ചൈനീസ് ഡ്രാഗണെതിരെ തയ്‌വാന്റെ മുള്ളൻപന്നി! 3 ഘട്ട പ്രതിരോധ നയം
Mail This Article
തെക്കൻ ചൈനാക്കടലിൽ പ്രക്ഷുബ്ധത തുടരുകയാണ് . ചൈന തയ്‌വാനെ ആക്രമിക്കുമോയെന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിലുണ്ട്. തെക്കൻ ചൈനാക്കടൽ മേഖലയിൽ ആശങ്കയുടെ തിരമാലകൾ ഉയർന്നു പറക്കുകയാണ്. കൃത്യമായ ഇടവേളകളിൽ ചൈനീസ് യുദ്ധവിമാനങ്ങൾ തയ്‌വാന്റെ വ്യോമാതിർത്തി ലംഘിച്ചു പ്രകോപനം സൃഷ്ടിക്കുന്നു.
കഴിഞ്ഞ ദിവസവും 17 ചൈനീസ് യുദ്ധവിമാനങ്ങളും 11 നാവിക യാനങ്ങളും കണ്ടെന്ന് തയ്‌വാൻ വെളിപ്പെടുത്തുകയുണ്ടായി.തയ്‌വാൻ തങ്ങളുടേതാണെന്നും പിടിച്ചടക്കിയാൽ മാത്രമേ രാഷ്ട്രത്തിനു സമഗ്രത കൈവരുകയുള്ളുവെന്നും പ്രസിഡന്റ് ഷി ചിൻപിങ് ഉൾപ്പെടെ ചൈനയുടെ ഉന്നത ഭരണനേതാക്കൾ നിരന്തരം പ്രസ്താവനകളിറക്കിയിട്ടുണ്ട്.
തയ്‌വാനെ ആക്രമിക്കേണ്ടതെങ്ങനെയെന്നും അതിന് എന്തെല്ലാം സന്നാഹങ്ങൾ വേണ്ടിവരുമെന്നതുമുൾപ്പെടെ ശബ്ദരേഖകളും മറ്റും രണ്ടു വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു. രാഷ്ട്രരൂപീകരണത്തിനു ശേഷം ഏഴുപതിറ്റാണ്ടിലേറെയായി ചൈനീസ് അധിനിവേശം എന്ന ഭീഷണി തയ്‌വാൻ ശിരസ്സിൽ വഹിക്കുന്നുണ്ട്. എന്നാൽ ഇതു സംഭവിക്കുകയില്ലെന്നായിരുന്നു തയ്‌വാൻ ജനതയിൽ ഭൂരിഭാഗത്തിന്റെയും വിശ്വാസം. പക്ഷേ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഈ വിശ്വാസത്തിന് അത്ര ബലമില്ല.
ചൈനയെ നേരിടാനായി വിവിധ പ്രതിരോധ സന്നാഹങ്ങൾ തയ്വാൻ ഒരുക്കിയിരുന്നു. ഇതിൽ വളരെ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമാണ് പോർക്യുപ്പൈൻ അഥവാ മുള്ളൻപന്നി പ്രതിരോധ സംവിധാനം. 2017ലാണ് ഈ പ്രതിരോധ നയം തയ്‌വാൻ സൈന്യത്തിന്റെ അധിപനായ ലീ സി–മിങ് മുന്നോട്ടുവച്ചത്.അസിമട്രിക് വാർഫെയറിനെ അടിസ്ഥാനപ്പെടുത്തിയാണ് പോർക്യുപൈൻ സ്ട്രാറ്റജി. ഉയർന്ന ചെലവിൽ ടാങ്കുകൾ, യുദ്ധവിമാനങ്ങൾ മറ്റു വമ്പൻ യുദ്ധോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനു പകരം ജാവലിൻ, സ്റ്റിങ്ങർ തുടങ്ങിയ ആക്രമണ മൂർച്ചയേറിയ മിസൈലുകളും മികവുറ്റ പോർട്ടബിൾ വ്യോമ വേധ, കപ്പൽ വേധ, ടാങ്ക് വേധ ആയുധങ്ങളും സ്വന്തമാക്കുകയാണ് ഈ സ്ട്രാറ്റജിയിലെ പ്രധാന ഘട്ടം.
യുക്രെയ്ൻ റഷ്യയ്ക്കെതിരായുള്ള പ്രതിരോധത്തിൽ വലിയ തോതിൽ സ്റ്റിങ്ങർ മിസൈലുകൾ ഉപയോഗിച്ചിരുന്നു. യുദ്ധത്തിൽ പൊടുന്നനെയുള്ള വിജയം നേടാൻ ഈ പ്രതിരോധനയം സഹായകരമാകില്ല. എന്നാൽ യുദ്ധത്തിന്റെ തീവ്രതയും തോതും കുറയ്ക്കാനും അധിനിവേശത്തിനു മുതിരുന്ന രാജ്യത്തിനു മുകളിൽ വലിയ സമ്മർദ്ദമേറ്റാനും ഇതുമൂലം സാധിക്കും.
മൂന്നു തലങ്ങളായാണ് പോർക്യുപൈൻ പ്രതിരോധ സംവിധാനം. ഏറ്റവും പുറത്തുള്ള തലത്തിൽ ഇന്റലിജൻസ് നിരീക്ഷണം, വിവരശേഖരണം എന്നിവയാണ് നടക്കുന്നത്. ശത്രുസൈന്യത്തിന്റെ ശക്തി, എണ്ണം, ആയുധശേഷി എന്നിവയെക്കുറിച്ചൊക്കെ ഈ തലത്തിൽ നിന്നു വിവരങ്ങൾ ലഭിക്കും. അകത്തുള്ള രണ്ടാമത്തെ തലം വ്യോമാക്രമണങ്ങൾ വഴി ചൈനയെ നേരിടാൻ ഉദ്ദേശിച്ചുള്ളതാണ്.
ചൈനീസ് യുദ്ധവിമാനങ്ങളും മറ്റും വരുമ്പോൾ നേരിടാനുള്ള മിസൈലുകളും ആയുധങ്ങളും ഉൾപ്പെട്ടതാണിത്. ഏറ്റവും ഉള്ളിലുള്ള തലം, തയ്‌വാൻ ദ്വീപ്, അതിന്റെ ഭൗമഘടന, സേനാവിന്യാസങ്ങൾ, ജനസംഖ്യ എന്നിവയെ ഉപയോഗിച്ചുള്ള അവസാനഘട്ട പ്രതിരോധമാണ്.എന്നാൽ ഈ പ്രതിരോധവുമായി മുന്നോട്ടുപോയാൽ തയ്‌വാൻ– ചൈന യുദ്ധം നീണ്ടുപോകുമെന്നും വ്യാപകമായ നാശനഷ്ടങ്ങളും തയ്‌വാനിൽ സംഭവിച്ചേക്കുമെന്നും ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.