ADVERTISEMENT

കഴിഞ്ഞ മെയ് മൂന്നിന് എഫ്ഡബ്ല്യുഡി-200ബി എന്ന ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ ബോംബര്‍ യുഎവി(അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ്) എയര്‍ക്രാഫ്റ്റ് അവതരിപ്പിച്ചപ്പോള്‍ നിരവധി പേരാണ് നെറ്റിചുളിച്ചത്. എഫ്ഡബ്ല്യുഡി-200ബിയുടെ അസാധാരണമാംവിധം തടിച്ച രൂപവും ചെറിയ ലാന്‍ഡിങ് ഗിയറുകളുമായിരുന്നു ചോദ്യങ്ങളുടെ പ്രചോദനം. ഇപ്പോഴിതാ എഫ്ഡബ്ല്യുഡി-200ബി വിജയകരമായി ലോ സ്പീഡ് ടാക്‌സി ട്രയലും ഹൈ സ്പീഡ് ടാക്‌സി ട്രയലും പൂര്‍ത്തിയാക്കിയിരിക്കുന്നു. വൈകാതെ ആകാശത്തിലൂടെ പറന്നുകൊണ്ടുള്ള പരീക്ഷണം കൂടി പൂര്‍ത്തിയാക്കിയാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് എഫ്ഡബ്ല്യുഡി-200ബിക്ക് തെളിയിക്കാനാവും. 

Image Credit: Anelo/Shutterstock
Image Credit: Anelo/Shutterstock

ഫ്‌ളെയിങ് വെഡ്ജ് ഡിഫെന്‍സ് ആന്റ് എയറോസ്‌പേസ് എന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പാണ് തദ്ദേശീയമായി സൈനിക വിഭാഗത്തില്‍ പെടുന്ന ബോംബര്‍ യുഎവിയായ എഫ്ഡബ്ല്യുഡി-200ബി നിര്‍മിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ചിത്രദുര്‍ഗയിലെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വെച്ചായിരുന്നു എഫ്ഡബ്ല്യുഡി-200ബി ട്രാക്കില്‍ ഓടിച്ചുകൊണ്ട് പരീക്ഷണം നടത്തിയത്. ഫ്‌ളെയിങ് ടെസ്റ്റ് കൂടി വിജയിച്ചാല്‍ പ്രതിരോധ വിപണിയില്‍ ഇന്ത്യന്‍ നിര്‍മിത എഫ്ഡബ്ല്യുഡി-200ബിയുടെ മൂല്യം കുതിച്ചുയരും. 

മെയ് മാസത്തിലെ കാര്‍ഡ്‌ബോര്‍ഡ് മോഡലില്‍ നിന്നും ട്രാക്കില്‍ ഓടിക്കാവുന്ന യുഎവിയിലേക്ക് എഫ്ഡബ്ല്യുഡി-200ബിയെ വികസിപ്പിച്ചെടുക്കുന്നതില്‍ ഫ്‌ളെയിങ് വെഡ്ജ് ഡിഫെന്‍സ് വിജയിച്ചിട്ടുണ്ട്. ആകാശത്തേക്കു പറന്നുയരുന്നതിന് മുമ്പുള്ള റണ്‍വേ ടെസ്റ്റ് വിജയമായത് ഫ്‌ളെയിങ് വെഡ്ജ് ഡിഫെന്‍സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. തദ്ദേശീയമായി യുഎവികള്‍ നിര്‍മിക്കാനായാല്‍ വലിയ തോതില്‍ ചിലവു കുറക്കാന്‍ ഇന്ത്യന്‍ പ്രതിരോധമേഖലക്ക് സാധിക്കും. 

predator-drone

അമേരിക്കന്‍ നിര്‍മിത പ്രഡേറ്റര്‍ യുഎവികള്‍ക്ക്  250 കോടി രൂപയോളം വില വരുമെങ്കില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന എഫ്ഡബ്ല്യുഡി-200ബിക്ക് 25 കോടി രൂപ മാത്രമാണ് വില വരിക. സ്വയം പര്യാപ്തത മാത്രമല്ല ഉയര്‍ന്ന മൂല്യത്തിലും കുറഞ്ഞ വിലയിലും പ്രതിരോധ സാങ്കേതികവിദ്യകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്ന് ഫ്‌ളെയിങ് വെഡ്ജ് ഡിഫെന്‍സ് ആന്റ് എയറോസ്‌പേസ് സ്ഥാപകന്‍ സുഹാസ് തേജസ്‌കന്ദ പറഞ്ഞിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിയില്‍ 1.5 ഏക്കറില്‍ 12,000 ചതുരശ്ര അടിയിലുള്ള നിര്‍മാണ കേന്ദ്രത്തിലാണ് എഫ്ഡബ്ല്യുഡി-200ബി നിര്‍മിച്ചത്. 

100 കിലോഗ്രാം പേ ലോഡ് ശേഷിയുള്ള എഫ്ഡബ്ല്യുഡി-200ബി MALE അണ്‍മാന്‍ഡ് കോംപാക്ട് ഏരിയല്‍ വെഹിക്കിള്‍(മീഡിയം ഓള്‍ട്ടിറ്റിയൂഡ്, ലോങ് എന്‍ഡ്യുറന്‍സ്) വിഭാഗത്തില്‍ പെടുന്നതാണ്. വ്യോമ നിരീക്ഷണത്തിനു പുറമേ മിസൈലുകള്‍ പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള വ്യോമാക്രമണത്തിനും ഇത് ഉപയോഗിക്കാനാവും. പരമാവധി വേഗത മണിക്കൂറില്‍ 370 കീമി. 12-20 മണിക്കൂര്‍ നിര്‍ത്താതെ പറക്കാനാവുന്ന എഫ്ഡബ്ല്യുഡി-200ബിയെ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്നും 200 കീമി ദൂരം വരെ നിയന്ത്രിക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com