മിറാഷോ അതോ തേജസോ? ഏത് പോര്വിമാനമാകും വ്യോമസേനയുടെ ഭാഗമാകുക!
Mail This Article
ഏതു പോര്‍വിമാനം വാങ്ങണമെന്ന കാര്യത്തില്‍ അല്‍പം ആശയക്കുഴപ്പത്തിലാണ് നമ്മുടെ വ്യോമസേന. ഖത്തറില്‍ നിന്നുള്ള മിറാഷ് 2000-5 പോര്‍വിമാനം വേണോ അതോ തദ്ദേശീയമായി നിര്‍മിച്ച തേജസ് എംകെ1എ പോര്‍വിമാനം വേണോ എന്നതാണ് ചോദ്യം. ദസോള്‍ട്ട് മിറാഷ് 2000-5 പോര്‍വിമാനത്തിന് 66.25 ദശലക്ഷം ഡോളറാണ് വിലയെങ്കില്‍ തേജസ് എംകെ1എ പോര്‍വിമാനത്തിന് 43 ദശലക്ഷം ഡോളറാണ് വില. വിലയുടെ കാര്യത്തില്‍ മാത്രമല്ല മറ്റു വിശദാംശങ്ങള്‍ കൂടി താരതമ്യം ചെയ്തു നോക്കിയാലേ ആശയക്കുഴപ്പത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമാവൂ.
ഒറ്റനോട്ടത്തില്‍ തന്നെ മിറാഷ് 2000-5 പോര്‍വിമാനങ്ങള്‍ക്ക് വില കൂടുതലാണെന്ന് തെളിയും. വില മാത്രമല്ല കാലപ്പഴക്കവും മിറാഷ് വിമാനങ്ങളുടെ കാര്യത്തില്‍ പിന്നോട്ടടിക്കുന്ന കാര്യമാണ്. മറുവശത്ത് തദ്ദേശീയമായി നിര്‍മിച്ച തേജസ് എംകെ1എ പോര്‍വിമാനങ്ങളാണെങ്കില്‍ പുത്തനാണു താനും. ഏകദേശം 40 വര്‍ഷങ്ങളാണ് തേജസ് പോര്‍വിമാനങ്ങളുടെ ആയുസ്. ഖത്തറില്‍ നിന്നുള്ള മിറാഷ് 2000-5 പോര്‍വിമാനങ്ങള്‍ക്കാവട്ടെ 30 ശതമാനം മാത്രം ആയുസേ ബാക്കിയുള്ളൂ. വര്‍ഷങ്ങളിലേക്കു മാറ്റിയാല്‍ ആയുസ് 10 വര്‍ഷം മാത്രമായി ചുരുങ്ങും. ഈ രണ്ടു പോര്‍വിമാനങ്ങളുടേയും സവിശേഷതകള്‍ വിശദമായി നോക്കാം.
മിറാഷ് 2000-5
വേഗതയും വഴക്കവും- വേഗതയുടേയും ആകാശത്തെ വഴക്കത്തിന്റേയും കാര്യത്തില്‍ മിറാഷ് 2000-5 കഴിവു തെളിയിച്ചിട്ടുള്ള പോര്‍വിമാനമാണ്. മാക് 2.2 വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ പോര്‍വിമാനത്തിനാവും. അതിവേഗത്തില്‍ ആകാശത്തു നിന്നുള്ള ഭീഷണികള്‍ക്ക് മറുപടി നല്‍കാന്‍ സുസജ്ജമായ പോര്‍വിമാനമാണിത്.
ഇലക്ട്രോണിക് ഉപകരണങ്ങളും ആയുധങ്ങളും - മള്‍ട്ടി മോഡ് റഡാര്‍ അടക്കമുള്ള ആധുനിക വൈമാനിക ഉപകരണങ്ങള്‍ ഈ പോര്‍വിമാനത്തിലുണ്ട്. വായുവില്‍ നിന്നും വായുവിലേക്കും വായുവില്‍ നിന്നും കരയിലേക്കും പ്രയോഗിക്കാന്‍ സാധിക്കുന്ന ആയുധങ്ങളും ഈ പോര്‍വിമാനത്തിലുണ്ട്.
യുദ്ധശേഷി- മിറാഷ് 2000-5ന്റെ യുദ്ധം ചെയ്യാനുളള ശേഷി ഇതിനകം തന്നെ തെളിഞ്ഞിട്ടുള്ളതാണ്.
തേജസ് എംകെ1എ
ആധുനിക രൂപകല്‍പന- ആധുനിക യുദ്ധ ഉപകരണങ്ങളെയും സംവിധാനങ്ങളേയും കൂടി ഉള്‍ക്കൊള്ളിക്കാന്‍ തക്ക രീതിയിലാണ് തേജസ് എംകെ1എയുടെ രൂപകല്‍പന. 1.8 മാക് ആണ് വേഗത. മിറാഷ് 2000-5നെ അപേക്ഷിച്ച് കുറവെങ്കിലും ശബ്ദത്തിന്റെ 1.8 ഇരട്ടി വേഗതയെന്നത് എന്നത് അത്ര ചെറിയ വേഗതയല്ല.
ആധുനിക ഉപകരണങ്ങള്‍- മള്‍ട്ടി മോഡ് റഡാര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, ബിയോണ്ട് വിഷ്വല്‍ റേഞ്ച് കോംപാക്ട് കേപ്പബിലിറ്റീസ് എന്നിങ്ങനെ ആധുനിക ഉപകരണങ്ങളും ഫീച്ചറുകളും തേജസിലുണ്ട്. ഇസ്രയേലി നിര്‍മിത എല്‍റ്റ ഇഎല്‍/എം-2052 എഇഎസ്എ റഡാറും ഈ പോര്‍വിമാനത്തിന്റെ കരുത്താണ്.
വ്യത്യസ്ത കഴിവ്- വ്യത്യസ്ത ദൗത്യങ്ങള്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ള പോര്‍വിമാനമാണിത്. വ്യോമനിരീക്ഷണം, വ്യോമാക്രമണം, രഹസ്യ ദൗത്യങ്ങള്‍ എന്നിങ്ങനെ നീളുന്നു തേജസിന്റെ സവിശേഷതകള്‍. വ്യത്യസ്തങ്ങളായ കഴിവുകളുണ്ടെന്നതും തേജസ് പോര്‍വിമാനത്തിന്റെ ഗുണങ്ങളാണ്.
യുദ്ധമേഖലകളില്‍ കഴിവുതെളിയിച്ചിട്ടുണ്ടെന്നത് മിറാഷിന് ഗുണമാണ്. എങ്കിലും തേജസിന്റേയും മിറാഷിന്റേയും കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമ്പോള്‍ ഇന്ത്യന്‍ വ്യോമസേന ആയുസ് എന്ന നിര്‍ണായക ഘടകം ഗൗരവമായി കണക്കിലെടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മിറാഷിനെ അപേക്ഷിച്ച് തേജസ് എംകെ1എക്ക് മുന്‍തൂക്കം ലഭിക്കും. പത്തു വര്‍ഷം മാത്രം ആയുസുള്ള മിറാഷിനെ സ്വീകരിച്ചാല്‍ ദീര്‍ഘകാല ബാധ്യതയാവാനുള്ള സാധ്യതയും തള്ളാനാവില്ല. തദ്ദേശീയമായി നിര്‍മിച്ച തേജസ് പോര്‍വിമാനങ്ങള്‍ക്ക് അറ്റകുറ്റ പണികളുടെചിലവു കുറവാണെന്നതും തേജസിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.