ADVERTISEMENT

അമേരിക്കയുടെ നെഞ്ചിടിപ്പു കൂട്ടുന്ന പല ആയുധങ്ങളും സോവിയറ്റ് യൂണിയന്റെ ആവനാഴിയിലുണ്ടായിരുന്നു. ഇത്തരത്തില്‍ അമേരിക്കയേയും സിഐഎയേയും പേടിപ്പിച്ച അസാധാരണ സവിശേഷതകളുള്ള വിമാനമാണ് 'കാസ്പിയന്‍ കടലിലെ ഭീകരന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലണ്‍ ക്ലാസ് എക്‌റാനോപ്ലാന്‍. ബോയിങ് 747 വിമാനത്തേക്കാള്‍ വലിയ ഈ വിമാനം ഇന്ന് തെക്കന്‍ റഷ്യയിലെ തീര നഗരമായ ഡെര്‍ബന്റിന്റെ തീരത്ത് അന്ത്യ വിശ്രമത്തിലാണ്.

ശീതയുദ്ധത്തിന്റെ അവസാന കാലത്തില്‍ 1975ലാണ് എക്‌റാനോപ്ലാന്‍ സോവിയറ്റ് യൂണിയന്‍ നിര്‍മിക്കുന്നത്. 12 വര്‍ഷം അവര്‍ ഈ വിമാനം ഉപയോഗിക്കുകയും ചെയ്തു. ഈ കാലമെല്ലാം സിഐഎയുടെ നട്ടെല്ലിലൂടെ ഒരു തണുപ്പു പ്രവഹിപ്പിക്കാന്‍ ശേഷിയുണ്ടായിരുന്നു ഈ സോവിയറ്റ് വിമാനത്തിന്. ഇന്നു വരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സവിശേഷമായ വിമാനങ്ങളിലൊന്നാണിത്.

63 അടി നീളവും 283 ടണ്‍ ഭാരവുമുള്ള വിമാനമാണിത്. വലിയ ചിറകുകളിലെ എട്ട് ജെറ്റ് എന്‍ജിനുകളുടെ സഹായത്തില്‍ കടലിന് തൊട്ടു മുകളിലൂടെ പറക്കാന്‍ എക്‌റാനോപ്ലാന് സാധിക്കും. സമുദ്ര നിരപ്പില്‍ നിന്നും വെറും 13 അടി മാത്രം ഉയരത്തില്‍ 200-250 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയില്‍ പറക്കുന്ന ഈ വിമാനം റഡാറില്‍ പോലും പതിയില്ലായിരുന്നു. സോവിയറ്റ് യൂണിയന്റെ വിങ് ഇന്‍ ഗ്രൗണ്ട് എഫക്ട്(WIG) പ്രോഗ്രാം വഴിയാണ് എക്‌റാനോപ്ലാന്‍ നിര്‍മിച്ചത്.  

സൂപ്പര്‍സോണിക് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനം കൂടിയായിരുന്നു ഇത്. ഇത്തരത്തിലൊരു വിമാനം അതുവരെ നിര്‍മിച്ചിട്ടില്ലായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അമേരിക്കന്‍ ചാര ഏജന്‍സി സിഐഎയുടെ സവിശേഷ ശ്രദ്ധ ഈ വിമാനത്തിന്റെ കാര്യത്തിലുണ്ടായിരുന്നു. അക്കാലത്ത് ഈ വിമാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചികഞ്ഞെടുക്കുന്നതില്‍ സിഐഎ വിജയിക്കുകയും ചെയ്തതാണ്.

സിഐഎ രേഖകള്‍ പ്രകാരം ഈ എക്‌റാനോപ്ലാന് ആറ് എസ്എസ്-എന്‍-22 കപ്പല്‍ വേധ സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ വഹിക്കാന്‍ സാധിക്കും. 35 കിമി അകലത്തിലൂടെ പറന്നാലും ഈ വിമാനത്തെ ശത്രുക്കളുടെ കപ്പലുകള്‍ക്ക് കണ്ടെത്താനാവില്ല. അതേസമയം 100 കിമി അകലത്തിലുള്ള കപ്പല്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ഈ എക്‌റാനോപ്ലാന്‍ സാധിക്കും. അമേരിക്കന്‍ ബോയിങ് 747 ജെറ്റ് വിമാനത്തേക്കാള്‍ വലിപ്പമുള്ള വിമാനമാണിത്.

1990കളുടെ അവസാനത്തില്‍ വിരമിച്ച എക്‌റാനോപ്ലാന്‍ കാസ്പിസ്‌ക് നാവിക താവളത്തിലായിരുന്നു സൂക്ഷിച്ചിരുന്നു. 2020ലാണ് പിന്നീട് എക്‌റാനോപ്ലാന്‍ വാര്‍ത്തകളിലെത്തുന്നത്. 'ലോകത്തിലെ ഏറ്റവും വലിയ തടാക'മെന്ന് വിശേഷിപ്പിക്കുന്ന കാസ്പിയന്‍ കടലിലൂടെ 14 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഡെര്‍ബെന്റ് നാവിക താവളത്തില്‍ എത്തിക്കുകയും ചെയ്തു. ഇവിടെ ഈ അപൂര്‍വ സമുദ്ര വിമാനത്തെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com