാരണമായത്. തെക്കൻ ചൈനാക്കടലിലാകും അടുത്ത യുദ്ധം എന്നുള്ള ആശങ്കയിലേക്കും ഈ പ്രശ്നം പല തവണ മൂർച്ഛിച്ചിട്ടുണ്ട്.
തെക്കൻ ചൈനാക്കടലിലെ ഫുജിയാൻ പ്രവിശ്യയിൽ ബീച്ച് ലാൻഡിങ്, അസോൾട്ട് ഡ്രില്ലുകൾ തുടങ്ങിയവ ചൈന നടത്താറുണ്ട്. ഇത് തയ്‌വാനിൽ വലിയ ആശങ്കയുണ്ടാക്കാറുണ്ട്.പല ഗ്രൂപ്പുകളിലായി ബീച്ചിലിറങ്ങി, ആക്രമണങ്ങൾ നടത്തി അധിനിവേശം പുലർത്തുന്ന രീതിയാണ് ചൈന പരീക്ഷിക്കുന്നത്.പസിഫിക് സമുദ്രത്തിന്‌റെ ഭാഗമായുള്ള തെക്കൻ ചൈനാക്കടൽ ഇന്ന് ലോകത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ശാക്തിക ബലാബലങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.
പാസഞ്ചർ വിമാനങ്ങൾ ഒഴിപ്പിച്ച് അവിടെ സൈനിക വിമാനങ്ങൾ
ചൈനീസ് യുദ്ധവിമാനങ്ങൾ തയ്‌വാന്‌റെ വ്യോമമേഖല ലംഘിച്ചു പറക്കുന്നതും പതിവാണ്. തയ്‌വാനുമായി കടൽ അതിർത്തി പങ്കിടുന്ന ദക്ഷിണമേഖലയിലെ ഷാന്റൂ വിമാനത്താവളത്തിൽ നിന്നു പാസഞ്ചർ വിമാനങ്ങൾ ഒഴിപ്പിച്ച് അവിടെ സൈനിക വിമാനങ്ങൾ ഒരുക്കിയിടുന്ന ചൈനീസ് നടപടിയും ലോകത്തിന്റെ വിമർശനത്തിന് വഴിയൊരുക്കാറുണ്ട്.
രണ്ടാം ലോകയുദ്ധത്തിനു മുൻപ് ജപ്പാന്റെ നിയന്ത്രണത്തിലായിരുന്ന തയ്‌വാൻ ദ്വീപ്, ലോകയുദ്ധത്തിലെ പരാജയത്തിനു ശേഷം ചൈനയ്ക്കു കൈമാറി. എന്നാൽ 1949ൽ ചൈനയിൽ കമ്യൂണിസ്റ്റ് വിപ്ലവം ഭരണപ്രാപ്തിയിലേക്കെത്തുകയും മാവോ സെദുങ് അധികാരം പിടിക്കുകയും ചെയ്തു. ഇതോടെ ചൈനയിലെ ദേശീയവാദികളായ കുമിന്താങ് തയ്‌വാനിലേക്കു പോകുകയും അവിടെ റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിൽ രാജ്യം സ്ഥാപിക്കുകയും ചെയ്തു.
തയ്‌വാനെ അംഗീകരിക്കുന്ന രാജ്യങ്ങളോടും ശത്രുത
തയ്‌വാനെ അംഗീകരിക്കുന്ന രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ശത്രുതാമനോഭാവമാണു ചൈന പുലർത്തിപ്പോരുന്നത്. ചൈനയും തയ്‌വാനുമായുള്ള സൈനിക താരതമ്യം ചൈനയ്ക്ക് ആത്മവിശ്വാസം നൽകുന്നതാണ്. 140 കോടി ജനസംഖ്യയുള്ള ചൈനയും വെറും 2.5 കോടി ജനസംഖ്യയുള്ള തായ്വാനും തമ്മിൽ വലിയ അന്തരമുണ്ട്. ചൈനയുടെ മിലിട്ടറി ബജറ്റ് 25000 കോടി യുഎസ് ഡോളറാണ്. തയ്‌വാനിന്‌റേത് 1500 കോടി യുഎസ് ഡോളർ തികയില്ല.
എന്നാൽ തത്വത്തിൽ ലളിതമെങ്കിലും തയ്‌വാനെ കീഴടക്കൽ എളുപ്പമല്ലെന്നു പ്രതിരോധ ഗവേഷകർ പറയുന്നു. ഇത്തരമൊരു അധിനിവേശം തയ്‌വാൻ പതിറ്റാണ്ടുകളായി പ്രതീക്ഷിക്കുന്നുണ്ട്. അവർ അതിന് ഒരുങ്ങിത്തന്നെയിരിക്കുകയാണ്. സൈനികബജറ്റിന്‌റെയും കരുത്തിന്‌റെയും മാത്രം പ്രകടനമല്ല യുദ്ധത്തിന്‌റെ ഗതി നിശ്ചയിക്കുന്നത്. തയ്‌വാന് 17 ലക്ഷത്തോളം സൈനികബലമുണ്ട്. യുഎസ് വിദഗ്ധരാൽ പരിശീലിപ്പിക്കപ്പെട്ടവരാണ് ഇവർ.
തയ്‌വാന്‌റെ കൈയിൽ നൂറിലധികം എഫ് 16 വിമാനങ്ങളും 1100 യുദ്ധടാങ്കുകളും ബ്രഹ്‌മോസ് ഉൾപ്പെടെ മിസൈലുകളുമുണ്ട്. ചൈനയുടെ ആയുധക്കരുത്തുമായി നോക്കിയാൽ തീരെക്കുറവെന്നു തോന്നാമെങ്കിലും തയ്‌വാന് ഈ യുദ്ധം വൈകാരികമായിരിക്കും. വൈകാരികമായ ഈ വ്യത്യാസം അത്തരമൊരു ആക്രമണമുണ്ടായാൽ നിർണായകമായി മാറുമെന്നും പ്രതിരോധ ഗവേഷകർ പറയുന്നു. യുഎസിനു വിയറ്റ്‌നാമിലും ബ്രിട്ടന് ദക്ഷിണാഫ്രിക്കയിലും, റഷ്യൻ സാമ്രാജ്യത്തിനു റഷ്യയിലും, ഇറ്റലിക്ക് അബീസീനിയയിലുമൊക്കെ ഇത്തരം പരാജയങ്ങൾ സംഭവിച്ചിരുന്നു.